Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ നിന്ന് മൂന്നു മലയാളികൾ കൂടി നാട്ടിൽ

muhammed-shabeer-shijo സൗദിയിൽ നിന്നു മടങ്ങിയെത്തിയ മുഹമ്മദ്, ഷബീർ, ഷിജോ എന്നിവർ.

നെടുമ്പാശേരി ∙ സൗദിയിൽ പ്രതിസന്ധിയിലായ ഓജർ കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂന്നു മലയാളികൾ നാട്ടിൽ മടങ്ങിയെത്തി. പയ്യന്നൂർ കണങ്കൊമ്പിൽ ഷിജോ മാത്യു, കോഴിക്കോട് ചക്കുംകടവ് കുനിയിൽ പി.പി.ഷബീർ, മലപ്പുറം മേലാറ്റൂർ കാരക്കുഴിയിൽ മുഹമ്മദ് എന്നിവരാണ് ഇന്നലെ രാവിലെ സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയത്. ഏഴു മാസമായി ഇവർക്ക് ശമ്പളമില്ലായിരുന്നു. ക്യാംപിൽ കേറ്ററിങ് നടത്തിയിരുന്ന ഏജൻസിക്ക് പണം നൽകാതായതോടെ ജൂലൈ 25 മുതൽ ഭക്ഷണവുമില്ലാതെയായി.

ഒരാഴ്ചയ്ക്കു ശേഷം സൗദി സർക്കാർ ഇടപെട്ടാണു ക്യാംപിൽ രണ്ടു നേരം ക്യാംപിൽ എത്തിച്ചു തുടങ്ങിയത്. കർണാടക അസോഷ്യേറ്റ്സ് എന്ന സംഘടന ഇടപെട്ട് ക്യാംപിൽ അരിയും മറ്റും എത്തിച്ചത് തുണയായി. ശുചീകരണം നടക്കാതായതോടെ ക്യാംപിൽ മാലിന്യക്കൂമ്പാരമായതായി ഷബീർ പറഞ്ഞു. മറ്റു കമ്പനികളിലേക്കു മാറാൻ പിന്നീട് അവസരമുണ്ടെങ്കിലും വളരെ കുറഞ്ഞ ശമ്പളമാണ് എല്ലാവരും വാഗ്ദാനം ചെയ്യുന്നതെന്ന് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജീവനക്കാരനായിരുന്ന ഷബീർ ചൂണ്ടിക്കാട്ടി.

ഒൻപതു വർഷമായി ഓജർ കമ്പനിയിലെ ഹൗസിങ് ഫോർമാനായിരുന്നു മുഹമ്മദ്. ഇരുപതിനായിരത്തോളം പേർ ജോലിയെടുത്തിരുന്ന മക്ക–മദീന റെയിൽ പദ്ധതി എണ്ണവില ക്രമാതീതമായി താഴ്ന്നതിനെത്തുടർന്ന് നിർത്തിവച്ചതാണ് ഏറെപ്പേർക്കും ജോലിയില്ലാതാകാൻ കാരണം. ടെക്നീഷ്യനായ ഷിജോ ഏഴു വർഷത്തോളമായി കുടുംബസമേതം സൗദിയിലായിരുന്നു. ഭാര്യ ജിൻസി അവിടെ നഴ്സാണ്.

ആശുപത്രി മേഖലയിൽ ഇതുവരെ പ്രതിസന്ധിയില്ലെന്ന് ഷിജോ പറഞ്ഞു. ലബനൻ കമ്പനിയായ ഓജർ ആരെയും പറഞ്ഞുവിടുന്നില്ലെന്ന് മൂന്നു പേരും എന്നാൽ, ശമ്പളം എന്നു നൽകുമെന്ന് പറയാനാകില്ലെന്നാണ് അവരുടെ നിലപാട്. എംബസി അധികൃതരെ സമീപിച്ചെങ്കിലും ശമ്പളക്കുടിശിക ലഭിക്കുമ്പോൾ അറിയിക്കാമെന്ന മറുപടിയാണു ലഭിച്ചത്.

മടങ്ങിയെത്തുന്നവരുടെ പേരു വിവരങ്ങൾ നോർക്ക ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നുണ്ട്. ഇവർക്ക് വഴിച്ചെലവിനായി 2000 രൂപ വീതവും നൽകുന്നു. മുഹമ്മദിന് ലഭിച്ച 2000 രൂപയിൽ 1500 രൂപ കസ്റ്റംസ് ഡ്യൂട്ടിയായി അടയ്ക്കേണ്ടി വന്നു. സൗദിയിൽ ഉപയോഗിച്ചിരുന്ന നാലു വർഷം പഴക്കമുള്ള പഴയ ടിവിക്കാണു ഡ്യൂട്ടി അടയ്ക്കേണ്ടി വന്നതത്രേ. റാന്നി സ്വദേശി തോമസ് പി. മാത്യു കഴിഞ്ഞ ദിവസം മുംബൈയിൽ വിമാനമിറങ്ങിയിരുന്നു.

Your Rating: