Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മൊബൈൽ' ഡ്രൈവിങ്: താക്കീതുമായി പോലീസ്

driving-mobile

ദുബായ് ∙ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമെന്നു ദുബായ് പൊലീസ്. സ്വന്തം ജീവനും നിരപരാധികളുടെ ജീവനും വിലകൽപിക്കാത്തവരാണ് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്നു ഗതാഗതവകുപ്പ് തലവൻ ബ്രി. സൈഫ് മുഹയ്യർ അൽമസ്‌റൂഇ അറിയിച്ചു.

ഈ വർഷം ആറുമാസം പിന്നിട്ടപ്പോഴേക്കും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചവരുടെ എണ്ണം 31,461 ആയി ഉയർന്നു. ഗുരുതരമായ അപകടങ്ങൾക്കു കാരണമായവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ അപകടത്തിന്റെ തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ മൊബൈൽ ചാറ്റിങ് നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് ബ്രി. അൽമുഹയ്യർ വെളിപ്പെടുത്തി.

വാഹനമോടിക്കുന്നതിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർക്കു കഴിയാത്തത് അപകടങ്ങളിലേക്കാണ് അവരെ തള്ളിയത്. മൊബൈൽ ചാറ്റിങ് വഴി നിയന്ത്രണം വിട്ട വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളിൽ മരിച്ചവരുമുണ്ട്, ഗുരുതരാവസ്ഥയിൽ കഴിയുന്നവരും ജീവിതനാളുകളെണ്ണി ആശുപത്രിയിൽ കിടക്കുന്നവരുമുണ്ടെന്നതും അൽമസ്‌റൂഇ ചൂണ്ടിക്കാട്ടി. ഒരു കയ്യിൽ സ്റ്റിയറിങ്ങും മറുകയ്യിൽ മൊബൈൽ ഫോണുമായി വാഹനം ഓടിച്ചവർ അപകടങ്ങളുടെ പരമ്പരയാണു സൃഷ്ടിച്ചത്.

രണ്ടിലധികം വാഹനങ്ങൾ അപകടത്തിൽ അകപ്പെടാൻ ഇടയാക്കി ചിലവ. മൊബൈലിലെ സംസാരത്തിലും സന്ദേശങ്ങളിലും മുഴുകി ഓടിക്കുന്നവർ ലൈൻ തെറ്റിച്ചതും അപകടത്തിനിടയാക്കി. പാതയോരങ്ങളിലെ ട്രാഫിക് സിഗ്‌നൽ ബോർഡുകളിലും മരങ്ങളിലും ഇടിച്ചുണ്ടായ അപകടങ്ങളുടെയും കാരണം മൊബൈലാണെന്നാണ് റിപ്പോർട്ട്‌. ഇക്കാര്യങ്ങളെ കുറിച്ചു പൊതുജനങ്ങൾ പരാതി നൽകിയിട്ടുണ്ട്.

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങൾ 800 പരാതികളാണ് ആറുമാസത്തിനിടെ പൊലീസിനു കൈമാറിയത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു വഴിയുണ്ടായ ഗതാഗതക്കുരുക്കുകളും പരിധിവിട്ട വാഹനമോടിക്കലും നിരീക്ഷിച്ചു പൊലീസ് വെബ്‌സൈറ്റ് വഴിയാണു ചിത്രസഹിതം പൊതുജനങ്ങളുടെ പരാതി ലഭിച്ചതെന്ന് ബ്രി. വ്യക്തമാക്കി.

ശിക്ഷ പോരെന്ന് ട്രാഫിക് കൗൺസിൽ

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 200 ദിർഹമാണു പിഴ. ഈ ഡ്രൈവർമാരുടെ ലൈസൻസിൽ നാലു ബ്ലായ്ക്ക് മാർക്കും പതിക്കും. വിഷയത്തിന്റെ ഗൗരവവും അപകടങ്ങളുടെ പെരുപ്പവും പരിഗണിച്ചു നിലവിലുള്ള ശിക്ഷ പോരെന്നാണു ഗതാഗത കൗൺസിലിന്റെ അഭിപ്രായം.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നു വ്യക്തമായാൽ പിഴ ആയിരം ദിർഹമാക്കി ഉയർത്തണമെന്നതാണു ട്രാഫിക് കൗൺസിൽ ഉന്നത സമിതിക്കു സമർപ്പിച്ച അപേക്ഷ. കേസിൽ ഉൾപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ നാലിനുപകരം പന്ത്രണ്ട് ബ്ലായ്ക്ക് മാർക്ക് പതിക്കണം. ഇതിനുപുറമേ ഇത്തരം വാഹനങ്ങൾ ഒരു മാസത്തേക്കു പിടിച്ചെടുത്തു ശിക്ഷ കടുത്തതാക്കണമെന്നുമാണ് ട്രാഫിക് കൗൺസിൽ സമർപ്പിച്ച അപേക്ഷയിലുള്ളത്.

നിയമലംഘനം കൂടുതൽ മേയിൽ


മൊബൈൽ ഫോൺ ഉപയോഗിച്ച ട്രാഫിക് കേസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതു മേയിലാണ്. 6164 കേസുകളാണു ഇൗ മാസത്തിൽ പൊലീസ് രേഖപ്പെടുത്തിയത്. ജൂണിൽ 3530 കേസുകളും റജിസ്‌റ്റർ ചെയ്തു. മാർച്ച് 5675, ജനുവരി 5471, ഏപ്രിൽ, 5374, ഫെബ്രുവരി 5247 എന്നിങ്ങനെയാണു ട്രാഫിക് പൊലീസ് പുറത്തുവിട്ട നിയമലംഘനങ്ങളുടെ ആദ്യ ആറുമാസത്തെ കണക്ക്.

ബോധവൽക്കരണം അവഗണിക്കുന്നു

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ പൊലീസ് ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവയ്ക്കുന്ന ഗുരുതരമായ അപകടത്തിന്റെ വിഡിയോ ദൃശൃങ്ങൾ കാണിച്ചാണു നിയമലംഘനത്തിന്റെ ഗൗരവം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. എന്നാലും ചിലർ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണു വാഹനമോടിക്കുന്നത്. നിയമലംഘനം രേഖപ്പെടുത്തിയാൽ മാത്രമേ ഇത്തരക്കാർക്കു നിയമലംഘനം ബോധ്യപ്പെടൂവെന്നും അൽമസ്‌റൂഇ അഭിപ്രായപ്പെട്ടു. ​

ആ ക്യാമറ ദുബായിൽ അല്ല

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കുടുക്കാൻ ദുബായ് പൊലീസ്‌ വിളക്കുകാലിൽ ക്യാമറ ഘടിപ്പിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ബ്രി. അൽമസ്‌റൂഇ വ്യക്തമാക്കി. ഇതു സംബന്ധിച്ചു നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ല. വേറെ ഏതോ ഗൾഫ് രാജ്യത്തെ ക്യാമറയുടെ ചിത്രമെടുത്താണു ദുബായിൽ സ്ഥാപിച്ച പുതിയ ക്യാമറയെന്ന വിധത്തിൽ പ്രചരിപ്പിച്ചത്.

ദുബായിൽ സ്ഥാപിച്ച റോഡ് ക്യാമറകൾ മുഴുവൻ അതിനൂതനമാണ്. വാഹനങ്ങളുടെ വേഗത്തോടൊപ്പം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ പറ്റിയ വിധത്തിലാണു ഇവ രൂപപ്പെടുത്തിയിട്ടുള്ളത്. സീറ്റ്ബെൽറ്റ് ധരിക്കാത്തതടക്കം ക്യാമറയിൽ പതിയും. ഒരാളുടെ ഒന്നിലധികം നിയമലംഘനങ്ങൾ ഒരേസമയം പകർത്താൻ കഴിയുന്നതാണു ഗതാഗത സുരക്ഷയ്ക്കുവേണ്ടി ദുബായ് റോഡുകളിൽ ഘടിപ്പിച്ച ക്യാമറകളെന്നും അദ്ദേഹം വിശദീകരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.