Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹറമിലെ നവീകരണം പൂർത്തിയായ ഭാഗങ്ങളെല്ലാം തുറന്നു

മക്ക∙ ഹറം പള്ളിയുടെ നവീകരണം പൂർത്തിയായ മുഴുവൻ ഭാഗങ്ങളും തുറന്നു. കിങ് അബ്ദുല്ല വികസന പദ്ധതി പ്രകാരം പൂർത്തിയാക്കിയ മതാഫിൽ മണിക്കൂറിൽ 1. 07 ലക്ഷം പേർക്ക് ഒരേസമയം പ്രദക്ഷിണത്തിനു സൗകര്യമുണ്ട്. കുളിക്കാനും അംഗസ്നാനം ചെയ്യുന്നതിനും 16,300 കുളിമുറികളും വുളുഅ് ഖാനകളും ഹറം പള്ളിക്കകത്തും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്.

എല്ലായിടത്തും തീർഥജല വിതരണ സൗകര്യവും ഏർപ്പെടുത്തി. ഹറം പള്ളിയുടെ പ്രധാന കവാടങ്ങളായ കിങ് അബ്ദുൽ അസീസ്, അൽഫത്‌ഹ്, അജ്‌യാദ്, അൽഉംറ, ഇസ്മായിൽ തുടങ്ങിയവയെല്ലാം തുറന്നു. തീർഥാടകർക്ക് എളുപ്പത്തിൽ കടന്നുവരാൻ വടക്കേ മുറ്റത്ത് നിർമിച്ച പള്ളിയുടെ മൂന്നു നിലകളും ജർവൽ ഭാഗത്തേക്കുള്ള ഭൂഗർഭ നടപ്പാതകളും തുറന്നവയിൽപ്പെടും. പുണ്യസ്ഥലങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലെ നടപ്പാതകളിൽ തണൽക്കുടകൾ സ്ഥാപിച്ചു. ജംറയിൽ സംരക്ഷണ വേലിയുടെ നിർമാണവും പൂർത്തിയായി. തീപിടിക്കാത്ത പിവിസി പ്ലാസ്റ്റിക് കൊണ്ടാണ് ജംറ പാലങ്ങളിലെ സംരക്ഷണ വേലി നിർമിച്ചിരിക്കുന്നത്.
 

Your Rating: