Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്‌മാന്റെ സമഗ്രവികസനം: പദ്ധതികളുടെ രൂപരേഖ ഒരുക്കാൻ നിർദേശം

by സ്വന്തം ലേഖകൻ
new-project രക്‌തസാക്ഷികളുടെ സ്‌മരണയ്‌ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപരേഖ സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്‌ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പരിശോധിക്കുന്നു.

അജ്‌മാൻ ∙ അജ്‌മാന്റെ സമഗ്രവികസനം ലക്ഷ്യമിട്ടു വിവിധ മേഖലകളിൽ ലക്ഷ്യമിടുന്ന പദ്ധതികളുടെ സമഗ്രരൂപരേഖ തയാറാക്കാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്‌ഖ് അമ്മർ ബിൻ ഹുമൈദ് അൽ നുഐമി നിർദേശം നൽകി. വിവിധ പദ്ധതികളെക്കുറിച്ചുള്ള വിശദമായ രൂപരേഖ ഈവർഷം തന്നെ തയാറാക്കി സമയബന്ധിതമായി നടപ്പാക്കാൻ സംവിധാനമൊരുക്കും. അജ്‌മാൻ വിഷൻ 2021ന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളാണു വിഭാവനം ചെയ്യുക.

വിവിധ മേഖലകളിൽ നിന്നുള്ള വിവരം ശേഖരിക്കുക, ഒരോന്നിനെയും കുറിച്ചു വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കുക, ഒരോ പദ്ധതിയുടെയും പ്രാധാന്യം കണ്ടെത്തി മുൻഗണനാക്രമം നിശ്‌ചയിക്കുക തുടങ്ങിയവയ്‌ക്കായി പ്രത്യേക ശാസ്‌ത്രീയ സംവിധാനമൊരുക്കും. രാജ്യാന്തരനിലവാരമുള്ള സേവനം ജനങ്ങൾക്കു ലഭ്യമാക്കാനും പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്താനും ഗവൺമെന്റ് പ്രതിജ്‌ഞാബദ്ധമാണെന്നു ഷെയ്‌ഖ് അമ്മർ പറഞ്ഞു. സർക്കാർ സംവിധാനത്തിലെ ഓരോ ഘടകവും ഇതിനായി ഒരുമിച്ചുനിന്നു പ്രവർത്തിക്കണം.

ഏതുകാര്യത്തിലും വൈകാതെ തീരുമാനമെടുക്കാൻ ഇത്തരമൊരു ശാസ്‌ത്രീയസംവിധാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായും വ്യക്‌തമാക്കി. എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിനു പദ്ധതികൾ സംബന്ധിച്ച റിപ്പോർട്ടുകൾ പരിഷ്‌കരിക്കാൻ അധികാരമുണ്ടായിരിക്കും. അതതു സമയങ്ങളിലെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാകും ഭേദഗതിവരുത്തുക.

തീരുമാനമെടുക്കാനും നിർദേശം നൽകാനും വിവിധ സമിതികൾ രൂപീകരിക്കാനും മേൽനോട്ടത്തിനുമുള്ള അധികാരം സെക്രട്ടറി ജനറലിൽ നിക്ഷിപ്‌തമായിരിക്കും. നടപടികളുടെ പുരോഗതി, പ്രതിബന്ധങ്ങൾ എന്നിങ്ങനെ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പൂർണചിത്രം എന്തൊക്കെ ചെയ്യാമെന്ന ശുപാർശകളോടെ സെക്രട്ടറി ജനറൽ തയാറാക്കി സെക്രട്ടേറിയറ്റ് മുൻപാകെ വയ്‌ക്കണം. സർക്കാർ സംവിധാനങ്ങളിലെ ഓരോ വ്യക്‌തിയും ഓഫിസും ഈ പദ്ധതിയിലെ കണ്ണികളായിരിക്കുമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.

ഒരോ പദ്ധതിയും വ്യക്‌തമായി വിലയിരുത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. അതതു കാര്യങ്ങൾക്കു ചുമതലപ്പെട്ട വ്യക്‌തികളുടെയോ ഏജൻസികളുടെയോ മികവു വിലയിരുത്താൻ കഴിയുമെന്നതാണു മറ്റൊരുനേട്ടം. ഒരു പദ്ധതി സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന കാര്യത്തിൽ സൂചികകൾ ഉണ്ടാകും. വികസനത്തിലേക്കുള്ള എമിറേറ്റിന്റെ മുന്നേറ്റം വേഗത്തിലാക്കാൻ ഇതു സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം, ടൂറിസം മേഖലയിൽ ഉൾപ്പെടെ അജ്‌മാൻ വളർച്ചകൈവരിച്ചതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണംകൂടിയതോടെ ഈവർഷം ആദ്യപകുതിയിൽ എമിറേറ്റിന് 20 കോടി ദിർഹത്തിന്റെ നേട്ടമുണ്ടായി. ഏപ്രിൽമുതൽ ജൂൺവരെ മാത്രം ടൂറിസത്തിൽനിന്നു 9.2 കോടി ദിർഹം വരുമാനമായി ലഭിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിനെക്കാൾ 11% വർധനവാണിത്. വിനോദസഞ്ചാരികളെ ആകർഷിക്കാനും നിക്ഷേപത്തിനു കൂടുതൽ അവസരമൊരുക്കാനും ദീർഘകാലാടിസ്‌ഥാനത്തിലുള്ള പദ്ധതികളാണു പുരോഗമിക്കുന്നത്.

പാരമ്പര്യേതര ഊർജം: മസ്‌ദറുമായി അജ്‌മാൻ സംഘം ചർച്ചനടത്തി

അജ്‌മാൻ വിഷൻ 2021ന്റെ ഭാഗമായി എമിറേറ്റിൽ സൗരോർജ പദ്ധതികൾ വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധിസംഘവും മസ്‌ദർ ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതരും കൂടിക്കാഴ്‌ച നടത്തി. സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും. അജ്‌മാൻ എക്‌സലൻസ് പ്രോഗ്രാം ജനറൽ കോഓർഡിനേറ്റർ സുൽത്താൻ അൽ റുമൈതിയുടെ നേതൃത്വത്തിലുള്ള സംഘമാണു മസ്‌ദറിൽ സന്ദർശനം നടത്തിയത്.

പാരമ്പര്യേതര ഊർജപദ്ധതി, കാലാവസ്‌ഥാ വ്യതിയാനം, വെള്ളത്തിന്റെയും വായുവിന്റെയും നിലവാരം മെച്ചപ്പെടുത്തൽ, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതികൾ, നഗരാസൂത്രണം, അടിസ്‌ഥാനസൗകര്യ വികസം എന്നിവയെക്കുറിച്ചു ചർച്ച ചെയ്‌തതായി അൽ റുമൈതി പറഞ്ഞു. സർക്കാർ ഏജൻസികളുമായി സഹകരിച്ച് നൂതന പദ്ധതികൾ നടപ്പാക്കാൻ മസ്‌ദർ പൂർണസജ്‌ജമാണെന്നു മസ്‌ദർ ആക്‌ടിങ് ഡയറക്‌ടർ ഡോ.ബെഹ്‌ജത് അൽ യൂസഫ് പറഞ്ഞു.

Your Rating: