Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാം കുതിര, പ്രാപ്പിടിയൻ വേട്ട ഉപകരണങ്ങൾ

abu-dhabi-hunting അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ഹണ്ടിങ് ആൻഡ് ഇക്വസ്‌ട്രിയൻ പ്രദർശന നഗരിയിൽനിന്ന്

അബുദാബി ∙ 14-ാമത് അബുദാബി രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വസ്‌ട്രിയൻ പ്രദർശനം നാഷനൽ എക്‌സിബിഷൻ സെന്ററിൽ തുടങ്ങി. എട്ടിനു സമാപിക്കും. രാവിലെ 11 മണി മുതൽ രാത്രി 10 വരെയാണ് പ്രദർശനം. വൈവിധ്യമാർന്ന വേട്ട ഉപകരണങ്ങൾ പ്രദർശനത്തിൽ അണിനിരത്തിയിരിക്കുന്നു. യുഎഇ പാരമ്പര്യത്തനിമ പകരുന്ന രസകരമായ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

അബുദാബി ഫാൽക്കനേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെസ്‌റ്റേൺ റീജൻ റൂളേഴ്‌സ് പ്രതിനിധി ഷെയ്‌ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണു പ്രദർശനം. ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 40 രാജ്യങ്ങളിൽനിന്നായി 650 കമ്പനികൾ ആണ് 40,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ പവലിയനുകളൊരുക്കിയിട്ടുള്ളത്. യുഎഇയിൽനിന്നു മാത്രം 126 കമ്പനികൾ പങ്കെടുക്കുന്നു. കുതിരയും ഫാൽക്കൻ പക്ഷികളും പൈതൃക വേട്ട ഉപകരണങ്ങളും എക്‌സിബിഷനിലെ പ്രധാന ആകർഷണമാണ്.

abu-dhabi-hunting01

സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ വൻകിട കമ്പനികളുടെ വലിയ പങ്കാളിത്തം ഇക്കുറി പ്രദർശനത്തിനുണ്ട്. അറേബ്യൻ കുതിരകളുടെ ലേലംവിളിയും പ്രത്യേക ശിൽപശാലകളും സന്ദർശകർക്കു വിസ്‌മയം പകരുന്നു. ഹണ്ടിങ് പ്രദർശന നഗരിയിൽ ദിവസേന നടക്കുന്ന നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹത്തിന്റെ കാഷ് അവാർഡും ഐഫോൺ, ഐപാഡ് എന്നിവയും ഭാഗ്യശാലികൾക്കു സമ്മാനിക്കും.

കരാക്കൾ ഇന്റർനാഷനൽ ട്രേഡിങ്, എമിറേറ്റ്‌സ് ഫാൽക്കൻ സെക്യൂരിറ്റി, ഫാസ്‌റ്റി സ്‌റ്റിഫാനോ എപി-3 ഇന്റർനാഷനൽ, റിനൈസെൻസ് ഫയർ ആംസ് ആൻഡ് ടാപ്പൽ എസ്‌ആർഎൽ തുടങ്ങിയ രാജ്യാന്തര കമ്പനികളും അത്യാധുനിക തോക്കുകളുടെ പ്രദർശനവും വിൽപനയും നടത്തുന്നുണ്ട്. എന്നാൽ തോക്ക് വാങ്ങുന്നതിന് യുഎഇ ഫെഡറൽ നിയമം അനുസരിച്ചുള്ള കർശന നിയന്ത്രണം പാലിക്കണമെന്നും സംഘാടകർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.