Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോളിയം വിതരണത്തിൽ വിശദീകരണം നൽകി ഈജിപ്ത് പ്രസിഡന്റ്

saudi-arabia

റിയാദ്∙ സൗദി അറേബ്യ ഈജിപ്തിന് നല്‍കിയിരുന്ന പെട്രോളിയം ഈ മാസം നിര്‍ത്തലാക്കിയതും സിറിയന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ റഷ്യയുടെയും ഫ്രാന്‍സിന്റെയും പ്രമേയങ്ങളിലെ വോട്ടെടുപ്പില്‍ ഈജിപ്ത് സ്വീകരിച്ച സമീപനവും തമ്മില്‍ ബന്ധമില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. ഈജിപ്ത് സായുധ സേന സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടാക്കിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്രോളിയം ഉല്‍പന്നങ്ങള്‍ എത്തിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

സൗദി ആരാംകോ കമ്പനി  പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയാണെന്ന് ഈജിപ്ത് പെട്രോളിയം കോര്‍പറേഷനെ ഈ മാസം ആദ്യത്തില്‍ വാക്കാല്‍ അറിയിച്ചിരുന്നു. സിറിയന്‍ വിഷയത്തില്‍ റഷ്യ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഈജിപ്ത് വോട്ടു ചെയ്ത സന്ദര്‍ഭത്തിലായിരുന്നു അത്. നാല് രാഷ്ട്രങ്ങള്‍ മാത്രമായിരുന്നു വോട്ടെടുപ്പില്‍ റഷ്യയെ പിന്തുണച്ചത്. സൗദിയും ഖത്തറും അതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 

റഷ്യന്‍ പ്രമേയത്തെ പിന്തുണച്ച ഈജിപ്തിന്റെ നടപടി വേദനാജനകമാണെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി പ്രതിനിധി അബ്ദുല്ല അല്‍മുഅല്ലിമി വിശേഷിപ്പിച്ചിരുന്നു. അറബ് നിലപാടിനോട് ഈജിപ്തിനേക്കാള്‍ കൂടുതല്‍ അടുത്ത സമീപനം സ്വീകരിച്ചത് സെനഗലും മലേഷ്യയുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു

വാർത്ത:റസാഖ് പാറക്കൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.