Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവോർജ പദ്ധതി: 90% പിന്നിട്ട് ആദ്യ യൂണിറ്റ്

technique

ദുബായ് ∙ ഊർജാവശ്യത്തിനായുള്ള യുഎഇയുടെ ആണവനിലയങ്ങളിൽ ആദ്യ യൂണിറ്റിന്റെ നിർമാണം 90% പിന്നിട്ടതായി രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ)യിലെ യുഎഇ സ്‌ഥിരം പ്രതിനിധി ഹമദ് അൽ കാബി. നാലു നിലയങ്ങളുടെയും നിർമാണ പുരോഗതി വിലയിരുത്തുമ്പോൾ പദ്ധതി 70 ശതമാനത്തിലേറെ പൂർത്തിയായി. രാജ്യത്തിന്റെ വരുംകാല വികസനപദ്ധതികൾക്ക് ആണവനിലയങ്ങൾ ഊർജമേകുമെന്നും ഓസ്‌ട്രിയയിലെ വിയന്നയിൽ നടന്ന ഐഎഇഎ ജനറൽ കോൺഫറൻസിൽ അദ്ദേഹം വ്യക്‌തമാക്കി.

മനുഷ്യർക്കോ പരിസ്‌ഥിതിക്കോ ഒരുതരത്തിലും ഭീഷണിയാകാത്തവിധം ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആണവനിലയങ്ങൾ നിർമിക്കുന്നതെന്നും ഹമദ് അൽ കാബി പറഞ്ഞു. ആണവ ചോർച്ചയ്‌ക്കുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്ന നൂതന സാങ്കേതിക–നിർമാണ രീതിയാണ് അവലംബിക്കുന്നത്. ഐഎഇഎയുടെ ചട്ടക്കൂടിൽ നിന്നു രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ആണവപദ്ധതികൾ നടപ്പാക്കാൻ ഇതരരാജ്യങ്ങളും ശ്രദ്ധിച്ചാൽ ലോകസമാധാനവും സുരക്ഷയും ഉറപ്പാക്കാനാകും.

ഐഎഇഎയുമായി നാൽപതു വർഷമായി യുഎഇ സഹകരിക്കുന്നു. ഏജൻസിയുടെ പദ്ധതികളുമായി അറുപതിലേറെ ദേശീയ ഏജൻസികൾ സഹകരിക്കുന്നുണ്ട്. 2011 മുതൽ ഏജൻസിയുടെ വിവിധ സംരംഭങ്ങളിൽ യുഎഇയുടെ 3200 പ്രതിനിധികൾ പങ്കാളികളായി. ഒട്ടേറെ രാജ്യാന്തര കൂട്ടായ്‌മകൾക്കു യുഎഇ വേദിയാകുകയും ചെയ്‌തു.

യുഎഇയുടെ അൽ ബറാക ആണവോർജ പദ്ധതിയുടെ മൂന്നാമത്തെ യൂണിറ്റിൽ ഓഗസ്‌റ്റിൽ സ്‌റ്റീം ജനറേറ്ററുകൾ (എസ്‌ജി) വിജയകരമായി സ്‌ഥാപിച്ചിരുന്നു. ആണവ പ്ലാന്റിന്റെ നിർണായകഘട്ടമാണിത്. ആണവ വിസ്‌ഫോടനത്തിലൂടെ ഉണ്ടാകുന്ന ഊർജത്തെ വൈദ്യുതിയാക്കി മാറ്റി വിതരണ ശൃംഖലകളിൽ എത്തിക്കുന്നതിൽ സ്‌റ്റീം ജനറേറ്ററുകൾ നിർണായക പങ്കുവഹിക്കുന്നു. വിസ്‌ഫോടനം മൂലമുള്ള ശക്‌തമായ ചൂട് സംഭരണിയിലെ വെള്ളത്തെ നീരാവിയാക്കി മാറ്റുകയും അതുപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ യൂണിറ്റ് മൂന്നിലെ റിയാക്‌ടർ വെസലുമായി സ്‌റ്റീം ജനറേറ്ററുകളെ ബന്ധിപ്പിക്കും. 2020ൽ പദ്ധതി പൂർത്തിയാകുമെന്നാണു പ്രതീക്ഷ. പ്രത്യേകതരം ഉരുക്കുകൊണ്ട് നിർമിച്ച രണ്ട് എസ്‌ജി യൂണിറ്റുകൾക്ക് ടെന്നിസ് കോർട്ടിന്റെ നീളമുണ്ട്. ആണവോർജ കേന്ദ്രത്തിന്റെ മൂന്നാമത്തെ റിയാക്‌ടർ വെസൽ (ആർവി) മൂന്നുമാസം മുൻപാണ് സ്‌ഥാപിച്ചത്. 400 ടണ്ണിലേറെ ഭാരവും 15 മീറ്റർ ഉയരവുമുള്ള സുപ്രധാന നിർമിതിയാണിത്. കേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ആർവി നിർണായക പങ്കുവഹിക്കുന്നു. ആണവ കേന്ദ്രത്തിന്റെ രണ്ടാമത്തെ ആർവി കഴിഞ്ഞവർഷവും ഒന്നാമത്തേത് 2014ലും സ്‌ഥാപിച്ചിരുന്നു.

ആണവോർജ ഉൽപാദനം നടക്കുന്ന ഭാഗമാണ് റിയാക്‌ടർ വെസ്സൽ. അപകട സാധ്യതകൾ പൂർണമായും ഒഴിവാക്കി ഏറ്റവും സുരക്ഷിതമായി രൂപകൽപന ചെയ്‌ത ഘടകമാണിത്. ഇതോടനുബന്ധിച്ച് ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നു. ഉരുക്കുകൊണ്ടു നിർമിച്ച ഗോളസ്‌തംഭത്തിലൂടെയാണു ശീതീകരിച്ച ജലം പ്രവഹിക്കുക. ആണവവിഘടനം നടക്കുന്ന റിയാക്‌ടർ തണുപ്പിക്കാനും പ്രവർത്തനം സുഗമമാക്കാനും ഇതാവശ്യമാണ്.

മികവുറ്റ സാങ്കേതിക വിദ്യ

ഐഎഇഎ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഏറ്റവും സുരക്ഷിതമായ രീതിയിലാണ് യുഎഇ ആണവനിലയങ്ങൾ നിർമിക്കുന്നത്. സുരക്ഷയും കാര്യക്ഷമതയും കൂട്ടാൻ പ്രഷറൈസ്‌ഡ് വാട്ടർ റിയാക്‌ടർ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷ ഉറപ്പാക്കാൻ റിയാക്‌ടറിലെയും ടർബൈനിലെയും വെള്ളം കൂടിക്കലരാതെ ശ്രദ്ധിക്കുന്നു. ഉന്നതമർദത്തിൽ പ്രവഹിക്കുന്ന തിളച്ചവെള്ളം ഏറ്റവും സുരക്ഷിതമായ കുഴലുകളിലൂടെയാണു പ്രവഹിക്കുക. നിക്കൽ, ക്രോമിയം, ഇരുമ്പ് എന്നിവയുടെ സങ്കരലോഹം കൊണ്ടാണ്‌ കുഴലുകൾ നിർമിച്ചത്. എത്രവലിയ മർദത്തെയും പ്രതിരോധിക്കാൻ ഇതിനു കഴിയും.

21ാം നൂറ്റാണ്ടിലെ ആണവോർജ പദ്ധതികളെക്കുറിച്ച് അടുത്തവർഷം ഒക്‌ടോബറിൽ അബുദാബിയിൽ രാജ്യാന്തര മന്ത്രിതല ചർച്ച സംഘടിപ്പിക്കും. ഐഎഇഎയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചർച്ചയിൽ ആണവോർജ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.