Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

​ദുരിതങ്ങൾക്ക് വിട: നവയുഗത്തിന്റെ സഹായത്തോടെ വത്സല നാട്ടിലേയ്ക്ക് മടങ്ങി.

valsamma

ദമാം∙ ശമ്പളം കിട്ടാത്തതിനെതുടർന്ന് വനിതാ തർഹീലിൽ അഭയം തേടിയ മലയാളി വനിത, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ ശക്തമായ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

പത്തനംതിട്ട ജില്ലയിലെ എളംഗമംഗലം സ്വദേശിനിയായ വത്സല കുഞ്ഞിക്കുട്ടി സൗദി അറേബ്യയിൽ ഹൗസ്മേഡ്  ആയി ജോലിക്കെത്തിയിട്ട് നാലു വർഷത്തോളമായി. മൂന്നര വർഷം ദമാമിൽ ഒരു സൗദി പൗരന്റെ വീട്ടിൽ വീട്ടുജോലി ചെയ്‌തെങ്കിലും, പലപ്പോഴായി ആകെ രണ്ടു വർഷത്തെ ശമ്പളമേ കൈയ്യിൽ കിട്ടിയുള്ളൂ. മാസങ്ങളോളം ശമ്പളം കൊടുത്തില്ല എന്നു മാത്രമല്ല, ഇക്കാമ പുതുക്കാനോ, നാട്ടിലേയ്ക്ക് അവധിയ്ക്ക് അയയ്ക്കാനോ സ്പോൺസർ തയ്യാറായില്ല. ശമ്പളം ചോദിച്ചാൽ വീട്ടുകാരുടെ വഴക്കും ഭീഷണിയും നേരിടേണ്ടി വന്നു. ഒടുവിൽ സഹികെട്ടപ്പോൾ, അഞ്ചു മാസങ്ങൾക്ക് മുൻപ് വത്സല, വീട്ടുകാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടുകയും, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി പരാതി പറയുകയും ചെയ്തു. പൊലീസ് അവരെ വനിതാ തർഹീലിൽ (അഭയകേന്ദ്രം) കൊണ്ടാക്കുകയായിരുന്നു. 

ഉടുത്തിരുന്ന വസ്ത്രമില്ലാതെ മറ്റൊന്നും കൈയ്യിലില്ലാത്ത അവസ്ഥയിലായിരുന്നു വത്സല തർഹീലിൽ കഴിഞ്ഞത്. വനിതാ തർഹീലിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകയും ഇന്ത്യൻ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടൻ, വത്സലയുടെ ദുരവസ്ഥ കണ്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ഈ കേസിൽ ഇടപെടുകയായിരുന്നു. ഇന്ത്യൻ എംബസ്സി വത്സലയുടെ കേസിൽ ഇടപെടാൻ മഞ്ജുവിന് അനുമതിപത്രം നൽകി.    

സൗദി പോലീസിന്റെ സഹായത്തോടെ വത്സലയുടെ സ്‌പോൺസറുടെ ഫോൺ നമ്പർ കണ്ടു പിടിച്ച മഞ്ജു, അയാളെ വിളിച്ച് തർഹീലിൽ വരാൻ ആവശ്യപ്പെട്ടെങ്കിലും, അയാൾ ഒഴിവുകഴിവുകൾ പറഞ്ഞ് വരാതിരുന്നു. പിന്നീട് പോലീസ് അധികാരികളെക്കൊണ്ട് സ്പോൺസറോട് സംസാരിപ്പിയ്ക്കുകയും, നിരന്തരമായി സമ്മർദ്ദം ചെലുത്തുകയും ചെയ്തപ്പോൾ , ഒരു മാസം കഴിഞ്ഞ് ഒരു ദിവസം അയാൾ ചർച്ചയ്ക്കായി തർഹീലിൽ വന്നു. മഞ്ജുവിനെ കൂടാതെ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ  എന്നിവരും, ലേബർ ഓഫീസറും, തർഹീൽ അധികാരികളും ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്തു. തന്റെ കൈയ്യിൽ കുറച്ചു പൈസയേ ഉള്ളുവെന്നും, അതും വാങ്ങി നാട്ടിലേയ്ക്ക് തിരികെ പോകാനും, സ്പോൺസർ വത്സലയോട് ആവശ്യപ്പെട്ടു. എന്നാൽ  കിട്ടാനുള്ള മുഴുവൻ കുടിശ്ശിക ശമ്പളവും, ആനുകൂല്യങ്ങളും കിട്ടാതെ, വത്സല ഫൈനൽ എഗ്രിമെന്റിൽ ഒപ്പിടുകയോ, നാട്ടിലേയ്ക്ക് തിരികെ പോകുകയോ ചെയ്യില്ല എന്ന ശക്തമായ നിലപാട് നവയുഗം ജീവകാരുണ്യപ്രവർത്തകർ സ്വീകരിച്ചു. 

"ആലോചിച്ചിട്ടു പറയാം " എന്നും പറഞ്ഞ് തിരികെ പോയ സ്പോൺസർ പിന്നീട് നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ ഫോൺ വിളികൾക്ക് മറുപടി നൽകാതിരിയ്ക്കാൻ തുടങ്ങി. പോലീസ്, ലേബർ അധികാരികളെക്കൊണ്ട് വിളിപ്പിച്ചിട്ടും, അയാൾ ഫോൺ എടുത്തില്ല. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ നിരന്തര സമ്മർദ്ദം ചെലുത്തി, സൗദി അധികാരികളെ കൊണ്ട്, സ്‌പോൺസറുടെ സർക്കാർ സേവനങ്ങൾ മുഴുവൻ ബ്ലോക്ക് ചെയ്യിപ്പിച്ചു. അങ്ങനെ നിവൃത്തിയില്ലാതെ വന്നപ്പോൾ, സ്പോൺസർ നവയുഗം ജീവകാരുണ്യപ്രവർത്തകരെ ഇങ്ങോട്ടു ഫോൺ ചെയ്ത്, ഒത്തുതീർപ്പ് ചർച്ചയിലെ ആവശ്യങ്ങൾ അംഗീകരിയ്ക്കുന്നതായി അറിയിച്ചു. ഒന്നരവർഷത്തെ കുടിശ്ശിക ശമ്പളം, ഇക്കാമ പുതുക്കാനുള്ള ഫൈൻ, നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എന്നിവയെല്ലാം നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ സ്പോൺസർ വത്സലയ്‌ക്ക്‌ നൽകി.

നിയമനടപടികൾ പൂർത്തിയാക്കിയപ്പോൾ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, അഞ്ചു മാസത്തെ തർഹീൽ ജീവിതം അവസാനിപ്പിച്ച്, വത്സല നാട്ടിലേയ്ക്ക് മടങ്ങി. 

Your Rating: