Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കേരള ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ്’ 22, 23 തീയതികളിൽ കോഴിക്കോട്ട്

kic

ദു​ബായ് ​∙ മലബാറിന്റെ വികസനം ലക്ഷ്യമിട്ടു കേരള നിക്ഷേപ സംഗമം 22, 23 തീയതികളിൽ കോഴിക്കോട്ടു നടത്തുമെന്നു സംഘാടകർ പറഞ്ഞു. ​കോഴിക്കോട് ബൈ​പാ​സിൽ യുഎൽ സൈബർ പാർക്കിൽ 22നു രാവിലെ ഒൻപതിനു മുഖ്യമന്ത്രി പിണറായി വിജയൻ ‘കേരള ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യും. മേഖലയിലെ വ്യവസായികളും പ്രഫഷനലുകളും സാങ്കേതിക വിദഗ്ധരും ഉൾപ്പെ​ടുന്ന​ പുതിയ കൂട്ടായ്മയായ ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് (ജിഎംഐ) എന്ന പേരിലുള്ള സംഘടനയുടെ ആദ്യ ഉദ്യമമാണിത്.

മലബാറിലെ നിക്ഷേപ സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമ​മെന്നു ജിഎംഐ പ്രസിഡന്റ് ഡോ. ആസാദ് മൂപ്പനും സ്ഥാപകാംഗം ഡോ. ഷബീർ നെല്ലിക്കോടും ദു​ബാ​യിൽ ​പറഞ്ഞു​. ഭരണകർത്താക്കളെയും നിക്ഷേപകരെയും വ്യവസായികളെയും ഉദ്യോഗസ്ഥരെയും ഒന്നിച്ചിരുത്തി കേരളത്തിലെ, പ്രത്യേകിച്ചു മലബാറിലെ നിക്ഷേപ സാധ്യതകൾ കണ്ടെത്തുകയും ചർച്ച ചെയ്യുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ കൺസൽറ്റിങ് സ്ഥാപനങ്ങളായ ഏണസ്റ്റ് ആൻഡ് യങ്, കെപിഎംജി, പിഡബ്ള്യുസി എന്നിവ വിവര പങ്കാളികളായി പരിപാടിയുമായി സഹകരിക്കുന്നുണ്ട്. 300 പ്രവാസി നിക്ഷേപകരും രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിൽനിന്നുള്ള 100 ഉന്നതരും സംഗമത്തിൽ സംബന്ധിക്കും.

മുഖ്യമന്ത്രിക്കു പുറമെ​,​ ധനമന്ത്രി ഡോ. തോമസ് ഐസക്, ടൂറിസം മന്ത്രി എ.സി.മൊയ്തീൻ, തൊഴിൽ-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഐടി, ടൂറിസം, അടിസ്ഥാന സൗകര്യം, ആരോഗ്യം, കാർഷിക-ഭക്ഷ്യ സംസ്കരണം, വ്യവസായം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഊർജം, മൂല്യവർധിത ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളെക്കുറിച്ചു പ്രത്യേക പ്രബന്ധ അവതരണങ്ങളും ചർച്ചകളും നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.