Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക മുന്നേറ്റത്തിന് ഊർജം പകർന്ന് ഷാർജ എഫ്‌ഡിഐ ഫോറം

fdi ഷാർജ ഫോറിൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫോറം ഉദ്‌ഘാടനം ചെയ്‌തശേഷം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വിവിധ പദ്ധതികളുടെ രൂപരേഖ പരിശോധിക്കുന്നു.

ഷാർജ ∙ വൈവിധ്യവൽക്കരണ നടപടികൾ കൂടുതൽ മേഖലകളിൽ നടപ്പാക്കി എണ്ണയിലുള്ള ആശ്രിതത്വം പൂർണമായും ഇല്ലാതാക്കാൻ യുഎഇ ലക്ഷ്യമിടുന്നതായി സാമ്പത്തികകാര്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര–വ്യവസായ വിഭാഗം അണ്ടർ സെക്രട്ടറി അബ്‌ദുല്ല അൽ സാലിഹ്. എണ്ണയിൽ അധിഷ്‌ഠിതമായ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ തോത് 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയ്‌ക്കുകയും നേരിട്ടുള്ള വിദേശനിക്ഷേപം കൂട്ടിക്കൊണ്ടുവരികയും ചെയ്യും.

കൂടുതൽ സ്വതന്ത്രവ്യാപാര കരാറുകളിലൂടെ സാമ്പത്തിക മേഖലയിൽ മുന്നേറ്റം നടത്തുമെന്നും ഷാർജ വിദേശനിക്ഷേപക സംഗമത്തിൽ (ഷാർജ എഫ്‌ഡിഐ ഫോറം 2016) വ്യക്‌തമാക്കി. രാജ്യാന്തരതലത്തിൽ എണ്ണവിലയിൽ നിലനിൽക്കുന്ന അസ്‌ഥിരത കണക്കിലെടുത്തു സാമ്പത്തികരംഗത്ത് വൈവിധ്യവൽക്കരണ പദ്ധതികൾ ഊർജിതമാക്കുമെന്നും സാലിഹ് പറഞ്ഞു. യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിൻമാറിയതുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള സംഭവവികാസങ്ങൾ സാമ്പത്തിക മേഖലയിലും പ്രതിഫലിച്ചിട്ടുണ്ട്.

എണ്ണയെ മാത്രം ആശ്രയിച്ച് ഒരു സമ്പദ്‌വ്യവസ്‌ഥയ്‌ക്കും നിലനിൽക്കാനാവില്ല. ഷാർജ ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുരൂഖ്)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫോറം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്‌തു. ഷാർജയിൽ വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ടു സംഘടിപ്പിച്ച ഫോറത്തിൽ വിവിധ മേഖലകളിൽനിന്നുള്ള നിക്ഷേപകർ പങ്കെടുത്തു.

എമിറേറ്റിൽ തുടക്കമിട്ട പല സംരംഭങ്ങളും മേഖലാ–രാജ്യന്തര തലങ്ങളിലേക്കു പടർന്നു പന്തലിച്ച് നിക്ഷേപകർക്കു കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു. വേഗവും സുതാര്യവുമായ നടപടിക്രമങ്ങളാണുള്ളത്. ഫ്രീസോണുകളിൽ ഉൾപ്പെടെ കൂടുതൽ നിക്ഷേപകർ കടന്നുവരുന്നു. രാജ്യാന്തരതലത്തിൽ രാഷ്‌ട്രീയമായി ഉൾപ്പെടെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ നിക്ഷേപരംഗത്തു പൊതുവേ തിരിച്ചടിയുണ്ടാകുന്നുണ്ട്.

കൂടുതൽ അവസരങ്ങൾ കണ്ടെത്തി നിക്ഷേപം കൂട്ടിക്കൊണ്ടുവരാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഫോറം അവസരമൊരുക്കുന്നു. ഷാർജ മീഡിയാ കോർപറേഷൻ ചെയർമാൻ ഷെയ്‌ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഷുരൂഖ് ചെയർപഴ്‌സൻ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ഷുരൂഖ് സിഇഒ മർവാൻ ബിൻ ജാസിം അൽ സർകാൽ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

വേണം സാംസ്‌കാരിക വളർച്ചയും: ഷെയ്‌ഖ് ഡോ. സുൽത്താൻ

ഊഷ്‌മളവും ഉറച്ചതുമായ സാമൂഹിക ബന്ധങ്ങളെയും മൂല്യാധിഷ്‌ഠിത സംസ്‌കാരത്തെയും സമ്പന്നമാക്കാൻ കഴിയുന്ന സമ്പദ്‌വ്യവസ്‌ഥയാണ് യാഥാർഥ്യമാകേണ്ടതെന്നു സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിപ്രായപ്പെട്ടു. വ്യക്‌തിയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിന് ഇതു വഴിയൊരുക്കും.

കലയ്‌ക്കും സാഹിത്യത്തിനും ജീവിതമൂല്യങ്ങൾക്കും ഉണർവും ഉറപ്പുമേകാൻ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു കഴിയണം. ഇവയെല്ലാം ചേരുന്നതാണ് ഒരു രാജ്യത്തിന്റെ യഥാർഥ സമ്പത്ത്. ജീവിതമൂല്യങ്ങൾ ഉൾക്കൊള്ളുന്ന സമൂഹത്തിനു മാത്രമാണ് വിജയിക്കാനാകുക. ശാസ്‌ത്ര–സാങ്കേതിക രംഗങ്ങളിലും വിവര സാങ്കേതിക വിദ്യയിലും മുന്നേറാൻ കഴിയണം. വ്യാപാരബന്ധങ്ങളിലൂടെ സാഹിത്യ–സാംസ്‌കാരിക മേഖലകളും വളർച്ച പ്രാപിച്ചതായി ചരിത്രം പരിശോധിച്ചാൽ വ്യക്‌തമാകും.

സാഹിത്യ ഗ്രന്ഥങ്ങളും തത്വസംഹിതകളും ഇങ്ങനെ ലോകമെങ്ങും പ്രചരിച്ചു. സാമ്പത്തിക ക്രയവിക്രയം എന്നതിലുപരി വൈജ്‌ഞാനിക തലത്തിലേക്കു വളരാനും വ്യാപാരബന്ധങ്ങൾ വഴിയൊരുക്കിയെന്നും ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ മികവു പുലർത്തിയവർക്കു ഷെയ്‌ഖ് ഡോ. സുൽത്താൻ പുരസ്‌കാരം സമ്മാനിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.