Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽ വത്ഭ ക്ഷേത്ര നിർമാണത്തിന് 20,000 ചതുരശ്ര മീറ്റർ

അബുദാബി ∙ തലസ്‌ഥാനത്തെ അൽ വത്ഭയിൽ പ്രഥമ ഹിന്ദു ക്ഷേത്രത്തിന് അബുദാബി സർക്കാർ 20,000 ചതുരശ്ര മീറ്റർ സ്‌ഥലം അനുവദിച്ചു. കഴിഞ്ഞ ഓഗസ്‌റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിലാണ് ഹൈന്ദവ വിശ്വാസികൾക്ക് ആരാധനാ സൗകര്യം എന്ന ആശയം ഭരണാധികാരികൾക്കു മുൻപിൽ അവതരിപ്പിച്ചതും ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായതും. കഴിഞ്ഞ തിങ്കളാഴ്‌ച ഭൂമി അനുവദിച്ചതായി ക്ഷേത്രനിർമാണ ഏകോപന സമിതി തലവനും എൻഎംസി ഹെൽത് കെയർ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ബി.ആർ.ഷെട്ടി മാധ്യമ പ്രവർത്തകരെ അറിയിച്ചു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടിയന്തര പ്രാധാന്യത്തോടെയാണു ക്ഷേത്രത്തിനു സ്‌ഥലം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ-ഇന്ത്യ ഉഭയകക്ഷി ബന്ധം സുദൃഢവും ശക്‌തവുമാകുന്നതിന്റെ തെളിവാണ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പോകുന്നത്.

അതിനു മുൻപേ അദ്ദേഹം ക്ഷേത്രത്തിന്റെ ശിലാസ്‌ഥാപന കർമവും നിർവഹിക്കും. കൃഷ്‌ണ, മഹേശ്വര, അയ്യപ്പ വിഗ്രഹങ്ങളാണു പ്രതിഷ്ഠിക്കുക. ഒരു വർഷത്തിനുള്ളിൽ ക്ഷേത്രം പൂർത്തീകരിക്കാനാണു ലക്ഷ്യം. ക്ഷേത്രനിർമാണം പൂർണമായും അബുദാബി സർക്കാരിന്റെ കീഴിലായിരിക്കും. അബുദാബി നഗരത്തിൽനിന്ന് അരമണിക്കൂർ മാത്രം യാത്രാ ദൂരമുള്ള അൽ വത്ഭയിൽ അബുദാബി-അൽ ഐൻ ഹൈവേക്കു സമീപത്താണു സ്ഥലം അനുവദിച്ചിരിക്കുന്നതെന്നും ഷെട്ടി അറിയിച്ചു.

യുഎഇയിൽ നിലവിൽ രണ്ടു ഹൈന്ദവ ക്ഷേത്രങ്ങളും ഒരു സിക്ക് ഗുരുദ്വാരയും ദുബായിലാണുള്ളത്. ബി.ആർ.ഷെട്ടിയുടെ അമ്മയുടെ സ്‌മരണയ്ക്കായി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടത്തുന്ന രണ്ടാമതു കൂസമ്മ ഷെട്ടി മെമ്മോറിയൽ യുഎഇ ഓപ്പൺ ബാഡ്‌മിന്റൻ ലീഗ് ടൂർണമെന്റിന്റെ വാർത്താ സമ്മേളനത്തിനിടയിലാണ് ബി.ആർ.ഷെട്ടി ക്ഷേത്ര നിർമാണം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.