Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതത്തിലായ തൊഴിലാളികൾക്ക് എക്സിറ്റ് വീസ നൽകാമെന്ന് സൗദി

nurse

ന്യൂഡൽഹി / റിയാദ് / തിരുവനന്തപുരം ∙ ജോലി നഷ്‌ടപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കാരിൽ മടങ്ങാൻ താൽപര്യമുള്ളവർക്ക് എക്‌സിറ്റ് വീസ നൽകാമെന്നും ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും സൗദി അറേബ്യ ഉറപ്പ് നൽകി.  ലേബർ ക്യാംപുകളിൽ ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ വ്യക്‌തമാക്കി. ക്യാംപുകളിൽ എഴുനൂറോളം മലയാളികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ നടപടികൾ ഏകോപിപ്പിക്കാൻ നോർക്കയെ ചുമതലപ്പെടുത്തി.

കുടിശിക വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അതതു കമ്പനികളിൽനിന്ന് അവ ലഭ്യമാക്കാൻ കരാറുണ്ടാക്കണമെന്നും സൗദി തൊഴിൽ മന്ത്രാലയത്തോട് അഭ്യർഥിച്ചതായി സുഷമ പറഞ്ഞു. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതടക്കമുള്ള നടപടികൾക്കായി സഹമന്ത്രി വി.കെ.സിങ് ഉടനെ സൗദിയിലേക്കു പോകും. മടങ്ങുന്നവർക്കു സാമ്പത്തിക പാക്കേജ്, പുനരധിവാസം തുടങ്ങിയ ഉറപ്പാക്കാൻ സംസ്‌ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ഉടൻ കൂടിയാലോചന നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും ആരംഭിച്ചു. ഇഖാമ (താമസാനുമതി), പാസ്‌പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ശമ്പള കുടിശികയുടെ വിശദാംശങ്ങൾ എന്നിവയാണു ശേഖരിക്കുന്നത്. ഒട്ടേറെപ്പേരുടെ ഇഖാമ കാലാവധി അവസാനിച്ചു കഴിഞ്ഞു. പലരുടെയും പാസ്പോർട്ട് കമ്പനിയുടെ കൈവശമാണ്. പാസ്പോർട്ട് കൈവശമുള്ളവരെയാകും ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കുക.

ക്യാംപുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ എംബസിയും മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക വകുപ്പിനു നിർദേശം നൽകി. ക്യാംപുകളിലെ തൊഴിലാളികളുമായും ഇവരെ സന്ദർശിച്ച മലയാളി സംഘടനാ പ്രതിനിധികളുമായും നോർക്ക സെക്രട്ടറി ഉഷ ടൈറ്റസിന്റെ നേതൃത്വത്തിൽ ഫോണിൽ ബന്ധപ്പെട്ടു. മടങ്ങാൻ താൽപര്യമുള്ള മലയാളികളുടെ പട്ടിക രണ്ടു ദിവസത്തിനകം ഇ-മെയിലിൽ ലഭ്യമാക്കും.

ഏകദേശം 10,000 ഇന്ത്യക്കാർക്കു ജോലി നഷ്‌ടപ്പെട്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. റിയാദിൽ 3172 പേർക്കു മാസങ്ങളായി ശമ്പളമില്ല. സൗദി ഓജർ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന 2450 പേരാണു ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ അഞ്ചു ക്യാംപുകളിലുള്ളത്. ഇവർക്കു കമ്പനി കഴിഞ്ഞ 25 മുതൽ ഭക്ഷണം നൽകിയിട്ടില്ല. 10 ദിവസത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങൾ ഇന്ത്യൻ സമൂഹവുമായി സഹകരിച്ച് ജിദ്ദയിലെ കോൺസലേറ്റ് എത്തിച്ചിട്ടുണ്ട്.

ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാവില്ലെന്നു പാർലമെന്റിന്റെ ഇരുസഭകളിലും സുഷമ പറഞ്ഞു.  കമ്പനികൾ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ എക്‌സിറ്റ് വീസ നൽകൂ എന്നാണു സൗദിയിലെ വ്യവസ്‌ഥ. എന്നാൽ, കമ്പനികൾ പൂട്ടി ഉടമകൾ രാജ്യം വിട്ടതിനാൽ ഇതു ലഭിക്കാൻ തടസ്സമുണ്ടായി. എക്‌സിറ്റ് വീസ നൽകാമെന്നും ശമ്പള കുടിശിക പ്രശ്‌നം പരിഗണിക്കാമെന്നും സൗദിയുടെ ഉറപ്പ് ലഭിച്ചെന്ന് വിദേകാര്യ സഹമന്ത്രി എം.ജെ.അക്‌ബറാണു പിന്നീടു വെളിപ്പെടുത്തിയത്.

Your Rating: