Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗ്രോ യുവർ ഫുഡ്’ ക്യാംപെയ്ന് തുടക്കം

grow-food ഗ്രോ യുവർ ഫുഡ് സംരംഭം ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത ഉദ്ഘാടനം ചെയ്തപ്പോൾ

ദുബായ് ∙ ഭക്ഷ്യസുരക്ഷയെന്ന ആശയം മുൻനിർത്തി ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന ‘ഗ്രോ യുവർ ഫുഡ്’ ക്യാംപെയ്ൻ ആരംഭിച്ചു. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത ഉദ്ഘാടനം ചെയ്തു. വീടുകളുടെ ടെറസുകളിലും മട്ടുപ്പാവിലും പച്ചക്കറികളും പഴങ്ങളും കൃഷിചെയ്യാൻ പ്രോൽസാഹിപ്പിക്കുന്ന ഹരിത ക്യാംപെയ്നാണു ഗ്രോ യുവർ ഫുഡ്. രണ്ടാം വർഷമാണു മുനിസിപ്പാലിറ്റി പദ്ധതി നടപ്പാക്കുന്നത്. യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ ക്യാംപെയ്നിൽ പങ്കാളികളാകും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പട്ടിണിയും പോഷകാഹാരക്കുറവും രണ്ടായിരത്തിമുപ്പതോടെ തുടച്ചുമാറ്റുകയെന്ന എഫ്എഒ ലക്ഷ്യത്തോടു ചേർന്നുനിൽക്കുന്നതാണു പദ്ധതി.

ഭക്ഷ്യസുരക്ഷ സുസ്ഥിരത സംസ്കാരം യുഎഇ സമൂഹത്തിൽ വളർത്താനും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷിചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുമാണു ക്യാംപെയ്ൻ നടത്തുന്നതെന്നു ദുബായ് മുനിസിപ്പാലിറ്റി ഹെൽത്ത്, സേഫ്റ്റി, എൻവയൺമെന്റ് കൺട്രോൾ അസി. ഡയറക്ടർ ജനറൽ ഖാലിദ് മുഹമ്മദ് ഷെറീഫ് അൽ അവാധി അറിയിച്ചു.

ഭക്ഷ്യസുരക്ഷയുടെ പ്രോൽസാഹനത്തിലൂടെ സുസ്ഥിരവും ആനന്ദദായകവുമായ ഒരു നഗരം നിർമിക്കുകയെന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യവും ഇതോടൊപ്പമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ശാരീരിക വൈകല്യമുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഈ വർഷത്തെ പ്രത്യേകത. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികൾ, എമിറേറ്റിലെ താമസക്കാർ എന്നിങ്ങനെയാണു മൽസര വിഭാഗങ്ങൾ.

സുസ്ഥിരതയുടെ അടിസ്ഥാന ആശയങ്ങൾ നിലനിർത്തി, പരിസ്ഥിതിയെ സംരക്ഷിക്കാൻ ഭഷ്യസുരക്ഷയ്ക്കായി ക്രിയാത്മകമായി സംഭാവനചെയ്യാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണു പദ്ധതിയെന്ന് എഫ്എഒ ഡപ്യൂട്ടി റീജനൽ റെപ്രസന്റെറ്റീവ് നബിൽ ഗംഗി അറിയിച്ചു. ക്യാംപെയ്നിന്റെ ജൂറികളിലൊരാളാണ് ഗംഗി.

കഴിഞ്ഞവർഷം ലോക ഭക്ഷ്യദിനത്തിൽ ആരംഭിച്ച ക്യാംപെയ്നിൽ യുഎഇ പൗരൻമാരും പ്രവാസികളും പങ്കെടുത്തു. വീടുകളിൽ കൃഷിചെയ്യുന്നതു സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ പദ്ധതി ഉപകരിച്ചു. തുടർന്നാണ് എല്ലാ വർഷവും പദ്ധതി തുടരാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചത്. വീടുകളിലും സ്കൂളുകളിലും എങ്ങനെ കൃഷിചെയ്യാമെന്നതിനെക്കുറിച്ച് ലഘുലേഖകൾ മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷം വിതരണം ചെയ്തിരുന്നു. പ്രദേശത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി കൃഷിയിടം കണ്ടെത്തുകയെന്നതാണ് ആദ്യഘട്ടം.

സസ്യങ്ങൾ, ജലസേചന സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ളതാണു രണ്ടാമത്തെ ഘട്ടം. പരിശീലന കളരികളിലൂടെയാണ് ഈ വർഷം ക്യാംപെയ്ൻ ആരംഭിക്കുന്നത്. രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയിലുള്ള കൃഷിരീതികളെക്കുറിച്ച് പരിശീലന കളരിയിൽ പ്രതിപാദിക്കും.

പരിശീലന കളരിക്കു ശേഷം മത്സരത്തിനും അവസരം

പരിശീലന കളരിക്കു ശേഷം മൽസരത്തിനായി റജിസ്റ്റർ ചെയ്യാം. കൃഷിചെയ്യുന്നതിനു മൂന്നുമാസത്തോളം സമയം നൽകും. തുടർന്നു വിളവിന്റെ ചിത്രങ്ങൾ അയയ്ക്കാം. കൃഷിയിടങ്ങൾ വിലയിരുത്തിയതിനുശേഷം പത്തുപേരെ ഓരോ വിഭാഗത്തിൽനിന്നും തിരഞ്ഞെടുക്കും. പിന്നീട് ഈ കൃഷിയിടങ്ങൾ ജൂറി അംഗങ്ങൾ സന്ദർശിക്കും. ഓരോ വിഭാഗത്തിൽനിന്നു പിന്നീട് വിജയികളെ പ്രഖ്യാപിക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷ, പബ്ലിക് പാർക്സ് ആൻഡ് ഹോൾട്ടികൾച്ചർ വകുപ്പ്, വിദ്യാഭ്യാസ വിഭാഗം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, സ്പോൺസർമാരുടെ പ്രതിനിധികൾ തുടങ്ങിയവരായിരിക്കും ജൂറി അംഗങ്ങൾ.

ഷോപ്പിങ് സെന്ററുകൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്ലോബൽ വില്ലേജ്, സ്കൂളുകൾ, സർവകലാശാലകൾ, കമ്പനികൾ, വാണിജ്യസമുച്ചയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാംപെയ്നുകൾ സംഘടിപ്പിക്കും. കൂടാതെ, ലഘുലേഖകൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ പ്രചാരണം നടത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.