Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിഹാദ് എയർവേയ്‌സ് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസുകൾ തുടങ്ങുന്നു

ethiad

അബുദാബി ∙ യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ജെറ്റ് എയർവേയ്‌സുമായി സഹകരിച്ച് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നു. അടുത്ത വർഷം ആദ്യ പാദത്തോടെ പുതിയ സർവീസുകൾ തുടങ്ങും. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അബുദാബി പ്രധാന ഹബ് ആക്കിക്കൊണ്ട് ജെറ്റ് എയർവേയ്‌സുമായി യോജിച്ച് വ്യോമയാന സേവനങ്ങൾ ചെയ്യാനാണ് ഇത്തിഹാദ് എയർവേയ്‌സിന്റെ ലക്ഷ്യം.

നിലവിൽ അബുദാബിയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്‌ചയിൽ 175 സർവീസുകളാണ് ഇത്തിഹാദ് എയർവേയ്‌സ് നടത്തുന്നത്. അതോടൊപ്പം ഇത്തിഹാദ് എയർവേയ്‌സ്-ജെറ്റ് എയർവേയ്‌സ് പങ്കാളിത്തത്തിൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 15 പട്ടണങ്ങളുമായി ബന്ധിപ്പിച്ച് ഇന്ത്യയിലുടനീളം 252 സർവീസുകളും നടത്തും. 2017ൽ 18 ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്‌ചയിൽ 280 സർവീസുകൾ നടത്താനാണു ലക്ഷ്യം.

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് നാലാമത്തെ പ്രതിദിന സർവീസ് അടുത്ത മാർച്ച് അവസാനം ആരംഭിക്കും. 2017 ഫെബ്രുവരി ഒന്നു മുതൽ അഹമ്മദാബാദിലേക്ക് ഇത്തിഹാദ് പുതിയ പ്രതിദിന സർവീസ് ആരംഭിക്കും. ഫെബ്രുവരി ഒന്നു മുതൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ (ട്രിച്ചി) നിന്ന് അബുദാബിയിലേക്ക് ജെറ്റ് എയർവേയ്സ് പ്രതിദിന വിമാന സർവീസ് ആരംഭിക്കും.

2017 ജനുവരി 15 മുതൽ ജെറ്റ് എയർവേയ്‌സ് ന്യൂഡൽഹി- അബുദാബി റൂട്ടിൽ രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. ഇത്തിഹാദ് എയർവേയ്‌സ് ഇതിനകം രണ്ട് രാജ്യങ്ങളുടെയും തലസ്‌ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പ്രതിദിനം മൂന്നു വിമാന സർവീസുകളാണ് നടത്തുന്നത്.

അബുദാബിയിൽ നിന്ന് 2004 സെപ്‌റ്റംബറിൽ മുംബൈയിലേക്കാണ് ഇത്തിഹാദ് എയർവേയ്‌സ് വിമാന സർവീസ് ഇന്ത്യയിലേക്ക് ആരംഭിച്ചത്. അതിവേഗം ഇന്ത്യയിലെ 10 നഗരങ്ങളിലേക്ക് ഒട്ടേറെ റൂട്ടുകളിൽ സർവീസ് ആരംഭിക്കാനായി. പ്രതിദിന വിമാന സർവീസുകളും വിവിധ റൂട്ടുകളിൽ തുടങ്ങി. എ-380 എയർബസ് 2016 മേയിൽ മുംബൈയിലേക്ക് ആരംഭിച്ചതും സുവർണ നേട്ടമായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.