Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽ ജദ്ദാഫിൽ വരുന്നു ഒരു വമ്പൻ ലൈബ്രറി

big-library അൽ ജദ്ദാഫിൽ സ്ഥാപിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ രൂപരേഖ

 അബുദാബി ∙ നൂറുകോടി ചെലവാക്കി ദുബായിൽ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി സ്ഥാപിക്കാനുള്ള ഉത്തരവ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ചു. 15 ലക്ഷം പുസ്തകങ്ങൾ, പത്തുലക്ഷം ഓഡിയോ ബുക്കുകൾ, 20 ലക്ഷം ഇ–ബുക്കുകൾ എന്നിവയുള്ള ലൈബ്രറിയില്‍ അറബ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ശേഖരമാണുണ്ടാവുക. വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും വളർച്ചാകേന്ദ്രമായി ലൈബ്രറി മാറുമെന്നാണു പ്രതീക്ഷയെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വായന വർധിപ്പിക്കാനും രാജ്യത്തിന്റെ വികസനത്തിനും ലൈബ്രറി വഴിയൊരുക്കും. രചനയ്ക്കും ഭാഷാന്തരത്തിനും വേദിയാകുന്ന ലൈബ്രറി ബുദ്ധിജീവികളെയും ചിന്തകരെയും ആകർഷിക്കുകയും സാംസ്കാരിക വിനിമയത്തിനും സംഭാഷണത്തിനും സഹിഷ്ണുതയ്ക്കും മറ്റുള്ളവരെ സ്വീകരിക്കുന്നതിനും വാതിൽ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് ക്രീക്കിലേക്ക് എത്തിനോക്കുന്ന രീതിയിൽ അൽ ജദ്ദാഫ് മേഖലയിൽ ഏഴു നിലയിൽ, പുസ്തക ആകൃതിയിൽ പത്തുലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്താണു ലൈബ്രറി സ്ഥാപിക്കുന്നത്. കുട്ടികളുടെ വിഭാഗം, അറബിക്, രാജ്യാന്തരം, ബിസിനസ്, മാധ്യമം എന്നിങ്ങനെ പല വിഭാഗങ്ങളുണ്ടാകും. ചരിത്രരേഖകൾ സംരക്ഷിക്കാനുള്ള ഇടം, മക്തൂം കുടുംബത്തിന്റെ പക്കലുള്ള കലകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം തുടങ്ങിയവയുമുണ്ടാകും.

ഒരു വർഷം 4.2 കോടി സന്ദർശകരെയാണു പ്രതീക്ഷിക്കുന്നത്. ഒരു വർഷം നൂറിലേറെ സാംസ്കാരിക – ബൗദ്ധിക പരിപാടികൾക്ക് ആതിഥ്യമേകാനും കഴിയും. ഈ വർഷം അവസാനം ലൈബ്രറി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഈ വർഷം ഫെബ്രുവരിയിൽ വായനാവർഷം പ്രഖ്യാപിച്ചതിനൊപ്പം ഷെയ്ഖ് മുഹമ്മദ് ലൈബ്രറി സ്ഥാപിക്കുന്നതു സംബന്ധിച്ച് അറിയിച്ചിരുന്നു. എഫ്എൻസി മുൻ സ്പീക്കറും ദുബായ് കൾച്ചറൽ കൗൺസിൽ ചെയർമാനും എഴുത്തുകാരനുമായ മുഹമ്മദ് അഹമ്മദ് അൽ മുർ ആണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈബ്രറിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അധ്യക്ഷൻ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.