Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈതൃക അറിവുകൾ ഇനി പാഠപുസ്‌തകങ്ങളിലേക്ക്

heritage ഷാർജ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിന്റെ പാഠ്യപദ്ധതികളെക്കുറിച്ചു വിശദീകരിക്കാൻ ചേർന്ന വിദ്യാഭ്യാസ വിദഗ്‌ധരുടെ യോഗത്തിൽ നിന്ന്.

ഷാർജ∙ അറേബ്യൻ പൈതൃകത്തെയും വൈജ്‌ഞാനിക ശാഖകളെയും കുറിച്ചുള്ള അറിവുകൾ സംരക്ഷിക്കാനും ഭാവിതലമുറയ്‌ക്കു കൈമാറാനും ശാസ്‌ത്രീയ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കമായി. ഷാർജ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിന്റെ (എസ്‌ഐഎച്ച്) നേതൃത്വത്തിലുള്ള പദ്ധതിയിൽ അറബ് സംസ്‌കാരത്തെ ശാസ്‌ത്രീയമായി മനസ്സിലാക്കാനും വൈജ്‌ഞാനികമായി ഉപയോഗപ്പെടുത്താനും പുതിയ തലമുറയെ പ്രാപ്‌തരാക്കും. മേഖലയ്‌ക്കും രാജ്യാന്തര തലത്തിലും ഏറെ സാധ്യതകളുള്ള പാഠ്യപദ്ധതിയാണു തയാറാക്കുക. ഈ വർഷം ആറു ഡിപ്ലോമ കോഴ്‌സുകളാണു തുടങ്ങുന്നതെന്ന് എസ്‌ഐഎച്ച് ചെയർമാൻ അബ്‌ദുൽ അസീസ് അൽമുസ്സല്ലം പറഞ്ഞു.

അടുത്തയാഴ്‌ച ക്ലാസുകൾ ആരംഭിക്കും. അറേബ്യൻ സംസ്‌കൃതിയെക്കുറിച്ച് അറിവുനേടിയ പ്രഫഷനലുകളെ വളർത്തിയെടുക്കുകയാണു ലക്ഷ്യം. അറബ് ലോകത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം.

യുഎഇയുടെ സാംസ്‌കാരിക തലസ്‌ഥാനമെന്ന ഖ്യാതിയുള്ള ഷാർജയിൽ പൈതൃകമേഖലകളുടെ സംരക്ഷണത്തിനായി ബൃഹദ് പദ്ധതികൾ നടപ്പാക്കിവരികയാണ്. മാനേജ്‌മെന്റ് ഓഫ് കൾചറൽ ഇൻസ്‌റ്റിറ്റ്യൂഷൻസ്, ഫീൽഡ് ഹെറിറ്റേജ് കലക്‌ഷൻ, കൾചറൽ ഹെറിറ്റേജ് മാനേജ്‌മെന്റ്, മ്യൂസിയം മാനേജ്‌മെന്റ്, ആർക്കിടെക്‌ചറൽ ഹെറിറ്റേജ്, റിസ്‌റ്റൊറേഷൻ ഓഫ് മാനുസ്‌ക്രിപ്‌റ്റ്‌സ് ആൻഡ് ഹെറിറ്റേജ് ഡോക്യുമെന്റ്‌സ് എന്നിവയിലാണ് ഡിപ്ലോമ കോഴ്‌സുകൾ. വിദഗ്‌ധരുടെ നേതൃത്വത്തിൽ വിശദമായ പാഠാവലി തയാറാക്കുകയും പ്രായോഗിക പരീശീലനം നൽകുകയും ചെയ്യും. കൂടുതൽ പാഠ്യപദ്ധതികൾ തുടർ ഘട്ടങ്ങളിൽ ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്‌തമാക്കി.

കൂടുതൽ ഗവേഷണപദ്ധതികൾക്കു തുടക്കംകുറിക്കാൻ ഇത്തരമൊരു സംരംഭത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. പൈതൃകമേഖലകളെക്കുറിച്ചുള്ള ശാസ്‌ത്രീയപഠനം സാമ്പത്തിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങൾക്കും മുതൽക്കൂട്ടാകുമെന്നു വിദ്യാഭ്യാസ വിദഗ്‌ധർ വിലയിരുത്തുന്നു.

വിവരങ്ങൾ ഡിജിറ്റലായി സംരക്ഷിക്കും

പൈതൃകമേഖലയിൽനിന്നുള്ള പരമാവധി വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലായി സംരക്ഷിക്കും. ഈ വിവരങ്ങൾ തരംതിരിച്ച് പ്രസിദ്ധീകരിക്കും. വൻസാധ്യതകളുള്ള വൈജ്‌ഞാനിക ശാഖകൾക്കു തുടക്കമിടാൻ ഇത്തരമൊരു സംരംഭത്തിനു കഴിയും.

രാജ്യാന്തര വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പുരാതന ലിഖിതങ്ങൾ സംരക്ഷിക്കുകയും അതിലെ അറിവുകൾ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു പ്രത്യേക ലൈബ്രറികളിൽ സൂക്ഷിക്കുകയും ചെയ്യുക, കയ്യെഴുത്തു പ്രതികൾ രാസവിദ്യ ഉപയോഗിച്ചു സംരക്ഷിക്കുക, ഇലക്‌ട്രോണിക് ആർക്കൈവിങ് തുടങ്ങിയവ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്നതായി എസ്‌ഐഎച്ച് ആക്‌ടിങ് ഡയറക്‌ടർ അസ്‌മ അൽ സുവൈദി പറഞ്ഞു.

കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തി വിലപ്പെട്ട വിവരങ്ങൾ കണ്ടെത്തും. അറബിക് കലാരൂപങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഇതു സഹായകമാകുമെന്നു ചൂണ്ടിക്കാട്ടി.

അക്കാദമിക് മാനേജർ ഡോ.മുഹമ്മദ് അബ്‌ദുൽ ഹാഫിസ്, ഡപ്യൂട്ടി അക്കാദമിക് മാനേജർ ഡോ.ബസ്‌മ കഷ്‌മൗല തുടങ്ങിവരും പങ്കെടുത്തു.

പൈതൃക ടൂറിസം പദ്ധതിയും പുരോഗമിക്കുന്നു

∙ യുഎഇയിലെ ജലാശയങ്ങൾ, മലയോരമേഖലകൾ, ഡാമുകൾ, ചരിത്രസ്‌മാരകങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ച് പൈതൃകടൂറിസം പദ്ധതിക്ക് പരിസ്‌ഥിതി–ജലമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തുടക്കമായിട്ടുണ്ട്.

∙ റാസൽഖൈമ ജബൽ അൽ ജെയ്‌സ്, ഫുജൈറ വാദി അൽ വുറായ, അൽബിദിയപള്ളി, ഖോർഫക്കാൻ കണ്ടൽക്കാടുകൾ, കൃഷിയിടങ്ങൾ, ഖോർഫക്കാൻ, ഷാർജമദാം, അൽഹിസ്‌ൻ, ഹത്ത, ഉമ്മുൽഖുവൈൻ–അജ്‌മാൻതീരദേശമേഖല എന്നിങ്ങനെ വടക്കൻ എമിറേറ്റുകളിൽ മാത്രം ഒട്ടേറെ കേന്ദ്രങ്ങളുണ്ട്.

∙ കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്‌ൻ, ദൈദ്, മദാം, മലീഹ, ഹംറിയ്യ എന്നിവിടങ്ങളിൽ എല്ലാവർഷവും പൈതൃകപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

∙ ഷാർജയുടെ ചരിത്രമുറങ്ങിക്കിടക്കുന്ന കെട്ടിടങ്ങളും സ്‌മാരകങ്ങളും സാംസ്‌കാരിക ചിഹ്‌നങ്ങളും പരിചയപ്പെടുത്താനാണു പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

Your Rating: