Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് ഡ്രൈവിങ് പരിശീലന ക്ലാസുകൾ ഒരു മണിക്കൂറാക്കുന്നു

ദുബായ് ∙ എമിറേറ്റിൽ ഡ്രൈവിങ് പരിശീലന ക്ലാസുകളുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി വർധിപ്പിക്കുന്നു. ജനുവരി ഒന്നിനു പുതിയനിയമം പ്രാബല്യത്തിൽ വരും. കൂടുതൽ സമയം ക്ലാസ് എടുക്കുമെങ്കിലും അധിക നിരക്ക് ഈടാക്കില്ലെന്ന് ആർടിഎ വ്യക്‌തമാക്കി. നിലവിൽ അരമണിക്കൂറായിരുന്ന പ്രായോഗിക പരിശീലനമാണ് ഒരു മണിക്കൂറാക്കുന്നത്. പരിശീലനം കുറ്റമറ്റതാക്കി നിലവാരം ഉയർത്താനും പഠിതാക്കൾക്കു കൂടുതൽ സമയം ലഭിക്കാനുമാണിതെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റൂസിയാൻ പറഞ്ഞു.

കൂടാതെ ഒരു ദിവസം എടുക്കാവുന്ന പരമാവധി ക്ലാസുകളുടെ എണ്ണം നാലാക്കി കുറച്ചു. തുടർച്ചയായി രണ്ടുമണിക്കൂർ പരിശീലനത്തിനുശേഷം ഒരു മണിക്കൂർ ഇടവേള വേണമെന്നും നിർദേശമുണ്ട്. പരിശീലന ദൈർഘ്യം കൂട്ടിയതനുസരിച്ച് മൊത്തം ക്ലാസുകളുടെ എണ്ണം ഇരുപതാക്കി. നേരത്തേ ഇതു 40 ക്ലാസുകളായിരുന്നു. മറ്റു രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കു ക്ലാസുകളിൽ ഇളവുണ്ട്.

അഞ്ചുവർഷം പൂർത്തിയായ ലൈസൻസുള്ളവർക്ക് 10 ക്ലാസും രണ്ടുമുതൽ നാലുവർഷം പിന്നിട്ട ലൈസൻസുള്ളവർക്ക് 15 ക്ലാസും എടുത്താൽ മതി. ഇതിനു പുറമേ ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതു ഞായറാഴ്‌ച മുതൽ ഓൺലൈൻ വഴി ആയിരിക്കുമെന്ന് ആർടിഎ വ്യക്‌തമാക്കി. നവംബർ 21 മുതൽ മറ്റു ലൈസൻസുകൾ പുതുക്കുന്നതും ഓൺലൈൻ വഴിയായിരിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.