Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃത്രിമ പവിഴപ്പുറ്റു മേഖലയിൽ കടൽജീവികൾക്ക് സുഖവാസം

fish

അബുദാബി∙ ബറാക അണവോർജ കേന്ദ്രത്തോടനുബന്ധിച്ചു കടലിൽ സജ്‌ജമാക്കിയ പവിഴപ്പുറ്റു മേഖല വിവിധയിനം മൽസ്യങ്ങളുടെയും ജീവികളുടെയും പ്രിയപ്പെട്ട താവളമായി. അറുപത്തിമൂന്നിലേറെ ജീവികൾക്കു സംരക്ഷണമൊരുക്കുന്ന അപൂർവ ആവാസകേന്ദ്രമായി ഇവിടം വളർന്നു. 35 ഇനം ജീവികൾ ഇവിടെ സ്‌ഥിരമായി വസിക്കുന്നതായും കണ്ടെത്തി.

അപൂർവയിനം മൽസ്യങ്ങൾ, കടൽ സസ്‌തനികൾ, ചെമ്മീൻ, ഞണ്ട്, ഒച്ചുകൾ, ആൽഗകൾ എന്നിവ ഈ മേഖലയിൽ ധാരാളമായി കണ്ടെത്തിയിട്ടുണ്ടെന്നും പാരിസ്‌ഥിതിക രംഗത്തു വലിയൊരു മാറ്റത്തിനു വഴിയൊരുക്കുന്ന പരീക്ഷണമാണു വിജയിച്ചതെന്നും എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ഇനക്) വ്യക്‌തമാക്കി. സ്വദേശികളുടെ പ്രിയപ്പെട്ട മൽസ്യമായ ഹമൂർ, ഹോക്‌സ്‌ബിൽ കടലാമകൾ, ഇന്ത്യൻ സമുദ്രത്തിൽ കാണപ്പെടുന്ന പ്രത്യേകയിനം ഡോൾഫിനുകൾ എന്നിവയുടെ സാന്നിധ്യവും ഇവിടെയുള്ളത് പ്രതീക്ഷകൾ നൽകുന്നു.

ഇതിൽ പലയിനങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. 2014ലാണ് ഇവിടെ കൃത്രിമ പവിഴപ്പുറ്റുകൾ സ്‌ഥാപിച്ചത്. അതോടെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്‌തു. മൽസ്യ ബന്ധനത്തിനും മറ്റും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ശക്‌തമായ തിരമാലകൾ ആഘാതമേൽപ്പിക്കാതിരിക്കാൻ 15 കിലോമീറ്ററോളം കടൽഭിത്തി കെട്ടിയിട്ടുണ്ട്.

ആണവ പദ്ധതി മേഖലയ്‌ക്കു സംരക്ഷണം ഒരുക്കാനും ഇതുവഴി കഴിയുന്നു. പ്ലാന്റിൽ നിന്നു ശുദ്ധവും തണുപ്പിച്ചതുമായ വെള്ളമാണ് പുറന്തള്ളുക. നാഷനൽ മറൈൻ ഡ്രജിങ് കമ്പനി, എൻവയൺമെന്റ് ഏജൻസി അബുദാബി (ഇഎഡി) എന്നിവയുടെ സഹകരണത്തോടെയാണു പവിഴപ്പുറ്റു മേഖല ഒരുക്കിയത്. തീരത്ത് 3.8 കിലോമീറ്ററുകളിലായി ഇതു വ്യാപിച്ചുകിടക്കുന്നു. പ്രത്യേക കോൺക്രീറ്റ് കൂട്ട് ഉപയോഗിച്ചാണ് പവിഴപ്പുറ്റു നിർമിച്ചത്.

ശക്‌തമായ തിരകളുടെയോ ശത്രുക്കളുടെയോ ശല്യമില്ലാതെ മൽസ്യങ്ങൾക്കും മറ്റും ഇവിടെ കഴിയാനാകും. പാരിസ്‌ഥിതിക രംഗത്ത് ആശാവഹമായ മാറ്റംവരുത്താൻ ഈ പരീക്ഷണം സഹായകമായതായി ഇനക് സിഇഒ: മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. പദ്ധതിമേഖല സൂക്ഷ്‌മമായി വിലയിരുത്തും. ഇതുണ്ടാക്കുന്ന മാറ്റം ഭാവി പദ്ധതികൾക്കിതു സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു. ബറാക പദ്ധതി ഊർജരംഗത്തു മാത്രമല്ല, പാരിസ്‌ഥിതിക മേഖലയ്‌ക്കും ഗുണകരമാകുമെന്ന് ഇഎഡി സെക്രട്ടറി ജനറൽ റാസൻ ഖലീഫ അൽ മുബാറക് പറഞ്ഞു.

പരിസ്‌ഥിതിക്കു കൂടി മുൻതൂക്കം നൽകിയാണ് രാജ്യത്ത് ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. സംശുദ്ധ അന്തരീക്ഷം സൃഷ്‌ടിക്കാനും കാർബൺ മലിനീകരണം ഇല്ലാതാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും ശ്രദ്ധിക്കുന്നതായും ചൂണ്ടിക്കാട്ടി. ബറാകയിൽ നാലു റിയാക്‌ടറുകളാണുള്ളത്. 2020ൽ ഇവ പൂർണമായും പ്രവർത്തനമാരംഭിക്കും. പദ്ധതിയുടെ 66 ശതമാനത്തിലേറെ പൂർത്തിയായിക്കഴിഞ്ഞു.

ഒമാൻ തീരത്തും പവിഴപ്പുറ്റുകൂടാരം

∙ മൽസ്യസമ്പത്ത് വർധിപ്പിക്കാനുള്ള ബഹുമുഖ കർമ പദ്ധതികളുടെ ഭാഗമായി ഒമാനിലും കൃത്രിമമായി പവിഴപ്പുറ്റുകൾ ഉണ്ടാക്കി കടലിൽ സ്‌ഥാപിക്കുന്നുണ്ട്. മൽസ്യങ്ങളുടെയും മറ്റു ജീവികളുടെയും പ്രജനനം വർധിപ്പിക്കാനും സുരക്ഷിത ആവാസ മേഖലയൊരുക്കാനും ഇതുമൂലം കഴിയുന്നതായി കണ്ടെത്തി. സുർ മേഖലയിലായിരുന്നു തുടക്കം.

∙ ഒമാൻ വിഷൻ 2040ന്റെ ഭാഗമായി കാർഷിക–മൽസ്യബന്ധന മേഖലകളിൽ വൻ പദ്ധതികൾ തുടങ്ങുന്നതിന്റെ ഭാഗമായാണിത്.

∙ മൽസ്യസമ്പത്ത് സംരക്ഷിക്കാനുള്ള ഏറ്റവും ശാസ്‌ത്രീയമായ പദ്ധതികളിലൊന്നാണ് പവിഴപ്പുറ്റു മേഖലയെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

∙ പവിഴപ്പുറ്റുകൾക്ക് ഇടയിലേക്കു വലിയ മൽസ്യങ്ങൾക്കും ശത്രുക്കളായ മറ്റു ജീവികൾക്കും കടന്നുവരാനാവില്ല. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും സുരക്ഷിതകേന്ദ്രമായതിനാൽ പലയിനം മൽസ്യങ്ങളും ഇവിടെ താവളമാക്കുന്നു. മീനുകൾക്കു പുറമേ ചിപ്പി വർഗത്തിൽപ്പെട്ട ജീവികൾ, ഞണ്ടുകൾ, ചെമ്മീൻ, അപൂർവ സസ്യങ്ങൾ തുടങ്ങിയവ പവിഴപ്പുറ്റു മേഖലയിലുണ്ടാകും.

∙ തീരസംരക്ഷണത്തിനും പവിഴപ്പുറ്റുകൾ സഹായകമാണ്. കടലിലെ മഴക്കാട് എന്നാണ് പവിഴപ്പുറ്റു മേഖലകൾ അറിയപ്പെടുന്നത്. കടലിലെ അപൂർവ ആവാസ വ്യവസ്‌ഥയാണിവിടെയുള്ളത്. ഏതുകാലാവസ്‌ഥയിലും ഇവിടം സുരക്ഷിതത്വം നൽകുന്നു.

Your Rating: