Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹിഷ്ണുത ഏറ്റവും വലിയ ശക്തി: മന്ത്രി ഷെയ്ഖ ലുബ്ന

duabi-marthoma അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ വെള്ളരിപ്രാവുകളെ പറത്തി സഹിഷ്‌ണുതാ മാസാചരണ പ്രഖ്യാപനം യുഎഇ സഹിഷ്‌ണുതാ മന്ത്രി ഷെയ്‌ഖ ലുബ്‌ന അൽ ഖാസിമി നിർവഹിച്ചപ്പോൾ.

അബുദാബി ∙ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി മാർത്തോമ്മാ ഇടവക ദേവാലയത്തിലെ സഹിഷ്‌ണുതാ മാസാചരണ പ്രഖ്യാപനം യുഎഇ സഹിഷ്‌ണുതാ മന്ത്രി ഷെയ്‌ഖ ലുബ്‌ന അൽ ഖാസിമി നിർവഹിച്ചു.

സഹിഷ്‌ണുതയാണ് ഏറ്റവും വലിയ ശക്‌തിയെന്നു ഷെയ്‌ഖ ലുബ്‌ന പറഞ്ഞു. മനുഷ്യസ്‌നേഹവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനമാണു വേണ്ടത്. ഏതുതരം വിവേചനങ്ങളെയും ചെറുത്തുതോൽപിക്കാൻ യുഎഇ പ്രതിജ്‌ഞാബദ്ധമാണ്. യുഎഇയിലുള്ള ഇരുനൂറിലധികം രാജ്യങ്ങളിലെ ജനങ്ങൾക്കും സമാധാന ജീവിതം ഉറപ്പാക്കുന്നു. എല്ലാ മതങ്ങളുടെയും അന്തസ്സത്ത സാമൂഹിക ഐക്യവും സമാധാനവുമാണ്. ഭാവിതലമുറയുടെ ഉന്നതിക്കായി സഹിഷ്‌ണുതയുടെ സന്ദേശം പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും വേണം. വിഭാഗീയ സങ്കുചിത ചിന്തകളെ സഹിഷ്‌ണുതയിലൂടെ തോൽപിക്കാനാകുമെന്നും അവർ പറഞ്ഞു.

അബുദാബി മാർത്തോമ്മാ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെന്റ് ആൻഡ്രൂസ് ഇടവക വികാരി ഫാ. ആൻഡ്രൂ തോംസൺ, മാർത്തോമ്മാ ഇടവക സഹവികാരി റവ. ഐസക് മാത്യു, ജനറൽ കൺവീനർ പാപ്പച്ചൻ ഡാനിയേൽ, ഇടവക ട്രസ്‌റ്റിമാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ, സെക്രട്ടറി ഒബി വർഗീസ്, ഡോ. ഷെബീർ നെല്ലിക്കോട്, ജോയ് പി.സാമുവൽ, ജേക്കബ് തരകൻ പങ്കെടുത്തു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അണിനിരന്ന കൊയ്‌ത്തുത്സവ വിളംബരയാത്രയുമുണ്ടായിരുന്നു.

ഡിസംബർ ഒന്നുമുതൽ 31 വരെയുള്ള സഹിഷ്‌ണുതാ മാസാചരണത്തിന്റെ സന്ദേശ പതാക ചടങ്ങിൽ ഷെയ്‌ഖ ലുബ്‌ന അൽ ഖാസിമി ജനറൽ കൺവീനർ പാപ്പച്ചൻ ഡാനിയേലിനു കൈമാറി.

ഇടവകാങ്കണത്തിൽ നടന്ന കൊയ്‌ത്തുത്സവത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഭക്ഷണം തത്സമയം പാകം ചെയ്‌ത 18 സ്‌റ്റാളുകൾ സന്ദർശകരെ ആകർഷിച്ചു. അലങ്കാരച്ചെടികളും ക്രിസ്‌മസ് അലങ്കാരങ്ങളും മറ്റുമായും സറ്റാളുകളുണ്ടായിരുന്നു. കലാസാംസ്‌കാരിക വിനോദപരിപാടികൾ, ഗാനമേള, ബേബി ഷോ എന്നിവയും ഒരുക്കിയിരുന്നു. പ്രവേശന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.