Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽപ്പാതയിൽ ചരിത്രം രചിച്ച് ദുബായ് മെട്രോ

dub-metro

ദുബായ് ∙ മണലിൽ പുതയാത്ത വിജയചരിത്രമെഴുതിയ മെട്രോ എട്ടാം വർഷത്തിലേക്കു കുതിക്കുമ്പോൾ ഗൾഫ് മേഖലയ്‌ക്കാകെ പ്രതീക്ഷകൾ സമ്മാനിച്ചു പുതിയ ട്രാക്കിലേക്കു കയറാനൊരുങ്ങുകയാണ്. മെട്രോ ട്രെയിൻ എന്ന വിദൂര സ്വപ്‌നത്തെ ട്രാക്കിലാക്കിയ ദുബായ് അയൽ രാജ്യങ്ങളെയും റെയിൽ പദ്ധതിയുടെ പച്ചക്കൊടി കാട്ടുകയായിരുന്നു. മെട്രോ പദ്ധതി കാർഷിക, വ്യവസായ മേഖലകളിലടക്കം ദുബായിയുടെ മുന്നേറ്റത്തിനു വഴിയൊരുക്കി. അതിവേഗ വികസനം ട്രാക്കിലൂടെ എന്ന സന്ദേശമാണ് ഏഴുവർഷം കൊണ്ട് ലോകരാജ്യങ്ങൾക്കാകെ ദുബായ് നൽകിയത്.

യുഎഇയുടെ ഗതാഗത ചരിത്രത്തിലെ സുവർണാധ്യായത്തിനു തുടക്കമിട്ട 2009 സെപ്‌റ്റംബർ ഒൻപതു മുതൽ ഗൾഫ് മേഖലയിലെ വികസന ട്രാക്കുകളിൽ പുതിയ പദ്ധതികൾ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, ജിസിസി റെയിൽ തുടങ്ങിയ പദ്ധതികൾ സമ്മാനിക്കുന്നത് വൻപ്രതീക്ഷകൾ. ഏഴു വർഷത്തിനകം 90 കോടിയോളം പേരാണു മെട്രോയിൽ യാത്ര ചെയ്‌തത്. 2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം 30% കൂടുമെന്നു കണക്കാക്കുന്നു. ഒരു ദിശയിലേക്കു മണിക്കൂറിൽ 23000 യാത്രക്കാരെ വഹിക്കുന്നതായാണു കണക്ക്. ഇത്രയും പേർ കാറുകളിൽ യാത്രചെയ്യുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കാക്കുമ്പോഴാണു മെട്രോയുടെ സാധ്യതകൾ വ്യക്‌തമാകുക.

എക്‌സ്‌പോ ട്രാക്കിലേക്ക്

ദുബായ് മെട്രോ ദുബായ്‌മെട്രോയുടെ വികസന പദ്ധതിയായ റൂട്ട് 2020നു ദുബായ് കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻറാഷിദ് അൽ മക്‌തൂം കഴിഞ്ഞദിവസം ശിലാസ്‌ഥാപനം നടത്തി.2020 എക്‌സ്‌പോയോട് അനുബന്ധിച്ചു നിർമിക്കുന്ന പുതിയ മെട്രോ ലൈൻ എക്‌സ്‌പോയ്‌ക്ക് അഞ്ചുമാസം മുൻപ് മേയ് 2020ന് ആരംഭിക്കും. റൂട്ട്2020 അൽമക്‌തൂം വിമാനത്താവളവുമായി ബന്ധിപ്പിക്കും. 1060 കോടി ദിർഹമാണ് 15 കിലോമീറ്റർ വരുന്ന പുതിയ ലൈനിന്റെ നിർമാണ ചെലവ്. ജനസാന്ദ്രത കൂടിയ മേഖലകളായ ഗാർഡൻസ്, ഡിസ്‌കവറി ഗാർഡൻസ്, അൽ ഫുർജാൻ, ജുമൈറ ഗോൾഫ് എസ്‌റ്റേറ്റ്‌സ്, ദുബായ് ഇൻവെസ്‌റ്റ്‌മെന്റ് പാർക്ക് എന്നിവിടങ്ങളിലുള്ളവർക്ക് ഇതു പ്രയോജനപ്പെടും.

dub-2 ആർടിഎ ചെയർമാൻ മത്തർ അൽ തായർ

റെഡ് ലൈനിൽ നഖീൽ ഹാർബർ ആൻഡ് ടവർ സ്‌റ്റേഷനിൽ നിന്നാരംഭിക്കുന്ന പുതിയ പാത 11.8 കിലോമീറ്റർ തൂണുകളിലൂടെയും 3.2 കിലോമീറ്റർ ഭൂഗർഭ പാതയിലൂടെയുമാണു കടന്നുപോകുക. ഇന്റർചേഞ്ച് സ്‌റ്റേഷൻ, എക്‌സ്‌പോ സ്‌റ്റേഷൻ ഉൾപ്പെടെ ഏഴു സ്‌റ്റേഷനുകളുണ്ടാകും. ചിറകുവിരിച്ചുനിൽക്കുന്ന വിമാനത്തിന്റെ മാതൃകയിലാണ് എക്‌സ്‌പോ സ്‌റ്റേഷൻ. നിലവിലുള്ള സ്‌റ്റേഷനുകളുടെ സംവിധാനങ്ങളിൽ നിന്ന് ഒട്ടേറെ വ്യത്യാസമുണ്ട്.

മെട്രോ വിജയ ചരിത്രം

∙2005 ജൂലൈ: മെട്രോപദ്ധതിയുടെ ഡിസൈനും നിർമാണവും സംബന്ധിച്ച കരാർ ദുബായ്‌ റാപിഡ്‌ലിങ്ക്‌ കൺസോർഷ്യത്തിനു നൽകി.

∙ 2005 ഓഗസ്‌റ്റ് 21: റെഡ്‌ലൈനിന്റെ നിർമാണപ്രവർത്തനങ്ങൾക്കു തുടക്കമായി. 2009 സെപ്‌റ്റംബർ ഒൻപതിന് ഉദ്‌ഘാടനം.

2. 2006 ജൂലൈ 18: ഗ്രീൻലൈൻ നിർമാണം തുടങ്ങി. 2011 സെപ്‌റ്റംബർ ഒൻപതിന് ഉദ്‌ഘാടനം.

∙ 2007 ജനുവരി 10: ടണലുകളുടെ നിർമാണപ്രവർത്തനം തുടങ്ങി

∙2008 മാർച്ച് 7: പത്തുട്രെയിനുകളുമായി ആദ്യബാച്ച്‌ ജബൽഅലി തുറമുഖത്ത്‌ എത്തി.

∙ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോ എന്ന നേട്ടത്തിന് 2012ൽ ഗിന്നസ് റെക്കോഡ്. 75 കിലോമീറ്ററാണുള്ളത്.

∙ ഏറ്റവും കൃത്യതയോടെ സർവീസ് നടത്തുന്നു. തിരക്കേറിയ സമയങ്ങളിൽ 50 ട്രെയിനുകൾ സർവീസ് നടത്തുന്നു.

മെട്രോ റെഡ് ലൈൻ സർവീസ്‌ സമയം

∙ ശനിമുതൽ ബുധൻ വരെ പുലർച്ചെ 5.30 മുതൽ രാത്രി 12.00 വരെ

∙ വ്യാഴം പുലർച്ചെ 5.30 മുതൽ രാത്രി 1.00 വരെ

∙ വെള്ളി രാവിലെ 10.00 മുതൽ രാത്രി 1.00വരെ

ഗ്രീൻലൈൻ

∙ ശനി മുതൽ ബുധൻ വരെ പുലർച്ചെ 5.50 മുതൽ രാത്രി 12.00വരെ

∙ വ്യാഴം പുലർച്ചെ 5.50 മുതൽ രാത്രി 1.00 വരെ

∙ വെള്ളി രാവിലെ 10.00 മുതൽ രാത്രി 1.00 വരെ

റെഡ് ലൈൻ സ്‌റ്റേഷനുകൾ - റാഷിദിയ, എമിറേറ്റ്‌സ്, എയർപോർട്ട് ടെർമിനൽ3, എയർപോർട്ട് ടെർമിനൽ1, ജിജികോ, ദെയ്‌റ സിറ്റി സെന്റർ, അൽ റിഗ്ഗ, യൂണിയൻ, ബുർജ്‌മാൻ, എഡിസിബി, അൽ ജാഫ്‌ലിയ, വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്‌സ് ടവേഴ്‌സ്, ഫൈനാൻഷ്യൽ സെന്റർ, ബുർജ് ഖലീഫ–ദുബായ് മാൾ, ബിസിനസ് ബേ, അൽ ഖൂസ്, ഫസ്‌റ്റ് ഗൾഫ് ബാങ്ക്, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ഷറഫ് ഡിജി, ദുബായ് ഇന്റർനെറ്റ് സിറ്റി, നഖീൽ, ദമാക് പ്രോപ്പർട്ടീസ്, ജുമൈറ ലെയ്‌ക് ടവേഴ്‌സ്, നഖീൽ ഹാർബർ ആൻഡ് ടവേഴ്സ്, ഇബ്‌ൻബത്തൂത്ത, എനർജി, ഡാന്യൂബ്, യുഎഇ എക്‌സ്‌ചേഞ്ച്.

ഗ്രീൻ ലൈൻ സ്‌റ്റേഷനുകൾ - ഇത്തിസലാത്ത്, ഖിസൈസ്, ദുബായ് എയർപോർട് ഫ്രീ സോൺ, അൽ നഹ്‌ദ, റാഷിദ് സ്‌റ്റേഡിയം, അൽ ഖിയാദ, അബ ഹെയ്‌ൽ, അബൂബക്കർ അൽ സിദ്ദിഖ്, സലാഹുദ്ദീൻ, യൂണിയൻ, ബനിയാസ് സ്‌ക്വയർ, പാം സ്‌ക്വയർ, അൽ റാസ്, അൽ ഗുബൈബ, അൽ ഫഹീദി, ബുർജ്‌മാൻ, ഊദ് മേത്ത, ദുബായ് ഹെൽത് കെയർ സിറ്റി, അൽ ജദ്ദാഫ്, ക്രീക്.

ധാരണകൾ തകർത്ത് മരുഭൂമിയുടെ ട്രെയിൻ

ജിസിസി റെയിൽ എന്ന പദ്ധതിക്കു തുടക്കം കുറിക്കാൻ മെട്രോയുടെ വൻവിജയം വഴിയൊരുക്കി. മരുഭൂമിയിലെ ഉറപ്പില്ലാത്ത മണലിൽ റെയിൽവേ ട്രാക്ക് സാധ്യമല്ലെന്ന മിഥ്യാധാരണ തിരുത്തിയായിരുന്നു ദുബായിയുടെ മുന്നേറ്റം. 2021 ഡിസംബർ 31ന് ജിസിസി റെയിലിന്റെ ആദ്യഘട്ടവും 2023 ഡിസംബർ 31ന് രണ്ടാംഘട്ടവും പൂർത്തിയാക്കാനാണ് ജിസിസി ഗതാഗതമന്ത്രിമാരുടെ തീരുമാനം. കുവൈത്ത് തീരത്തു നിന്നാരംഭിച്ച് സൗദി അറേബ്യ, യുഎഇ വഴി ഒമാനിലെത്തുകയും അവിടെ നിന്ന് ഇതരമേഖലകളിലേക്കു പ്രവേശിക്കുകയും ചെയ്യുന്നതാണ് ജിസിസി റെയിൽ. ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും പദ്ധതിയുടെ ഭാഗമാകുന്നതോടെ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാത യാഥാർഥ്യമാകും. സൗദിയിലെ ദമാമിൽ നിന്നു ബഹ്‌റൈനെയും ഖത്തറിനെയും ഉപപാത വഴി ബന്ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൂടുതൽ മേഖലകളിലേക്കും റെയിൽ ശൃംഖല വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇതു ഗുണകരമാണ്. ആദ്യഘട്ടത്തിൽ 2177 കിലോമീറ്റർ പൂർത്തിയാക്കി ഭാവിയിൽ കൂടുതൽ മേഖലകളിലേക്കു ദീർഘിപ്പിക്കാനാണ് ആലോചിക്കുന്നത്. 20,000 കോടിയിലേറെ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും വരുംവർഷങ്ങളിൽ നിർമാണ സാമഗ്രികളുടെ വിലകൂടാനുള്ള സാധ്യതകൂടി കണക്കിലെടുക്കുമ്പോൾ ഇതുയർന്നേക്കും. ജിസിസിറെയിൽ ചൈനവരെ നീട്ടണമെന്ന ആശയവും ഉയർന്നുവന്നിട്ടുണ്ട്. ഗൾഫ് മേഖലയുമായി അടുത്ത വ്യാപരബന്ധമുള്ള ഇന്ത്യക്കും ഏറെ ഗുണകരമായ തീരുമാനമാണിത്. സൗദി അറേബ്യവഴി ജോർദാനിലേക്കും കുവൈത്ത് വഴി ഇറാഖിലേക്കും പാത ദീർഘിപ്പിക്കാനാകും. സിറിയയും തുർക്കിയുമാണ് മറ്റു ലക്ഷ്യങ്ങൾ. ജോർദാൻ വഴി തുർക്കി റെയിൽ ശൃംഖലയിലേക്കു കടക്കുന്നതോടെ യൂറോപ്പുമായി ബന്ധമാകും.

അതിവേഗം ഇത്തിഹാദ് റെയിൽ പദ്ധതി

ജിസിസി റെയിലിന്റെ ഭാഗമായ യുഎഇയുടെ ഇത്തിഹാദ് പദ്ധതിയുടെ സുപ്രധാനമായ ഒരുഘട്ടം പൂർത്തിയാക്കി ചരക്കുനീക്കം തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടമായ 264കിലോമീറ്റർ പാതയാണു പൂർത്തിയായത്. യുഎഇയിലെ വിവിധമേഖലകളെ ബന്ധിപ്പിച്ച് 1200കിലോമീറ്റർ വരുന്നതാണ് ഇത്തിഹാദ് റെയിൽപദ്ധതി. കാർഷികമേഖലയ്ക്കടക്കം ഇതുഗുണകരമാകും. വടക്കൻഎമിറേറ്റുകൾക്കു പുറമേ ദുബായ് മുതൽ സൗദി അതിർത്തിയിലെ ഗുവൈഫത്ത് വരെ പ്രധാനമേഖലകളെയും വ്യവസായകേന്ദ്രങ്ങളെയും പാത ബന്ധിപ്പിക്കും.

അബുദാബി, അൽഐൻവഴിയാണു കടന്നുപോകുക. അൽഐനിൽനിന്നു നേരിട്ട് ഗുവൈഫത്തിലെത്തി ഭാവിയിൽ സൗദിയിലെ വിവിധകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനാകുംവിധമാണ്‌ നിർമാണം. 628 കിലോമീറ്റർവരുന്ന രണ്ടാംഘട്ടം മുസഫ, ഖലീഫപോർട്ട്, ദുബായിലെ ജബൽഅലി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു. സൗദി അറേബ്യ, ഒമാൻ അതിർത്തിയിലേക്കാണ്‌ പാതനീളുന്നത്. അബുദാബിയിലെ പടിഞ്ഞാറൻ മേഖലയിലെ ഷാ, ഹബ്‌ഷൻ എന്നിവിടങ്ങളിലെ രണ്ടു പ്ലാന്റുകളിൽനിന്നു റുവൈസ് തുറമുഖത്തേക്ക് ഇത്തിഹാദ് പാതയിലൂടെ സൾഫർ കൊണ്ടുപോകുന്നുണ്ട്. പ്രതിദിനം 22,000 ടൺ സൾഫർ റെയിൽപാതവഴി കൊണ്ടുപോകാൻ ലക്ഷ്യമിടുന്നു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ, ഖോർഫക്കാൻ എന്നിവിടങ്ങളെ പാത ബന്ധിപ്പിക്കുന്നതാണ്‌ നിർദിഷ്‌ടപദ്ധതി.

അബുദാബിയെയും ദുബായിയെയും ബന്ധിപ്പിച്ച് പ്രത്യേക പാസഞ്ചർ ട്രെയിനുകൾ തുടങ്ങുകയുംചെയ്യും. റെയിൽപദ്ധതി ഒമാനും വൻനേട്ടമാണുണ്ടാക്കുക. ദുഖം–തുംറൈത്–സലാല, സോഹാർതുറമുഖം–മസ്‌കത്ത്, അൽമിസ്‌ഫ–സിനാ, തുംറൈത്–അൽമേസൂന, സോഹാർ–ഖത്‌മത്‌മലാലാ പാതകളാണ്‌ ഒമാൻറെയിൽ പദ്ധതിയിൽ ഉൾപ്പെടുന്നത്. ബുറൈമി, സൊഹാർ, സലാല,അൽ ദുഖം മേഖലകളെ ബന്ധിപ്പിച്ച് യെമൻ അതിർത്തിവരെയാണ് റെയിൽ ശൃംഖല. പാസഞ്ചർ ട്രെയിനുകൾ തലസ്‌ഥാനമായ മസ്‌കത്ത്, പ്രധാന വിമാനത്താവളങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിലൂടെ കടന്നുപോകും.

Your Rating: