Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ മേഖലകളിലും പുരോഗതി യാഥാർഥ്യമാക്കാൻ ദുബായ്

ദുബായ് ∙ ജനജീവിതത്തിൽ വിപ്ലവകരമായ പുരോഗതി യാഥാർഥ്യമാക്കി ദുബായിയെ ഭാവിയുടെ നഗരമാക്കുമെന്നു ദുബായ് കിരീടാവകാശിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ചെയർമാനുമായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം. നിർമാണം, ഗതാഗതം, ഊർജം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും വൻമുന്നേറ്റം നടത്തി മികവിന്റെ രാജ്യാന്തര ആസ്‌ഥാനമാക്കി മാറ്റും. ഭാവിക്കായി കാത്തിരിക്കാതെ ലക്ഷ്യങ്ങൾ ഉടൻ കീഴടക്കാനുള്ള ഇച്‌ഛാശക്‌തി ആർജിക്കണമെന്നും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ആസ്‌ഥാനത്തു സന്ദർശനം നടത്തിയ ഷെയ്‌ഖ് ഹംദാൻ പറഞ്ഞു.

ഫൗണ്ടേഷൻ സിഇഒ: സെയിഫ് അൽ അലീലിയും ഒപ്പമുണ്ടായിരുന്നു. പുത്തൻ പരീക്ഷണങ്ങളിലൂടെ കൂടുതൽ മേഖലകളിലേക്കു കുതിക്കാൻ കഴിയണം.
സമ്പദ് വ്യവസ്‌ഥയുടെ ഉന്നമനവും സാമൂഹികവികസനവും ലക്ഷ്യമിട്ടു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്‌തൂം തുടക്കമിട്ട നൂതനവൈജ്‌ഞാനിക സംരംഭം ഇതിന്റെ ഭാഗമാണ്.

കഠിന പരിശ്രമത്തിന്റെ ഉൽപന്നമാണ് ശോഭനഭാവി. ഭാവിപദ്ധതികളെക്കുറിച്ചു വ്യക്‌തമായ ധാരണയുണ്ടാക്കുകയും എല്ലാ മേഖലകളും ഒരുമയോടെയും മൽസരക്ഷമതയോടെയും അതിനായി കഠിനാധ്വാനം ചെയ്യുകയും വേണം. കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടാൻ ഇതു സഹായകമാകും. ഭാവി പദ്ധതികൾ ഏകോപിപ്പിക്കുകയെന്ന വലിയ ദൗത്യവും ഫ്യൂച്ചർ ഫൗണ്ടേഷനുണ്ട്.

ഇതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. വിവിധ സംരംഭങ്ങൾ ഒരുകുടക്കീഴിലാക്കുമെന്നും ഷെയ്‌ഖ് ഹംദാൻ വ്യക്‌തമാക്കി. ചിത്രങ്ങൾക്കു കൂടുതൽ മികവും സ്വാഭാവികതയുമേകുന്ന ത്രിമാന അച്ചടിയുടെ രാജ്യാന്തര കേന്ദ്രമാകാൻ ദുബായ് തയാറെടുത്തുകഴിഞ്ഞു. ഈ രംഗത്തെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കും. 2030 ആകുമ്പോഴേക്കും ത്രീഡി അച്ചടി രംഗത്ത് വൻമുന്നേറ്റം നടത്താനാകും.

ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പ്രഖ്യാപിച്ച ത്രീഡി പ്രിന്റിങ് സ്‌ട്രാറ്റജിയുടെ ഭാഗമായാണു പുതിയ കർമപരിപാടികൾ പുരോഗമിക്കുന്നത്. നിർമാണം, എണ്ണ–വാതകം, അടിസ്‌ഥാനസൗകര്യം, ലോജിസ്‌റ്റിക്‌സ്, മെഡിക്കൽ തുടങ്ങിയ മേഖലകൾക്ക് ഈ സാങ്കേതികവിദ്യ ഏറെ സഹായകമാണ്. ത്രീഡി പ്രിന്റിങ് മേഖലയുടെ വിപണിയിലെ മൂല്യം 2013ൽ 250 കോടി ഡോളർ ആയിരുന്നെങ്കിൽ 2018 ആകുമ്പോഴേക്കും 1620 കോടിയാകുമെന്നും വിദഗ്‌ധർ വിലയിരുത്തുന്നു.

ഭാവി കാഴ്ചകളൊരുക്കാൻ അത്യപൂർവ മ്യൂസിയവും


വൈവിധ്യമാർന്ന പദ്ധതികൾക്കൊപ്പം ഭാവിയിലെ വിസ്‌മയക്കാഴ്‌ചകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന അത്യപൂർവ മ്യൂസിയവും ദുബായിൽ ഒരുങ്ങുകയാണ്. ഭാവി ശാസ്‌ത്ര– സാങ്കേതിക കണ്ടുപിടിത്തങ്ങൾ, വാഹനങ്ങൾ, ആകാശയാനങ്ങൾ, സൗന്ദര്യതീരങ്ങൾ എന്നിവയുടെ അപൂർവലോകമാകും ഇത്.

ഭാവിയിൽ നഗരങ്ങൾക്കു വരാവുന്ന മാറ്റങ്ങൾ, വെല്ലുവിളികൾ, അനിവാര്യമായ കണ്ടുപിടിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യമുണ്ടാകും. ലോകത്തിലെ പ്രമുഖ ഗവേഷകർ, ഡിസൈനർമാർ, നിക്ഷേപകർ തുടങ്ങിയവരുടെ പൊതുവേദിയായിരിക്കും ഇവിടം.  വരും കാലഘട്ടങ്ങളിലെ ലോകത്തെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കാനും ഇതുവഴി കഴിയും. ആരോഗ്യം, വിദ്യാഭ്യാസം, സ്‌മാർട്‌ സിറ്റി, ഊർജം, ഗതാഗതം തുടങ്ങിയ മേഖലകളുടെ പരീക്ഷണകേന്ദ്രം കൂടിയാകും ഇവിടം.

Your Rating: