Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിത്തും വളവും കുറഞ്ഞവിലയ്‌ക്ക്; പാടങ്ങളിൽ പദ്ധതികളുടെ പച്ചപ്പ്

market

ദുബായ് ∙ വടക്കൻ എമിറേറ്റുകളിലെ കൃഷിയിടങ്ങളോടനുബന്ധിച്ചു മികച്ച വിത്തിനങ്ങളും വളവും കുറഞ്ഞവിലയ്‌ക്കു ലഭ്യമാക്കുന്ന സർക്കാർ കേന്ദ്രങ്ങൾ തുറക്കുന്നു. കാർഷികോൽപാദനം കൂട്ടുന്നതിനൊപ്പം ഹരിതമേഖലകൾ വ്യാപകമാക്കാനും സഹായകമാകുന്ന നടപടികളുടെ ഭാഗമാണിത്. കാർഷികരംഗത്ത് സ്വയംപര്യാപ്‌തത കൈവരിക്കാൻ വിവിധ തലങ്ങളിലുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.

പച്ചക്കറി ഉൽപാദനത്തിൽ നിലവിലുള്ള കുതിപ്പ് തുടരാൻ ഇതു സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു. സ്വദേശി സ്‌ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഈ രംഗത്ത് കൂടുതൽ സംരംഭങ്ങൾ തുടങ്ങാനും ഉദ്ദേശിക്കുന്നു.

റാസൽഖൈമയിലെ ഹംറാനിയ, ദിഗ്‌ദാഗ, മസാഫി, അൽഹെയ്‌ൽ, അദൻ, ഖറാൻ, റംസ്, ഷാം എന്നിവിടങ്ങളിൽ വൻ തോതിൽ പച്ചക്കറികൃഷി നടത്തുന്നുണ്ട്. വഴുതനങ്ങ, കാബേജ്, കോളിഫ്ലവർ, പീച്ചിങ്ങ, ചീര, തക്കാളി, പാവയ്‌ക്ക, മത്തൻ, പടവലങ്ങ, കാരറ്റ്, ബീറ്റ്‌റൂട്ട്, ക്യാപ്‌സിക്കം എന്നിവ നന്നായി വിളയുന്നു. മലയാളികളായ തൊഴിലാളികൾ കേരളത്തിൽ നിന്നുള്ള വിത്തിനങ്ങളും വിജയകരമായി ഇവിടെ പരീക്ഷിച്ചുകഴിഞ്ഞു.

ഭക്ഷ്യോൽപാദന മേഖലയിൽ വൈവിധ്യവൽകരണം നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ മേഖലകളിൽ തളിർക്കുകയാണെന്ന് കാലാവസ്‌ഥാ–പരിസ്‌ഥിതികാര്യ മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സിയൂദി പറഞ്ഞു. കർഷകരെ ശാസ്‌ത്രീയ കൃഷിരീതികൾ പഠിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനുള്ള ബൃഹദ് സംരംഭങ്ങൾക്കു രൂപം നൽകുകയും ചെയ്യും.

കാർഷികമേഖലയിലെ വളർച്ചയിലൂടെ ദേശീയ സമ്പദ്‌ഘടനയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും നാഷനൽ ഫീഡ് ആൻഡ് ഫ്‌ളോർ പ്രൊഡക്‌ഷൻ ആൻഡ് മാർക്കറ്റിങ് കമ്പനിയിൽ സന്ദർശനം നടത്തിയ മന്ത്രി വ്യക്‌തമാക്കി. പദ്ധതികൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിവിധ സർക്കാർ സ്‌ഥാപനങ്ങളിൽ ഉന്നതതലസംഘം സന്ദർശനം നടത്തി വരികയാണ്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇത്തരം കമ്പനികൾക്കു മികച്ച സംഭാവനകൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. കർഷകരെയും കാർഷികശാസ്‌ത്രജ്‌ഞരെയും ബന്ധിപ്പിച്ചുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. കാർഷികരംഗത്ത് മാതൃകാപരമായ മുന്നേറ്റം നടത്താൻ രാജ്യത്തിനു കഴിഞ്ഞതായും ചൂണ്ടിക്കാട്ടി. കാർഷികരംഗത്തും കന്നുകാലി വളർത്തലിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കാർഷിക മുന്നേറ്റത്തിന് മികച്ച വിത്തിനങ്ങളും യുഎഇയിലെ സാഹചര്യങ്ങൾക്കിണങ്ങിയ വളവും വികസിപ്പിക്കുകയും നൂതന ജലസേചനരീതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. കൂടുതൽ കർഷക സേവന കേന്ദ്രങ്ങൾ തുറന്ന് ആവശ്യമായ സഹായം നൽകും.

മികച്ച വിത്തിനങ്ങളും വളവും കുറഞ്ഞ വിലയ്‌ക്കു ലഭ്യമാക്കുകയും ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യും. മുസഫയിലെയും ജബൽ അലിയിലെയും ഫാക്‌ടറി യൂണിറ്റുകളിൽ 2.5 ലക്ഷം മെട്രിക് ടൺ വളവും മറ്റും ഉൽപാദിപ്പിക്കുന്നു. ഇതിനായി കൂടുതൽ സ്‌ഥാപനങ്ങൾ തുറക്കും. സ്വദേശി വിപണിയിൽ ഏറ്റവും മികച്ച ഉൽപന്നങ്ങൾ കുറഞ്ഞവിലയ്‌ക്കു ലഭ്യമാക്കാൻ ഇതു സഹായകമാകുമെന്നാണു പ്രതീക്ഷ. കന്നുകാലിത്തീറ്റയും മറ്റും തദ്ദേശീയമായി ഉൽപാദിപ്പിക്കും.

തീറ്റപ്പുൽ കൃഷി രാജ്യത്തു വിജയകരമായ രീതിയിൽ നടപ്പാക്കിവരുന്നുണ്ട്. ചെറിയ ഇലകളോടു കൂടിയ ജെത്ത് എന്ന പുല്ലുമുതൽ പലതരം ഇനങ്ങളുണ്ട്. റോദസ്, ഹുസാറ, ഷഹീർ, ഷേബിലു എന്നിവയാണ് മറ്റിനങ്ങൾ. നിലവിൽ സുഡാനിൽ നിന്നുള്ള ഉണക്കപ്പുല്ലായ ജാബസ് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ രംഗത്ത് സ്വയംപര്യാപ്‌തത കൈവരിക്കും. ഹരിതമേഖലകൾ വ്യാപകമാക്കാനും ഇത്തരം സംരംഭങ്ങൾ സഹായകമാകും. ഭൂഗർഭജലനിരപ്പ് ഉയരുമെന്നതാണ് ഇതിന്റെയെല്ലാം ആത്യന്തികനേട്ടം.

ഫുഡ് സെക്യൂരിറ്റി സെന്റർ എംഡി: ഖലീഫ അൽ അലി, ഫാർമേഴ്‌സ് സർവീസ് സെന്റർ സിഇഒ: നാസൽ അൽ ജുനൈബി, നാഷനൽ ഫീഡ് ആൻഡ് ഫ്‌ളോർ പ്രൊഡക്‌ഷൻ ആൻഡ് മാർക്കറ്റിങ് ജനറൽ മാനേജർ എഡ്വേർഡ് ഹമോദ്, എമിറേറ്റ്‌സ് ഫുഡ് ഇൻഡസ്‌ട്രീസ് സിഇഒ: പാട്രിക് സറ്റാമിയാൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മേഖലയ്‌ക്കു മാതൃകയായി യുഎഇ കൃഷിയിടങ്ങൾ

∙ നവംബർ മുതൽ മേയ് വരെയാണു പൊതുവെ വടക്കൻ മേഖലയിലെ കാർഷിക സീസൺ. ചൂടുകാലമാകുന്നതോടെ നിശ്‌ചിത മേഖലകളിൽ പന്തലിട്ട് കൃഷിചെയ്യുന്ന രീതിയുമുണ്ട്.

∙ ദിഗ്‌ദാഗയിൽ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കൃഷി ചെയ്യുന്ന രീതി വ്യാപകമായി വരികയാണ്. ഉപ്പിന്റെ ആധിക്യമുള്ള ഭൂഗർഭജലം മൂലം തരിശായ കൃഷിയിടങ്ങൾ വീണ്ടും ഹരിതാഭമാക്കാൻ ഇന്റർനാഷനൽ സെന്റർ ഫോർ ബയോസാലൈൻ അഗ്രിക്കൾച്ചറിന്റെ (ഐസിബിഎ) നേതൃത്വത്തിൽ തുടക്കമായിട്ടുണ്ട്.

∙ ഉപ്പുവെള്ളം, സംസ്‌കരിച്ച മലിനജലം, വ്യവസായ ആവശ്യത്തിനുശേഷം പുറന്തള്ളുന്ന വെള്ളം, കടൽവെള്ളം, എണ്ണ ഉൽപാദനമേഖലയിൽ നിന്നു പുറന്തള്ളുന്ന വെള്ളം എന്നിവ ഉപയോഗപ്പെടുത്തിയുള്ള കൃഷിരീതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

∙ ഉപ്പുവെള്ളത്തിൽ വളരുന്നതും മരുഭൂമിയിലെ കാലാവസ്‌ഥയ്‌ക്ക്‌ ഇണങ്ങിയതുമായ കാർഷിക വിളകൾ വികസിപ്പിക്കുകയും വ്യാപകമാക്കുകയും ചെയ്യുക, ഹൈഡ്രോപോണിക്‌ ഉൾപ്പെടെയുള്ള ശാസ്‌ത്രീയ കൃഷിരീതികൾ പ്രോൽസാഹിപ്പിക്കുക, കൃഷിയിടങ്ങളോടനുബന്ധിച്ച് മൽസ്യംവളർത്തുക, ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കാലാവസ്‌ഥാ വ്യതിയാനം കണ്ടെത്തുക തുടങ്ങിയവയും പദ്ധതികളുടെ ഭാഗമാണ്.

∙ കർഷകരെയും തൊഴിലാളികളെയും പുതിയ കാർഷികരീതികൾ പരിചയപ്പെടുത്താനും നൂതന കാർഷികോപകരണങ്ങൾ വികസിപ്പിക്കാനും യുഎഇ മുൻനിരയിലുണ്ട്.

∙ നിലവിൽ രാജ്യത്തിനാവശ്യമായ ഭക്ഷ്യോൽപന്നങ്ങളുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതായാണു കണക്ക്. ഈ സാഹചര്യം മാറ്റും. തണുപ്പുകാലത്ത് കൃഷിചെയ്യാവുന്ന മികച്ച വിളകൾ കണ്ടെത്തി പരീക്ഷിക്കും. വടക്കൻ എമിറേറ്റുകളിലടക്കം തുടക്കമിട്ടപദ്ധതികൾ വൻവിജയമായത് കർമപരിപാടികൾക്കു കൂടുതൽ ഊർജമേകുന്നു.

∙ യുവതലമുറയെ കാർഷികരംഗത്തേക്ക് ആകർഷിക്കാൻ വിപുലമായ ബോധവൽക്കരണ പരിപാടികൾനടപ്പാക്കും. ഇതിനായി ശിൽപശാലകൾ, ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാലയങ്ങളെയും സർവകലാശാലകളെയും ഇതിൽ ഉൾപ്പെടുത്തും.

∙ പ്രാദേശിക, മേഖലാ, രാജ്യാന്തര തലങ്ങളിലെ പുതിയപരീക്ഷണങ്ങൾ വിലയിരുത്തുകയും കർഷകർക്കു കൈമാറുകയും ചെയ്യും.

∙ ആവശ്യത്തിനുമാത്രം വെള്ളം മുടങ്ങാതെ പച്ചക്കറി തോട്ടങ്ങളിൽ എത്തിക്കുന്ന പുതിയ സാങ്കേതിക യുഎഇ കാർഷിക വിദഗ്‌ധർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചെടിയുടെ വളർച്ചയ്‌ക്കാവശ്യമായ വെള്ളം നൽകുന്ന നൂതന ഡ്രിപ് ഇറിഗേഷൻ സംവിധാനമാണിത്. വെള്ളം പാഴാകുന്നത് ഒഴിവാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം.

∙ കാർഷികരംഗത്തേക്ക് കുട്ടികളെ ആകർഷിക്കാൻ ദുബായ് ഇതിനോടകം ചില പദ്ധതികൾക്കു തുടക്കമിട്ടിട്ടുണ്ട്. ദുബായ് ചിൽഡ്രൻസ് സിറ്റിയുമായി സഹകരിച്ച് പരിസ്‌ഥിതി ജലമന്ത്രാലയം ജൈവകൃഷിരീതികൾ കുട്ടികളെ പരിചയപ്പെടുത്തുന്നു.

Your Rating: