Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിൽ മലയാളത്തിന്റെ അക്ഷരസുപ്രഭാതം

vidyarambham

ദുബായ് ∙ കുഞ്ഞുവിരൽത്തുമ്പുകളിൽ ആദ്യാക്ഷരത്തിന്റെ സ്പർശം, കുഞ്ഞുനാവിൽ അറിവിന്റെ അമൃതം– എത്ര അകലെ താമസിച്ചാലും മനസ്സിൽ നാടിന്റെ പച്ചപ്പുള്ള പ്രവാസിമലയാളികൾ വിദ്യാരംഭത്തെ വരവേറ്റത് ആവേശത്തോടെ. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ മലയാള മനോരമയുടെ വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്തത് 221 കുരുന്നുകൾ. ഉത്തരേന്ത്യക്കാരും മക്കളെ എഴുത്തിനിരുത്തി. വിഖ്യാത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, ഡെപ്യൂട്ടി ഇന്ത്യൻ കോൺസൽ ജനറൽ കെ.മുരളീധരൻ, മലയാള മനോരമ അസോഷ്യേറ്റ് എഡിറ്ററും സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം എന്നിവർ ഗുരുക്കന്മാരായി.

vidyarambham-dubai

രാവിലെ ആറിനാണ് എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിച്ചത്. അഞ്ചുമുതൽ തന്നെ വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ എത്തിത്തുടങ്ങിയിരുന്നു. പ്രവൃത്തിദിവസമായിട്ടും സകുടുംബമാണ് ഏവരും എത്തിയത്. കൊച്ചുമക്കളുടെ എഴുത്തിനിരുത്തൽ ചടങ്ങിന് നാട്ടിൽ നിന്ന് മുത്തച്ഛന്മാരും മുത്തശ്ശിമാരും എത്തിയതോടെ ചടങ്ങിന് ഉൽസവപ്പകിട്ടായി. ദുബായിൽ രണ്ടാം തവണയാണു മനോരമ വിദ്യാരംഭച്ചടങ്ങ് നടത്തുന്നത്.

vidyarambham-01

പാരമ്പര്യപ്രൗഢിയോടെ അക്ഷരവേദി

യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ നിന്നുള്ളവരും അക്ഷരവേദിയിൽ സംഗമിക്കുകയായിരുന്നു. അബുദാബി, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള പലരും പുലർച്ചെ അഞ്ചുമണിയോടെ എത്തി. മലയാളികൾക്കു പുറമെ ഉത്തരേന്ത്യക്കാരും കുട്ടികളുമായെത്തി. മുത്തച്ഛൻമാർ, മുത്തശ്ശിമാർ, അമ്മാവൻമാർ, മറ്റു ബന്ധുക്കൾ എന്നിവരും ചടങ്ങിനെത്തിയതോടെ ഉൽസവപ്രതീതിയായി. പൂർണമായും കേരളീയരീതിയിലായിരുന്നു ചടങ്ങുകൾ. വേദി അണിയിച്ചൊരുക്കിയതും അതേരീതിയിൽ. വീണയും നിലവിളക്കുകളും നിറപറയുമൊക്കെ നിരന്ന വേദിയിലാണ് കുരുന്നുകൾ അക്ഷരലോകത്തേക്കു പിച്ചവച്ചത്. അച്‌ഛനമ്മമാർ ജോലിക്കു പോയതിനാൽ കുട്ടികളുമായി എത്തിയ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉണ്ടായിരുന്നു.

vidyarambham-02

വിദ്യാരംഭം സംസ്‌കാരത്തിന്റെ ആഘോഷം: അടൂർ

സംസ്‌കാരത്തിന്റെ ആഘോഷമാണു വിദ്യാരംഭമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. ജാതിമതഭേദമില്ലാതെ ഏവരും ഇതു കൊണ്ടാടുന്നു. വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന കേരളം അക്ഷരത്തെ ബഹുമാനിക്കുകയും പൂജിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന ആഘോഷമാണിത്. പാരമ്പര്യത്തനിമയോടെയുള്ള ഇത്തരം ആഘോഷം കുട്ടികൾക്കു നല്ല തുടക്കമാണ്. കേരളീയ സംസ്‌കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇതു സഹായകമാകുന്നതായും ചൂണ്ടിക്കാട്ടി. വിദ്യകൊണ്ടു മാത്രമേ മനുഷ്യനു പുരോഗതി കൈവരിക്കാനാകൂ എന്ന തിരിച്ചറിവാണിതു സമ്മാനിക്കുന്നത്.

vidyarambham-03

കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇത്തരം വേദികളിൽ ഒത്തുകൂടുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും മുഖത്തു പ്രകടമാകുന്നതു സന്തോഷവും സംതൃപ്‌തിയുമാണ്. ഏവരും കുടുംബത്തോടെയെത്തുന്ന ഇത്തരം പവിത്രമായ ചടങ്ങ് ഓരോവർഷവും കേരളത്തിനകത്തും പുറത്തും ആഘോഷമാകുകയാണ്. കേരളത്തിനകത്തു നിന്ന് വിദ്യാരംഭച്ചടങ്ങ് വിദേശത്തും നടത്തുന്നതു ചെറിയകാര്യമല്ല. പഴമയെ ഉൾക്കൊള്ളാൻ കൂടുതൽ പേർ താൽപര്യം കാട്ടിത്തുടങ്ങി. നാട്ടിലെ കുട്ടികളും പ്രവാസി കുട്ടികളും തമ്മിൽ വ്യത്യാസമൊന്നും തോന്നിയിട്ടില്ലെന്നും അടൂർ പറഞ്ഞു.

vidyarambham-07

ഇരട്ട നക്ഷത്രങ്ങൾ ആറ്

മലയാള മനോരമ വിദ്യാരംഭ ചടങ്ങിന് ഇരട്ടി മാധുര്യമേകി എത്തിയത് ആറ് ഇരട്ടകൾ. കോട്ടയം സ്വദേശി വർഗീസിന്റെയും പ്രിയങ്കയുടെയും മക്കളായ അബ്‌നെർ വർഗീസ്, ആൻഡ്രിയ വർഗീസ്, തിരുവനന്തപുരം സ്വദേശി റെജിയുടെയും അങ്കിതയുടെയും മക്കളായ റിയ, റീത്ത, ഗുരുവായൂർ സ്വദേശി സുഗീഷിന്റെയും ജയശ്രീയുടെയും മക്കളായ ആര്യൻ, ആയുഷ്, കൊല്ലം അഞ്ചൽ സ്വദേശി രാജിത്തിന്റെയും അഞ്‌ജലിയുടെയും മക്കളായ വിസ്‌മയ, വൈഗ, തിരുവനന്തപുരം സ്വദേശി അനീഷ്‌ബാബുവിന്റെയും ലക്ഷ്‌മിയുടെയും മക്കളായ നിരഞ്‌ജൻ, നിഖിത, ഗുരുവായൂർ സ്വദേശി അനുരാഗിന്റെയും സ്‌നിമയുടെയും മക്കളായ ധ്യാൻരാഗ്, ധ്വനി എന്നിവരാണ് അക്ഷരലോകത്തേക്കും ഒരുമിച്ചു പിച്ചവച്ചത്. ചിലർ ഒരുമിച്ചെഴുതണമെന്നു വാശിപിടിച്ചു.

vidyarambham-06

ചിലർ ഒരാൾ എഴുതുന്നത് അടുത്തയാൾ കൗതുകത്തോടെ നോക്കിയിരുന്നു. രണ്ടുകുട്ടികളുമായി നാട്ടിൽ പോയി എഴുത്തിനിരുത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ മനോരമ ഒരുക്കിയ വേദി ഏറെ സൗകര്യമായെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കുടുംബത്തോടെ നാട്ടിലേക്കുള്ള യാത്രയേക്കാൾ സൗകര്യമാണ് അവിടെ നിന്നു മുത്തച്ഛനും മുത്തശ്ശിയും ഇവിടേക്കു വരുന്നത്. കേരളത്തനിമയോടെ വിദ്യാരംഭം നടത്തുന്നുവെന്നതു സന്തോഷവും സംതൃപ്‌തിയും തരുന്നതായി നാട്ടിൽ നിന്നെത്തിയവരും പറഞ്ഞു.

vidyarambham-05

വിരുതന്മാർ വിരട്ടി; ഓഫറുകൾ പറന്നെത്തി

വിദ്യാരംഭത്തിനെത്തിയ ചില കൊച്ചുവിരുതന്മാർ അച്‌ഛനെയും അമ്മയെയും വിരട്ടിയതിങ്ങനെ–‘ഞാനിപ്പം കരയും’. കെഞ്ചിയും കൊഞ്ചിയും കണ്ണുരുട്ടിയും നോക്കിയപ്പോൾ കുഞ്ഞുവിരൽചൂണ്ടി ഉച്ചത്തിലായി ഭീഷണി–കരയണോ!. രക്ഷയില്ലെന്നു ബോധ്യമായതോടെ അച്‌ഛനമ്മമാർ വാഗ്‌ദാനങ്ങൾ നിരത്തി. ഐസ്‌ക്രീം, ചോക്‌ലേറ്റ് എന്നിങ്ങനെയുള്ള പതിവുവാഗ്‌ദാനങ്ങൾ ഏറ്റില്ല. മിടുക്കനായി എഴുതണമെങ്കിൽ ഉടുപ്പും ഷൂസും വിഡിയോ ഗെയിമും പിന്നൊരു വലിയ കരടിക്കുട്ടനും വേണമെന്നായിരുന്നു ഒരാളുടെ ആവശ്യം.

കോംപ്രമൈസ് ആണു നല്ലതെന്നു ബോധ്യമായ അച്‌ഛനും അമ്മയും കൈയിൽ സത്യം ചെയ്‌ത് എല്ലാം സമ്മതിച്ചതോടെ കുഞ്ഞുമുഖത്തു പാൽപ്പുഞ്ചിരി. ചിലർ പൊട്ടിക്കരച്ചിലോടെയാണ് അക്ഷരനൈവേദ്യം നുകർന്നതെങ്കിൽ മറ്റു ചിലർ പൊട്ടിച്ചിരിച്ചും ഗുരുക്കന്മാരോടു വിശേഷങ്ങൾ പറഞ്ഞും അരങ്ങുകൊഴുപ്പിച്ചു. വിശേഷങ്ങൾ ചോദിച്ചും സുന്ദരനും സുന്ദരിയുമാണെന്നുമൊക്കെ പറഞ്ഞും ഗുരുക്കന്മാർ കരുന്നുകളെ കയ്യിലെടുത്തു. മുഖം കറുപ്പിച്ചും ചുണ്ടുകൂർപ്പിച്ചും നിന്ന ചില കുറുമ്പന്മാർക്കും കുറുമ്പികൾക്കും ഗുരുക്കന്മാർ കൈനിറയെ ചോക്‌ലേറ്റ് നൽകി.

vidyarambham-04

എന്നിട്ടും ചിലർ ഗംഭീര കരച്ചിൽ നടത്തിയെങ്കിലും കുഞ്ഞുകഥകൾ കേട്ടതോടെ സങ്കടംമാറി. അച്‌ഛന്റെയും അമ്മയുടെയും എളിയിൽ നിന്നിറങ്ങി വേദിയിലേക്ക് ഓടിക്കയറിയവരുമുണ്ടായിരുന്നു. ഗുരുക്കന്മാരുടെ മടിയിലിരുന്ന് ആവേശത്തോടെ എഴുതുക മാത്രമല്ല, നല്ലൊരു ഉമ്മകൊടുക്കാനും ഇവർ മറന്നില്ല. മറ്റുചിലർക്ക് ഒന്നുകൂടി എഴുതണമെന്ന കാര്യത്തിലായിരുന്നു നിർബന്ധം. ഇനി വീട്ടിൽ പോയി എഴുതാമെന്നും ഒരുപാട് ക്രയോൺസും കളർപെൻസിലും വാങ്ങിത്തരാമെന്നുമൊക്കെ പറഞ്ഞാണ് അമ്മമാർ പ്രശ്‌നം തീർത്തത്. കുട്ടികൾക്കു സ്‌കൂൾ ബാഗും കളർപെൻസിലുകളും കഥപ്പുസ്‌തകങ്ങളും സമ്മാനമായി നൽകി. റേഡിയോ മാംഗോയും സമ്മാനങ്ങൾ നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.