Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രമന്ത്രി വി.കെ. സിങ് വീണ്ടും ജിദ്ദയില്‍;തൊഴിലില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യം

ജിദ്ദ​. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അപ്രതീക്ഷിതമായി ഇന്നലെ(ബുധൻ) വീണ്ടും ജിദ്ദയിലെത്തി. ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളെ ആശ്വസിപ്പിച്ചു. അതിരാവിലെ മൂന്നരയോടെ ഡല്‍ഹിയില്‍നിന്നെത്തിയ മന്ത്രി ഉച്ചയോടെയാണ് ശുമൈസിയിലെ സൗദി ഓജര്‍ കമ്പനിയുടെ തൊഴിലാളി ക്യാംപ് സന്ദര്‍ശിച്ച് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്.

സൗദി തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സ്ഥാനപതി അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, കോണ്‍സല്‍മാരായ എസ്.ആര്‍.എച്ച് ഫഹ്മി,  ആനന്ദ് കുമാര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.അതിനിടെ സൗദി ഓജര്‍ കമ്പയിലിലെ 40 പേര്‍ കൂടി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങി. ഇതോടെ തൊഴില്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മടങ്ങിയ തൊഴിലാളികളുടെ എണ്ണം 65 ആയി.

ഇന്നലെ മടങ്ങേണ്ടിയിരുന്ന തൊഴിലാളികളില്‍ കോഴിക്കോട് സ്വദേശി ഷബീര്‍, ആലപ്പുഴ സ്വദേശി തോമസ് എന്നീ രണ്ടു മലയാളികള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും വിമാന ടിക്കറ്റ് ഡല്‍ഹി വരെ മാത്രമേയുള്ളൂവെന്ന് അറിഞ്ഞതോടെ  ഇവര്‍ അവസാന നിമിഷം യാത്ര റദ്ദാക്കി. ഏഴ് മാസത്തോളമായി ശമ്പളമില്ലാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ, കേരളത്തില്‍ വരെ എത്തുന്നതിനുള്ള ടിക്കറ്റില്ലാതെ പോകില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളികള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളില്‍ എത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്ന സൗദി ഓജര്‍, ബിന്‍ ലാദിന്‍ കമ്പനികളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി കഴിഞ്ഞ മാസം മന്ത്രി വി.കെ. സിങ് സൗദിയിലെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

ലേബര്‍ ക്യാംപിലെത്തിയ മന്ത്രി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച് തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. തൊഴിലില്ലാതെ നില്‍ക്കുന്നവര്‍ നാട്ടിലേക്കു മടങ്ങാന്‍ തയാറാവണമെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അതു പുതുക്കി നാട്ടിലേക്കു പോകുന്നതിന് അല്‍പം കൂടി സമയമെടുക്കുമെങ്കിലും അല്ലാത്തവര്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പോകാന്‍ ആഗ്രഹിക്കാത്തവര്‍ മറ്റു കമ്പനികളിലേക്ക് കാലതാമസമില്ലാതെ വിസ മാറ്റുന്നതിന് പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും സൗദി അധികൃതര്‍ നല്‍കും.

ശമ്പള കുടിശ്ശികയുടേയും ആനുകൂല്യങ്ങളുടേയും കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും അത് നഷ്ടപ്പെടാതെ നാട്ടിലെത്തിച്ചു തരുന്നതിനുള്ള എല്ലാ ഉത്തരവാദിത്തവും ഇന്ത്യന്‍ നയതന്ത്രാലയം ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആനുകൂല്യങ്ങള്‍ എപ്പോള്‍ കിട്ടുമെന്ന തൊഴിലാളികളുടെ ചോദ്യത്തിന് അതിന് നിശ്ചിത സമയം പറയാനാവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഒരു പൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി.

എട്ടു മാസമായി ശമ്പളമില്ലാതെ കഴിയുന്നതിനാല്‍ തങ്ങളുടെ നാട്ടിലെ കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും മക്കളുടെ പഠനം മുടങ്ങിയ അവസ്ഥയിലാണെന്നും തൊഴിലാളികള്‍ മന്ത്രിയെ ധരിപ്പിച്ചു. അടിയന്തരമായി തങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അതതു സംസ്ഥാന സര്‍ക്കാരുടെ സഹായം  ഉണ്ടാവുമെന്നുമായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. ഇന്നും മന്ത്രി ജിദ്ദയില്‍ ചെലവഴിക്കുമെന്നാണറിയുന്നത്. എന്നാല്‍  മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു വിശദീകരണവും കോണ്‍സുലേറ്റ് നല്‍കിയിട്ടില്ല. ജിദ്ദയില്‍നിന്ന് മന്ത്രി കുവൈത്തിലേക്ക് പോകുമെന്നാണ് അറിയുന്നത്.

Your Rating: