Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയുടെ പൈതൃക സംരക്ഷണത്തിന് പ്രത്യേക നിയമം

heritage1

അബുദാബി ∙ അബുദാബിയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും ഈ രംഗത്തെ പര്യവേക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും മേൽനോട്ടത്തിനും പ്രത്യേക നിയമം നിലവിൽ വന്നു. പുരാവസ്‌തുക്കൾ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനുമൊക്കെയുള്ള വ്യവസ്‌ഥകൾ കൂടുതൽ കർശനമാക്കി.

നിയമലംഘനങ്ങൾക്കു രണ്ടുവർഷത്തിൽ കവിയാത്ത തടവും അഞ്ചുലക്ഷം മുതൽ ഒരുകോടി ദിർഹംവരെ പിഴയുമാണു ശിക്ഷ. പൈതൃകമേഖലയുടെ സമ്പൂർണ സംരക്ഷണത്തിനും സാംസ്‌കാരിക അവബോധം സമൂഹത്തിൽ വളർത്താനും ലക്ഷ്യമിട്ടുള്ള നിയമത്തിനാണ് യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയത്. അബുദാബി ടൂറിസം ആൻഡ് കൾചർ അതോറിറ്റിക്ക് (ടിസിഎ അബുദാബി) ആയിരിക്കും എമിറേറ്റിന്റെ സാംസ്‌കാരിക മേഖലയുടെ ചുമതല.

heritage2

സ്വദേശി സംസ്‌കാരം നിലനിർത്തിക്കൊണ്ടുള്ള വികസനം, ചരിത്രസ്‌മാരകങ്ങളുടെ സംരക്ഷണം, പൈതൃക മേഖലകളിലെ പര്യവേക്ഷണം, പഠന–ഗവേഷണ പരിപാടി എന്നിവ നിയമത്തിന്റെ പരിധിയിൽ വരുന്നു. മ്യൂസിയങ്ങൾ തുടങ്ങാനുള്ള അനുമതിയും ടിസിഎയുടെ അധികാര പരിധിയിൽ വരുന്നു. പുരാവസ്‌തുക്കളുടെയും മറ്റും ഉടമസ്‌ഥാവകാശം, കൈവശം വയ്‌ക്കൽ, കൈമാറ്റം തുടങ്ങിയവയെക്കുറിച്ചു നിയമത്തിൽ പ്രത്യേക വ്യവസ്‌ഥകളുണ്ട്. പുരാവസ്‌തുക്കൾ എമിറേറ്റിനു പുറത്തു കൊണ്ടുപോകാൻ അനുമതി ആവശ്യമാണ്.

ഇവയുടെ കയറ്റുമതിക്കു പുറമെ, സൂക്ഷിക്കുന്ന സ്‌ഥലത്തുനിന്നു താൽക്കാലികമായിട്ടാണെങ്കിലും മാറ്റുന്നതും നിയമപരിധിക്കുള്ളിലാക്കി. പുതിയ കണ്ടുപിടിത്തങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അധികൃതരെ യഥാസമയം അറിയിച്ചിരിക്കണം. വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമായി സഹകരിച്ച് സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും അബുദാബി ടിസിഎ ആലോചിക്കുന്നു.

ചരിത്രവസ്‌തുക്കളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താനോ താൽക്കാലികമായോ സ്‌ഥിരമായോ എവിടേക്കെങ്കിലും മാറ്റാനോ പാടില്ലെന്നും നിയമം നിഷ്‌കർഷിക്കുന്നു. ഏതു കാര്യത്തിനായാലും മുൻകൂട്ടി അനുമതി വാങ്ങുകയും നടപടിക്രമങ്ങൾ പാലിക്കുകയും വേണം. ചരിത്രമേഖലകൾ ഏതെങ്കിലും വിധത്തിലുള്ള വാണിജ്യ–വ്യവസായ, കാർഷിക, നിക്ഷേപ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അനുമതി നൽകില്ല.

പര്യവേക്ഷണമോ ഗവേഷണമോ മറ്റേതെങ്കിലും തരത്തിലുള്ള പദ്ധതിയോ ആയാലും ടിസിഎയുടെ ലൈസൻസ് ഉണ്ടായിരിക്കണം. ഏതുവിധത്തിലുള്ള കണ്ടെത്തൽ ആയാലും പൂർണ ഉടമസ്‌ഥാവകാശം അബുദാബി എമിറേറ്റിന് ആയിരിക്കുമെന്നും നിയമം നിഷ്‌കർഷിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.