Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി മലയാളികൾ സർക്കാരിന്റെ സാമ്പത്തിക സഹായം തേടി

തിരുവനന്തപുരം∙ കേരള സർക്കാരിൽ നിന്നു സാമ്പത്തികസഹായം തേടി സൗദി അറേബ്യയിലെ ഓജർ കമ്പനിയിലെ 414 തൊഴിലാളികൾ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനമയച്ചു.

കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ ഭക്ഷണത്തിനും ചികിൽസയ്ക്കും സൗകര്യങ്ങളായെങ്കിലും എട്ടുമാസത്തോളമായി ശമ്പളമില്ലാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണെന്നും സർക്കാർ സഹായിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂ എന്നും തൊഴിലാളികൾ നിവേദനത്തിൽ പറഞ്ഞു. സൗദി ഓജർ കമ്പനിയിലെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് അതതു സർക്കാരുകൾ സാമ്പത്തികമായി സഹായം നൽകുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ ഇടപെടൽ ചെറിയ ആശ്വാസം പകരുന്നുണ്ടെങ്കിലും ശമ്പള കുടിശികയെക്കുറിച്ചോ ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെ തീരുമാനങ്ങളായിട്ടില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ ഇക്കാര്യത്തിൽ തീരുമാനമാകാൻ ഏറെ സമയമെടുക്കുമെന്നാണ് അറിയുന്നത്. തങ്ങളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ പരിതാപകരമാണ്. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ നിന്നു സഹായിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

തൊഴിൽ നഷ്ടപ്പെട്ടു ക്യാംപുകളിൽ കഴിയുന്ന തൊഴിലാളികളുടെ പൂർണവിവരങ്ങളും മുഖ്യമന്ത്രിക്കു സമർപ്പിച്ചിട്ടുണ്ട്. തൊഴിലാളികൾക്കു വേണ്ടി ഷഹീർ പി.ഇസ്മായിൽ, പി.പി.ഷബീർ, ബഷീർ ആലപ്പി എന്നിവരാണു നിവേദനം തയാറാക്കി അയച്ചത്.

Your Rating: