Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്‌സ്‌പോ: വൻ പദ്ധതികൾ ഒരു കുടക്കീഴിൽ

dubai-expo 2020 എക്‌സ്‌പോയുടെ പ്രധാന വേദികളിലൊന്നിന്റെ രൂപരേഖ

ദുബായ് ∙ യുഎഇയിൽ പുതിയൊരു വികസന യുഗത്തിനു തുടക്കം കുറിക്കാനും സാമ്പത്തിക മുന്നേറ്റത്തിന് ഊർജമേകാനും കഴിയുംവിധം 2020 എക്‌സ്‌പോയോട് അനുബന്ധിച്ച് വൻപദ്ധതികൾ ഒരു കുടക്കീഴിലേക്ക്. എക്‌സ്‌പോ കഴിഞ്ഞാലും നിർമിതികളും അനുബന്ധ സംവിധാനങ്ങളും വികസന പദ്ധതികൾക്ക് ഉപയോഗിക്കും. ഗതാഗതം, ലോജിസ്‌റ്റിക്‌സ്, ട്രാവൽ ആൻഡ് ടൂറിസം, റിയൽ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഒരു വേദിയിലാക്കി വികസനം എന്ന ലക്ഷ്യത്തിലേക്കു കുതിക്കാൻ ലക്ഷ്യമിടുന്നതായി സിറ്റി സ്‌കേപ്പ് കോൺഫറൻസിൽ എക്‌സ്‌പോ 2020 വൈസ്‌ പ്രസിഡന്റ് മർജാൻ ഫരൈദൂനി പറഞ്ഞു.

4.38 ചതുരശ്ര കിലോമീറ്റർ വരുന്ന എക്‌സ്‌പോ വേദി നവീന ആശയങ്ങൾ യാഥാർഥ്യമാക്കുന്ന രാജ്യാന്തര കേന്ദ്രമാകും. മേഖലയ്‌ക്കു മാത്രമല്ല, ലോകത്തിനാകെയും ഇതിന്റെ ഗുണം ലഭിക്കും. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച്, പരിസ്‌ഥിതിയെ ഒട്ടുംബാധിക്കാത്തവിധമാകും എക്‌സ്‌പോ നടത്തുക. നിർമാണ പ്രവർത്തനങ്ങളിലും ഇതുപാലിക്കും. എക്‌സ്‌പോ വേദിയിൽ ഉപയോഗിക്കുന്നതു പകുതിയും പാരമ്പര്യേതര ഊർജമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

മധ്യപൂർവദേശം, വടക്കൻ ആഫ്രിക്കൻ മേഖലകളിലേക്ക് ആദ്യമായി കടന്നുവരുന്ന ആഗോളമേള എന്ന നിലയ്‌ക്ക് ഏറെ പ്രാധാന്യമുള്ള എക്‌സ്‌പോ 2020 ഒക്‌ടോബർ 20 മുതൽ 2021 ഏപ്രിൽ പത്തുവരെയാണു നടക്കുക. ആറുമാസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നു രണ്ടരക്കോടി സന്ദർശകർ യുഎഇയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ദീർഘകാലാടിസ്‌ഥാനത്തിലുള്ള സംരംഭങ്ങൾക്കാണ് എക്‌സ്‌പോ വേദിയിൽ തുടക്കമാകുക. ഇതിനുള്ള വികസന രൂപരേഖ തയാറാക്കിയിട്ടുണ്ട്.

എക്‌സ്‌പോ പൂർണമാകുന്നതോടെ നിക്ഷേപത്തിന്റെ 80 ശതമാനത്തിലേറെയും തിരികെ ലഭിക്കും. എക്‌സ്‌പോ വേദിയോട് അനുബന്ധിച്ച് പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങളും റോഡുകളും പാലങ്ങളും ഉപപാതകളും വൈദ്യുതി–ജല സംവിധാനവുമെല്ലാം സജ്‌ജമാകുകയാണ്. ഇവയെല്ലാം തുടർന്നും ഉപയോഗപ്പെടുത്താം. എക്‌സ്‌പോയ്‌ക്കായി ഒരുക്കുന്നതു താൽക്കാലിക സംവിധാനങ്ങളല്ല.

എക്‌സ്‌പോ കഴിയുമ്പോൾ കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കുന്ന രീതിയാണു പലയിടങ്ങളിലുമുള്ളത്. എക്‌സ്‌പോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 500 കോടിയിലേറെ ദിർഹം ചെലവഴിക്കുമെന്ന് ദുബായ്‌ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്‌ഥാന സൗകര്യവികസനം, അഴുക്കുചാൽ പദ്ധതി, പുതിയ കെട്ടിടങ്ങൾ, ഹരിതമേഖലകളുടെ വ്യാപനം തുടങ്ങിയവയ്‌ക്കായി ഇതുപയോഗപ്പെടുത്തും.

എക്‌സ്‌പോ മേഖലയായ ജബൽ അലിയിലെ ദുബായ്‌ ട്രേഡ് സെന്ററിന്റെ സമീപം 438 ഹെക്‌ടറിൽ ശുദ്ധജല–ജലസേചന പദ്ധതികൾ, മാലിന്യ നിർമാർജന സംവിധാനം, അഴുക്കുചാലുകൾ തുടങ്ങിയവ പൂർത്തിയാക്കും. കൂടുതൽ ഹരിതമേഖലകൾ, ഹരിതമന്ദിര സമുച്ചയങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഉന്നതനിലവാരമുള്ള ലോജിസ്‌റ്റിക്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കുമെന്ന്‌ ഡിപി വേൾഡ്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്താദ്യമായാണ് ഇത്തരമൊരു സ്‌ഥാപനം. ഈരംഗത്ത് ദുബായ് ആർജിച്ച അറിവുകൾ മറ്റുള്ളവർക്കു പകർന്നു നൽകാൻ ഇതു സഹായകമാകും. മെട്രോപാത ദീർഘിപ്പിക്കൽ ഉൾപ്പെടെയുള്ള പദ്ധതികളാണ് ആർടിഎ നടപ്പാക്കുക. റെഡ്‌ലൈനിൽ നഖീൽ ഹാർബർ ആൻഡ് ടവർ മെട്രോ സ്‌റ്റേഷനിൽനിന്ന് പുതിയ പാത എക്‌സ്‌പോ വേദിയിലേക്ക് നീട്ടും. വാർത്താവിനിമയ രംഗത്ത് ഒട്ടേറെ നവീകരണ പദ്ധതികൾ ഇത്തിസലാത്തു നടപ്പാക്കും. ആതിഥേയ മേഖലകളിലടക്കം അൽഹബ്‌തൂർ ഗ്രൂപ്പ് 1300 കോടി ദിർഹമാണ് ചെലവഴിക്കുന്നത്.

ഒരുങ്ങുന്നു, വികസന സാമ്രാജ്യങ്ങൾ

വേൾഡ് എക്‌സ്‌പോയ്‌ക്ക് 2500 കോടി ദിർഹം ചെലവു പ്രതീക്ഷിക്കുന്നു. വരുംവർഷങ്ങളിൽ നിർമാണ സാമഗ്രികളിലും മറ്റുമുണ്ടാകുന്ന വിലവർധന കൂടി കണക്കിലെടുത്താൽ ഇതുയർന്നേക്കാം. എക്‌സ്‌പോ വേദിക്കു സമീപമാണ് അൽ മക്‌തൂം വിമാനത്താവളവും ദുബായ് സൗത്ത് പദ്ധതിയുമെന്ന പ്രത്യേകതയുമുണ്ട്. എക്‌സ്‌പോയിലെ സന്ദർശരെ ആകർഷിക്കാൻ ദുബായ് സൗത്ത് ആകർഷിക്കുമെന്നു പ്രതീക്ഷിക്കുന്നു.

അൽ മക്‌തൂം വിമാനത്താവളം, ഏവിയേഷൻ ഡിസ്‌ട്രിക്‌ട്, ലോജിസ്‌റ്റിക് ഡിസ്‌ട്രിക്‌ട് എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർക്കും പുതിയ നഗരം പ്രയോജനപ്പെടും. അൽ മക്‌തൂം വിമാനത്താവളം പൂർണമായും സജ്‌ജമാകുന്നതോടെ 22 കോടി യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോ പദ്ധതികളെക്കുറിച്ച് കൂടുതലറിയാൻ സിറ്റി സ്‌കേപ്പ് സഹായകമാകുന്നതായി രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.

Your Rating: