Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ല

quality-analysis ക്യാംപെയ്ന്റെ ഭാഗമായി ദുബായ് മത്സ്യമാർക്കറ്റിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നു.

ദുബായ് ∙ പൊതുജനങ്ങൾക്കു മികച്ച ഉൽപന്നങ്ങളും സേവനവും ഉറപ്പാക്കാനുള്ള കർമപരിപാടിക്കു മുനിസിപ്പാലിറ്റി തുടക്കമിട്ടു. ‘നിങ്ങൾക്കുമേൽ ഞങ്ങളുടെ കണ്ണുകൾ’ എന്ന പേരിൽ തുടങ്ങിയ ക്യാംപെയ്നിൽ ഏറ്റവും മികച്ച സേവനമാണു പൊതുജനങ്ങൾക്കു വിവിധ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ദുബായ് മത്സ്യമാർക്കറ്റിൽ തുടക്കമിട്ട പരിശോധന വിവിധയിടങ്ങളിലേക്കു വ്യാപിപ്പിക്കും.

ഫുഡ് സേഫ്‌റ്റി, അസറ്റ്‌സ് മാനേജ്‌മെന്റ്, വെയിസ്‌റ്റ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണു ക്യാംപെയിൻ. ഗുണനിലവാരമുള്ളതും ശുചിത്വമാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ഉൽപന്നങ്ങളാണു പൊതുജനങ്ങൾക്കു ലഭ്യമാകുന്നതെന്ന് ഉറപ്പാക്കും. വിലനിലവാരത്തിലും ഇടപാടിലും സുതാര്യത ഉറപ്പാക്കുകയും ചെയ്യും. ദുബായിലെ എല്ലാ പൊതുവിപണിയിലും ലഭിക്കുന്ന സാധനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ നടപടിയെടുക്കും. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വിവിധ കാര്യങ്ങളിൽ മാർഗനിർദേശം നൽകാൻ ഒരുവർഷം നീണ്ടുനിൽക്കുന്ന ക്യാംപെയ്ൻ സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.

മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങൾ എന്നിങ്ങനെ എല്ലാ ഉൽപന്നങ്ങളുടെയും നിലവാരം ഉറപ്പാക്കാൻ വ്യാപക പരിശോധനയും ബോധവൽക്കരണവും നടത്തുമെന്നു ഭക്ഷ്യസുരക്ഷാവിഭാഗം ഡയറക്‌ടർ ഇമാൻ അൽ ബസ്‌തകി പറഞ്ഞു. സാധനങ്ങൾ വൃത്തിയോടെ സൂക്ഷിക്കുകയും ശുചിത്വമാനദണ്ഡങ്ങൾ പാലിച്ചു വിൽപന നടത്തുകയും വേണം. ശീതീകരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നു വ്യാപാരികൾ ശ്രദ്ധിക്കണം.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിശദമായ റിപ്പോർട്ട് തയാറാക്കി അതതു ഡിപ്പാർട്‌മെന്റുകൾക്കു നൽകും. തുടർന്നു ശക്‌തമായ നടപടികൾ ഉണ്ടാകും. നിലവാരമില്ലാത്ത സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. ക്യാംപെയ്ന് മികച്ച പ്രതികരണമാണു കച്ചവടക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിക്കുന്നത്. വിദഗ്‌ധരടങ്ങിയ പ്രത്യേക സംഘമാണു പരിശോധന നടത്തുന്നത്. ഓരോ ഭക്ഷ്യോൽപന്നത്തിന്റെയും നിലവാരം പരിശോധിക്കാനുള്ള വിപുലമായ ശാസ്‌ത്രീയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നു വ്യക്‌തമാക്കി.

തണുത്തതും ചൂടുള്ളതുമായ വിഭവങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഇതേക്കുറിച്ചു വ്യക്‌തമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുമുണ്ട്. ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളും നിർദേശങ്ങൾ പാലിക്കണം. ഭക്ഷണം കേടായാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കു വഴിവയ്‌ക്കുമെന്നും ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.