Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ദുരിതത്തിലായ പതിനായിരത്തോളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

tweet ജിദ്ദയിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് എംബസി ഭക്ഷണമെത്തിക്കുന്നതിന്റെ ചിത്രം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ പങ്കുവച്ചത്

ന്യൂഡൽഹി / റിയാദ് ∙ ശമ്പളം ലഭിക്കാത്തതിനെ തുടർന്നു പതിനായിരത്തോളം ഇന്ത്യക്കാർ സൗദി അറേബ്യയിൽ ദുരിതത്തിലാണെന്നും അവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സൗദി തൊഴിൽ മന്ത്രാലയവുമായി ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉടൻ ചർച്ചചെയ്യും. ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഈ ആഴ്ചതന്നെ റിയാദിലേക്കു പോകുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. അതിനിടെ, പട്ടിണിയിലായ തൊഴിലാളികൾക്കു ഭക്ഷണമെത്തിക്കുന്ന നടപടി ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും തുടരുകയാണ്. കഴിഞ്ഞ ദിവസം ദുരിതമറിയിച്ചു തൊഴിലാളികളിൽ ഒരാൾ ട്വീറ്റ് ചെയ്തതിനെ തുടർന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടു മണിക്കൂറുകൾക്കകം ഭക്ഷണം എത്തിക്കുകയായിരുന്നു.

ഷുമൈസി, സിസ്റ്റൻ, സോജക്സ്, ഹൈവേ, തായിഫ് എന്നിങ്ങനെ അഞ്ചു തൊഴിലാളി ക്യാംപുകളിലും ആവശ്യത്തിനു ഭക്ഷണം എത്തിച്ചതായും തൊഴിൽ നഷ്ടപ്പെട്ടു സൗദിയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഗൾഫ് രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ പറഞ്ഞു. ജിദ്ദയിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികളിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും അറിയിപ്പു ലഭിച്ചാൽ സഹായിക്കാൻ നടപടികളെടുക്കുമെന്നും നോർക്ക സിഇഒ വി.ഭൂഷൺ അറിയിച്ചു.

Your Rating: