Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരത്തെ കോൺസുലേറ്റ് ഗൾഫ് മലയാളികൾക്ക് ഏറെ പ്രയോജനം: എം.എ. യൂസഫലി

yusuf

ദുബായ് ∙ തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് ആരംഭിക്കുന്നതു യുഎഇയിലെ ഇന്ത്യക്കാർക്കും ദക്ഷിണേന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും ഏറെ സന്തോഷമുള്ളതും പ്രയോജനമുള്ളതുമായ നടപടിയാണെന്നു ലുലു ഗ്രൂപ്പ് മേധാവിയും അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ഓഫ് ഡയറക്ടറേറ്റ് അംഗവും നോർക്ക വൈസ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു.

യുഎഇയിലെ 28 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യ– യുഎഇ സുദൃഢബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. എല്ലാമേഖലകളിലും വികസനത്തിന്റെ സുവർണപാതയിലാണു യുഎഇ. നിക്ഷേപ സൗഹൃദ രാജ്യം, സുരക്ഷയിൽ ലോകത്തിലെ ആദ്യ മൂന്നു രാഷ്ട്രങ്ങളിൽ ഒന്ന്, വിനോദ സഞ്ചാര രംഗത്ത് മുൻപന്തിയിൽ തുടങ്ങി രാജ്യാന്തര രംഗത്ത് യുഎഇ തിളങ്ങുകയാണ്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ യുഎഇ മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ, തിരുവനന്തപുരത്ത് കോൺസുലേറ്റ് ആരംഭിക്കുന്നതു കേരളത്തിനു വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്.

ഇന്ത്യക്കാരുടെ സ്ഥിരോൽസാഹവും കഠിനാധ്വാനവും അംഗീകരിക്കുന്ന രാജ്യമാണിത്. മലയാളികൾ സമാധാന പ്രിയരാണെന്നും ഈ രാജ്യത്തിന്റെ ഉയർച്ചയിൽ ഏറെ സംഭാവന ചെയ്യുന്നവരാണെന്നും മനസ്സിലാക്കുന്ന യുഎഇ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മലയാളികളോടു പ്രത്യേക സ്നേഹം കാണിക്കുന്നവരാണ്. ശക്തമായ സാമ്പത്തിക സ്ഥിതിയും നിക്ഷേപത്തിനുള്ള അവസരങ്ങളും തുറന്നിടുന്ന യുഎഇ വിനോദ സഞ്ചാര രംഗത്തും മുന്നേറുകയാണ്. കേരളത്തിൽ യുഎഇ കോൺസുലേറ്റ് ആരംഭിക്കുന്നതു വിനോദസഞ്ചാര മേഖലയ്ക്കും പ്രയോജനകരമാകും.

യുഎഇയിൽ ചെറിയ തസ്തികകൾ മുതൽ ഉയർന്ന തസ്തികകൾവരെയുള്ള സ്ഥാനങ്ങളിൽ ഒട്ടേറെ മലയാളികൾ ജോലിചെയ്യുന്നുണ്ട്. യുഎഇ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമീപിക്കാവുന്ന കേന്ദ്രമായി യുഎഇ കോൺസുലേറ്റ് മാറും. മൃതശരീരങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുന്നതു സംബന്ധിച്ച നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം പരിഹരിക്കാനും കോൺസുലേറ്റിന്റെ സഹായം തേടാവുന്നതാണ്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വർധിക്കുന്നതിന്റെ ഉദാഹരണമാണ് റിപ്പബ്ലിക് ദിനത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അതിഥിയാകുന്നത്. മുപ്പത്തിനാലു വർഷങ്ങൾക്കൊടുവിൽ ഒരിന്ത്യൻ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചതിനുശേഷം ഈ വർഷം ഫെബ്രുവരിയിൽ ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം 7500 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ ഇന്ത്യയിൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ യുഎഇ നിക്ഷേപം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാർക്കും ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളതയെന്നും എം.എ. യൂസഫലി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.