Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദും ഓണവും ഒരുമിച്ചെത്തി; ആഘോഷമാക്കാൻ പ്രവാസികൾ

eid-uae ബലി പെരുന്നാളാഘോഷത്തിനായി ഷാർജ അൽ ജുബൈലിലെ ബേർഡ്സ് ആൻഡ് ആനിമൽ മാർക്കറ്റിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്.

ദുബായ് ​∙ ബലിപെരുന്നാളും ഓണവും അടുത്തടുത്തു വന്നതോടെ യുഎഇയിലെ വിപണികളിൽ തിരക്കേറി. വസ്ത്രങ്ങൾ, പാദരക്ഷകൾ, മധുരപലഹാരങ്ങൾ, ഇറച്ചി, മീൻ, പച്ചക്കറി തുടങ്ങിയ വിപണികളിൽ ഇന്നലെ രാത്രി വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് തിരക്ക് ഇതിലും കൂടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ​പതിവുപോലെ പുത്തനുടുപ്പ് വാങ്ങാനാണു തിരക്ക്. പെരുന്നാൾ പ്രമാണിച്ചു വിപണിയിൽ വിലക്കൂടുതൽ എന്ന പരാതിയില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു.

പാക്കിസ്ഥാനിൽ നിന്നെത്തുന്ന ചുരിദാർ, സൽവാർ കമ്മീസ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെയെന്നു വ്യാപാരികൾ പറയുന്നു. ​ഉത്തരേന്ത്യ, സ്വദേശികൾ‌, പാക്കിസ്ഥാനികൾ, ഇറാനികൾ തുടങ്ങിയവരാണ് മധുരപലഹാരം കൂടുതലും വാങ്ങിക്കുന്നത്. ഷാർജ ബേർഡ്സ് ആൻ‍ഡ‍് ആനിമൽ മാർക്കറ്റിൽ കോഴിയിറച്ചിക്ക് ആവശ്യക്കാർ ഏറെ. ആവശ്യക്കാർ തിരഞ്ഞെടുക്കുന്ന കോഴി അവിടെ തന്നെ അറുത്തു നൽകുകയാണ് ചെയ്യുന്നത്. തൂക്കത്തിനനുസരിച്ച് 15 ദിർഹം മുതലാണ് വില. നാടൻ, ബ്രോയിലർ കോഴികളാണ് ഇവിടെ ലഭിക്കുക.

സൂപ്പർ മാർക്കറ്റുകളിൽ ഫ്രഷ് ചിക്കന് 11 മുതൽ 18.50 ദിർഹം വരെ വിലയുണ്ട്. ഇന്ത്യൻ ആട്ടിറച്ചിക്കും ബീഫിനുമാണ് വിപണിയിൽ വൻ ഡിമാൻഡ്. ഇന്ത്യൻ ആട്ടിറച്ചി കിലോയ്ക്ക് 32 ദിർഹമാണ് ഇന്നലത്തെ വില. പാക്കിസ്ഥാൻ, സൊമാലിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവയ്ക്ക് കിലോയ്ക്ക് മുപ്പതും. അതേസമയം എല്ലില്ലാത്ത ഇന്ത്യൻ ബീഫിന് ഇരുപത്തൊൻപതും എല്ലുള്ളവയ്ക്ക് 20 ദിർഹവും ഇൗടാക്കുന്നു. പെരുന്നാൾ, ഓണം പ്രമാണിച്ചു വിപണിയിൽ വൻതോതിൽ പഴം–പച്ചക്കറി എത്തിയിട്ടുണ്ട്.

എന്നാൽ, വിലയിൽ മാറ്റമുണ്ടായിട്ടില്ല. എല്ലാ വിപണികളിലും മുനിസിപ്പാലിറ്റി അധികൃതരുടെ സജീവമായ പരിശോധനയും നടക്കുന്നുണ്ട്. ​ഓണത്തിന് അവധിയില്ലെങ്കിലും പെരുന്നാൾ അവധി ദിവസങ്ങളിൽ ഓണാഘോഷവും നടക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇന്നുമുതൽ മൂന്നു ദിവസവും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അഞ്ച് ദിവസവുമാണ് പെരുന്നാൾ അവധി. നാല് വാരാന്ത്യ അവധി ദിനങ്ങൾ കൂടി ലഭിക്കുമ്പോൾ പൊതുമേഖലയുടെ അവധി ഒൻപതു ദിവസമാകും.

ശനിയാഴ്ച അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അഞ്ചുദിവസം അവധി ലഭിക്കും. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന, കുടുംബം നാട്ടിലുള്ള ഇന്ത്യക്കാർ അവധിയാഘോഷിക്കാനായി നാട്ടിലേക്കു പോയിത്തുടങ്ങി. വിമാന ടിക്കറ്റ് ഉയർന്നതിനെ തുടർന്നു വലിയൊരു ശതമാനം പേർ നേരത്തേ തീരുമാനിച്ചിരുന്ന യാത്ര വേണ്ടെന്നു വച്ചിട്ടുമുണ്ട്.

യാത്രയ്ക്ക് ഒമാനും വടക്കൻ എമിറേറ്റുകളും

രണ്ടു വാരാന്ത്യ അവധി ദിനങ്ങൾ കൂടിച്ചേർത്ത് മലയാളികളിൽ വലിയൊരു ശതമാനം ഒമാനിലേക്കു യാത്ര പോകാനാണ് തീരുമാനം. ഒമാനിൽ ബന്ധുക്കളും സുഹൃത്തുക്കളുമുള്ളവർ വെള്ളിയാഴ്ച തന്നെ യാത്ര പുറപ്പെട്ടു കഴിഞ്ഞു. മറ്റു പലരും ഇന്നു യാത്ര തിരിക്കും. സലാലയാണ് എല്ലാവരുടെയും പ്രധാന ലക്ഷ്യം. മറ്റു വിനോദസഞ്ചാര മേഖലകളായ ജബൽ അഖ്ദർ, ജബൽ ശംസ്, ഒമാൻ കടലിലെ തിമിംഗല കാഴ്ച എന്നിവയും സഞ്ചാരികൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ചൂടിനു നേരിയ കുറവുണ്ടായി അനുകൂല കാലാവസ്ഥയായതും ഒമാൻ യാത്രക്കാർക്ക് അനുഗ്രഹമായി.

മറ്റുള്ളവർ യുഎഇയിലെ തന്നെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പരിപാടി ആസൂത്രണം ചെയ്യുന്നു. വടക്കൻ എമിറേറ്റുകളിലെ പ്രധാന വിനോദകേന്ദ്രങ്ങളും അൽഐൻ, അബുദാബി യാസ് ഐലൻഡ് തുടങ്ങിയവയും കുടുംബങ്ങളുടെ പ്രിയ കേന്ദ്രങ്ങളാണ്. പെരുന്നാൾ സായാഹ്നങ്ങൾ യുഎഇയിലെ കടൽത്തീരങ്ങളും പാർക്കുകളും സന്ദർശകരെ കൊണ്ട് നിറയും. ദുബായ് മെട്രോ, ട്രാം, പൊതുബസ്, ടാക്സികൾ തുടങ്ങിയവയും തിരക്ക് കണക്കിലെടുത്ത് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

സിനിമ, സ്റ്റേജ് പരിപാടികൾ

ആൻ മരിയ കലിപ്പിലാണ്, പ്രേതം എന്നിവയാണ് യുഎഇ തിയറ്ററുകളിലെ പെരുന്നാൾ–ഓണക്കാല മലയാള സിനിമകൾ. വിക്രമിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ഇരുമുഗൻ, ബാർബാർ ദേഖോ (ഹിന്ദി), ഫ്രീക്കി അലി (ഹിന്ദി) എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ചലച്ചിത്ര പിന്നണി ഗായകർ അണിനിരക്കുന്ന സ്റ്റേജ് പരിപാടികളും ദുബായിലെ പെരുന്നാൾ–ഓണം ആഘോഷത്തിന് പൊലിമ കൂട്ടും. പല സംഘടനകളും സ്ഥാപനങ്ങളും ഇതിനകം ഓണാഘോഷം ആരംഭിച്ചിട്ടുണ്ട്. പൂക്കളവും ഓണസദ്യയുമാണ് ആഘോഷങ്ങളുടെ ഏറ്റവുംവലിയ ആകർഷണം. ഫ്ലാറ്റുകളിലും കുടുംബങ്ങൾ ഒത്തുചേർന്ന് ഓണാഘോഷം തകൃതിയാക്കുന്നു.

എമിറേറ്റുകളിലെ പെരുനാൾ നമസ്കാര സമയം

അബുദാബി – രാവിലെ 6.19
ദുബായ് – രാവിലെ 6.25
ഷാർജ – രാവിലെ 6.23
അജ്മാൻ – രാവിലെ 6.23
റാസൽഖൈമ – രാവിലെ 6.21
ഫുജൈറ – രാവിലെ 6.20
ഉമ്മുൽഖുവൈൻ – രാവിലെ 6.23

Your Rating: