Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ് സംഘം സൗദിയിലെത്തി

team-01 ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ് വിമാനത്തിലെത്തിയ 340 അംഗ തീർഥാടക സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചപ്പോൾ.

റിയാദ്∙ ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ് തീർഥാടക സംഘത്തെ വഹിച്ചുള്ള വിമാനം സൗദി അറേബ്യയിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള 340 പേരടങ്ങുന്ന സംഘത്തിന് സൗദിയിലുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങും ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ മദീനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. എയർ ഇന്ത്യ വിമാനത്തിലാണ് തീർഥാടകരെത്തിയത്. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് സംഘം ഈ മാസം 22ന് ജിദ്ദയില്‍ എത്തും. അതേസമയം, ഏഴ് വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്ന് മദീനയില്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 1,35,000 തീര്‍ഥാടകര്‍ ആണ് ഇപ്രാവശ്യം ഹജ് നിര്‍വഹിക്കുക.

team

ഇതില്‍ ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴി ഹജ് നിര്‍വഹിക്കുന്ന ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ക്കായി എയര്‍ ഇന്ത്യ, സൗദിയ, നാസ് എയര്‍, സ്പൈസ് ജെറ്റ് എന്നിവ 354 സര്‍വീസുകള്‍ നടത്തും. ഇതില്‍ 188 എണ്ണം മദീനയിലെക്കും ബാക്കിയുള്ളവ ജിദ്ദയിലേക്കുമാണ്. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 17 ന് ആരംഭിക്കും. സെപ്റ്റംബര്‍ അഞ്ച് വരെയാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹജ് വിമാന സര്‍വീസ് സെപ്റ്റംബര്‍ അഞ്ച് വരെയാണ്. നെടുമ്പാ‌‌‌ശ്ശേരിയില്‍ നിന്നു സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് 24 സര്‍വീസുകള്‍ നടത്തും. കേരളത്തില്‍ നിന്നുള്ള ഹജ് വിമാനങ്ങള്‍ ജിദ്ദയിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഈ തീര്‍ഥാടകര്‍ ഹജ് കഴിഞ്ഞ് തിരിച്ചു പോകുന്നത് മദീനയില്‍ നിന്നായിരിക്കും.

വാർത്ത∙ റസാഖ് പാറക്കൽ

Your Rating: