Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടിമധുരം പകർന്ന് ആഘോഷ സമൃദ്ധി

onam ദുബായ് ബർഷയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സജ്‌ജമാക്കിയ ഓണച്ചന്ത.

ദുബായ് ∙ പൊന്നോണവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ മലയാളികളുടെ ആഘോഷത്തിന് ഇരട്ടിമധുരം. സമൃദ്ധമായി അവധി കിട്ടിയതിനാൽ ഇത്തവണ ഒരുക്കങ്ങളിലും ആർഭാടം.

വിപണിക്ക് എരിവുംപുളിയുമേകാൻ അച്ചാറുകളും ഇഞ്ചിക്കറിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ നിരന്നുകഴിഞ്ഞു. സൂപ്പർമാർക്കറ്റുകളിൽ വൻ ഓഫറുകളോടെ കച്ചവടം പൊടിപൊടിക്കുകയാണ്.

കേരളമുൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിൽ നിന്നു ടൺകണക്കിനു പച്ചക്കറികളാണ് എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ ലോഡുകളെത്തും. തനിനാടൻ പച്ചക്കറി കൂട്ടിയുള്ള ഗംഭീര സദ്യക്കു തയാറെടുക്കുകയാണ് മലയാളികൾ. പായസക്കൂട്ടുകൾ, പപ്പടം, കൊണ്ടാട്ടം, ഉപ്പേരി, മസാലകൾ, പഴക്കുലകൾ എന്നിവ കടകളിൽ നിറഞ്ഞു.

പ്രധാനമാളുകളിൽ ഓണം വിഭവങ്ങൾക്കും പച്ചക്കറിക്കും മാത്രമായി പ്രത്യേക മേഖലയൊരുക്കിയിട്ടുണ്ട്. സന്ദർശകരെ വരവേൽക്കാൻ മാവേലിയുടെ കൂറ്റൻ കട്ടൗട്ടുകളുമുണ്ട്. ഓരോ വർഷവും വിഭവങ്ങളുടെ എണ്ണം കൂട്ടണമെന്നു നിർബന്ധമുള്ള മലയാളികളെ പ്രമുഖ ഹൈപ്പർമാർക്കറ്റുകൾ നിരാശരാക്കുന്നില്ല. അധ്വാനം പരമാവധി കുറച്ച് ആഘോഷം പൊടിപൂരമാക്കാനുള്ള എളുപ്പവഴികൾ ഇവിടത്തെ അലമാരകളിൽ കാത്തിരിക്കുന്നു.

പായസം മിക്‌സ്, അച്ചാർ മിക്‌സ്, റെഡിമെയ്‌ഡ് പുളിയിഞ്ചി, പലതരം കൊണ്ടാട്ടങ്ങൾ, ഉപ്പേരി, ശർക്കരപുരട്ടി, ചേനവറുത്തത്, ഉണ്ണിയപ്പം, എള്ളുണ്ട തുടങ്ങിയവ ഇപ്പോഴേ റെഡി. സാമ്പാർ, അവിയൽ കിറ്റുകൾ വേറെയും. നിമിഷങ്ങൾക്കകം വിഭവങ്ങൾ റെഡിയാക്കാം. വിവിധ കടകളിൽ ഓണക്കോടിയുടെ വിപുലമായ ശേഖരവും എത്തിക്കഴിഞ്ഞു. കസവുസാരി, സെറ്റുസാരി, പട്ടുപാവാട, ജൂബ, മുണ്ട്, ചുരിദാർ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് എത്തിയത്. ഏറ്റവും പുതിയ ഡിസൈനുകൾ ഗൾഫിലും കിട്ടുന്നു. പല കടകളും ഓണം ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

പെരുന്നാൾ–ഓണം ആഘോഷത്തിനായി എണ്ണൂറിലേറെ ടൺ പച്ചക്കറി എത്തിയതായി ലുലു ഗ്രൂപ്പ് ഡയറക്‌ടർ എം.എ.സലിം പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ പച്ചക്കറിയെത്തും. 90% പച്ചക്കറിയും ഇന്ത്യയിൽ നിന്നാണെന്നതാണു പ്രത്യേകത. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നാണു മുഖ്യമായും പച്ചക്കറിയെത്തുന്നത്. പാവയ്‌ക്ക, അച്ചിങ്ങ, വെള്ളരി, കുമ്പളങ്ങ, മത്തൻ, പടവലങ്ങ, വഴുതനങ്ങ, ചേന, ചീര, മുരിങ്ങക്കായ, വെണ്ട, വാഴയില തുടങ്ങിയവയും പലതരം അരിയും കേരളത്തിൽ നിന്നെത്തുന്നു.

ശ്രീലങ്ക, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിൽ നിന്നാണ് പച്ചമുളകും, കറിവേപ്പിലയും കുക്കുമ്പറും എത്തുന്നത്. ഒമാനിൽ നിന്നും ധാരാളം പച്ചക്കറിയെത്തുന്നുണ്ട്. മാളുകളിൽ പ്രത്യേക പരിപാടികളും നടത്തുന്നുണ്ട്.

ഓണത്തിനു വിഭവസമൃദ്ധമായ സദ്യയും ഒരുക്കും.

ഊണിന് ‘ഇല’ത്താളമായി പപ്പടം തരാതരം

സദ്യക്കു തകർപ്പൻ മേളമൊരുക്കാൻ പപ്പടലോകത്തെ കേമൻമാരും എത്തിക്കഴിഞ്ഞു. കുട്ടിപ്പപ്പടം, വലിയപപ്പടം, ഗുരുവായൂർ പപ്പടം, മുളകുപപ്പടം, കുരുമുളകു പപ്പടം, പഞ്ചാബി പപ്പടം, തമിഴ്‌നാടൻ അപ്പളം എന്നിങ്ങനെ നീളുന്നു പപ്പടങ്ങൾ. അച്ചാറുകളുടെ വൻനിരയുമായി പ്രമുഖ ബ്രാൻഡുകൾ മൽസരിക്കുന്നു. ഓണം പ്രമാണിച്ച് പാക്കിസ്‌ഥാനി അച്ചാറുകളും നിരന്നിരിക്കുന്നു. പച്ചമുളക്, പലതരം മാങ്ങ എന്നിവകൊണ്ടാണ് അച്ചാർ. വലിയ മുളകിനുള്ളിൽ പ്രത്യേക മസാലക്കൂട്ടു നിറച്ച് തയാറാക്കുന്ന അച്ചാറാണു മറ്റൊന്ന്. പാവയ്‌ക്ക, കോവയ്‌ക്ക, അരി കൊണ്ടാട്ടങ്ങളുമുണ്ട്. നാട്ടിൽപോലും അന്യമായി വരുന്ന സദ്യ ആസ്വദിക്കാൻ ഗൾഫുകാർക്കു കഴിയുന്നു.

Your Rating: