Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂതികളുടെ ആക്രമണം: രാജ്യാന്തര ഗതാഗതത്തിന് ഭീഷണിയെന്ന് യുഎഇ

അബുദാബി ∙ സമുദ്രഗതാഗത സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുകയും മേഖലയിൽ അശാന്തി പരത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഹൂതികൾ രാജ്യാന്തര സമുദ്ര മേഖലയിൽ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ബാബൽ മന്ദേബ് കടലിടുക്ക് കടക്കുന്ന കപ്പലുകൾക്കെതിരെയുള്ള ആക്രമണങ്ങൾ രാജ്യാന്തര ഗതാഗതത്തിനു ഭീഷണിയാണെന്നും ജനങ്ങളുടെയും രാജ്യങ്ങളുടെയും ആശയവിനിമയത്തിന്റെ ജീവരക്തമായ രാജ്യാന്തര ഗതാഗതത്തിനു സുരക്ഷ ഉറപ്പാക്കേണ്ടതിനു നടപടികൾ അത്യാവശ്യമാണെന്നും പറഞ്ഞു.

യെമനിൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ സഹായിക്കുന്ന രീതിയിൽ ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ രാഷ്ട്രീയ പരിഹാരമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. യുഎഇ സിവിലിയൻ കപ്പൽ സ്വിഫ്റ്റിനെ ആക്രമിച്ചതുമുതൽ തുടങ്ങിയ നടപടികൾ അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് മാസൻ യുദ്ധകപ്പലിനെ ലക്ഷ്യമിടുന്നതുവരെയായെന്നു മന്ത്രാലയം പറയുന്നു.

പ്രകോപനമില്ലാതെ, വിമത ശക്തികളുടെ നിരന്തര ആക്രമണത്തിനുള്ള ന്യായമായ മറുപടിയാണ് ഹൂതി റഡാർ മേഖലയ്ക്കുനേരെ അമേരിക്കൻ നാവികസേന നടത്തിയ പ്രത്യാക്രമണം. യെമനി പ്രശ്നം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ നടപടികളോടുള്ള പ്രതിബന്ധതയിൽനിന്നു രക്ഷപ്പെടാനുള്ള ലക്ഷ്യമാണ് ഇതുവഴി വെളിവാക്കുന്നത്. അക്രമമാർഗം പിന്തുടരണമെന്ന അവരുടെ ലക്ഷ്യവും യെമനിലെ സഹോദരൻമാരുടെ സഹനം തുടരണമെന്ന നിർബന്ധവുമാണ് പ്രശ്നം രൂക്ഷമാക്കുന്നതുവഴി പുറത്തുവരുന്നത്. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും നേടേണ്ടെന്ന് ആഗ്രഹിക്കുന്ന പ്രാദേശിക ശക്തികളെ പ്രതിധാനം ചെയ്യുന്നതുമാണ് ഇത്തരം നടപടികൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.