Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിൽ പൊതുഗതാഗത സംവിധാനങ്ങളോടു ജനങ്ങള്‍ക്കു പ്രിയമേറുന്നു

bus

ഷാർജ​ ∙ എമിറേറ്റിൽ പൊതുഗതാഗത സംവിധാനങ്ങളോടു ജനങ്ങൾക്കു പ്രിയമേറുന്നു. പെരുന്നാൾ അവധിദിനങ്ങളിൽ പതിനൊന്നരലക്ഷം പേരാണു പൊതുഗതാഗതം പ്രയോജനപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. നഗരമേഖലകളെ ബന്ധിച്ചുള്ള ബസ്‌ സർവീസും ടാക്‌സി സേവനങ്ങൾ വിപുലപ്പെടുത്തിയതും ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായെന്നു പൊതുഗതാഗതവകുപ്പു തലവൻ അബ്ദുൽ അസീസ് ജർവാൻ പറഞ്ഞു.

ഇൗ മാസം 11 മുതൽ 15 വരെ പെരുന്നാൾ അവധിദിന യാത്രകൾക്കായി ബസ്‌ സ്‌റ്റേഷനുകളിൽ തിരക്കായിരുന്നു. ബലിപെരുന്നാൾ ദിവസം 32,000 പേരാണു ബസിൽമാത്രം യാത്ര ചെയ്തത്. അന്നേദിവസം മൊത്തം യാത്രക്കാരുടെ എണ്ണം 1.31 ലക്ഷം കവിഞ്ഞു. 2015ലെ ബലിപെരുന്നാൾദിന യാത്രക്കാരുമായി താരതമ്യപ്പെടുത്തിയാൽ 67 ശതമാനമാണ് ഇക്കൊല്ലമുണ്ടായ യാത്രക്കാരുടെ വർധനയെന്ന് അൽ ജർവാൻ പറഞ്ഞു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു ബസുകുളുടെ എണ്ണത്തിൽ എട്ടുശതമാനം വർധനയും വരുത്തിയിട്ടുണ്ട്. 102 ബസുകൾ ഇപ്പോൾ ട്രാൻസ്‌പോർട്ട് അതോറിറ്റി നിരത്തിൽ ഇറക്കിയിട്ടുണ്ട്. റോളയും സഹാറ സെന്ററുമായി ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകൾ തിരക്കൊഴിയാത്തതാണ്. റോളയും വൃവസായമേഖലയായ സജയും ബന്ധിപ്പിച്ച 88–ാം നമ്പർ റൂട്ടും യാത്രക്കാരുടെ എണ്ണം കൂട്ടി. പൊതുഗതാഗത യാത്രയ്ക്ക് ഉപയോഗിക്കുന്ന 'സായിർ' കാർഡുകളുടെ ആവശ്യക്കാർ അധികവും ഈ രണ്ടു റൂട്ടുകളിലാണ്.

പെരുന്നാൾദിനങ്ങളിൽ തലസ്ഥാന എമിറേറ്റിലേക്കു പോയവരുടെ എണ്ണം പെരുകിയതും പൊതുഗതാഗതവകുപ്പിനു ഗുണമായി. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ദുബായിലെ ജബൽഅലി, അൽഖൂസ് ലേബർ ക്യാംപുകളിലേക്കും പെരുന്നാൾയാത്രികർ കൂടുതലായിരുന്നു. ദുബായ് ടെർമിനൽ രണ്ടിലേക്കും അൽഐനിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചത് ആളുകളുടെ യാത്രാക്ലേശം കുറച്ചു. ടാക്‌സി വാഹനങ്ങൾ വഴി എട്ടുലക്ഷത്തിലധികം ആളുകളെയാണു പെരുന്നാൾ അവധിദിനങ്ങളിൽ ലക്ഷ്യത്തിലെത്തിച്ചത്.

നാലു ടാക്‌സി കമ്പനികൾക്കു കീഴിൽ സേവനം നടത്തുന്ന വാഹനങ്ങൾ സാധാരണ ദിവസങ്ങളിലേതിനെക്കാൾ മൂന്നുശതമാനം വർധനയോടെയാണ് അവധിദിനങ്ങളിലെ സർവീസ് അവസാനിപ്പിച്ചതെന്ന് അൽജർവാൻ അവകാശപ്പെട്ടു. 600525252 നമ്പറിൽ വിളിക്കുന്നവർക്കു വനിതാടാക്‌സി, കുടുംബടാക്‌സി, പ്രത്യേക പരിചണം വേണ്ടവർക്കായുള്ള വാഹനങ്ങൾ എന്നിവ ലഭിക്കും. ടാക്‌സിസേവനം സംബന്ധിച്ച പരാതികളും സേവനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പൊതുജന നിർദേശങ്ങളും ഈ നമ്പറിൽ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിരീക്ഷണം നിരന്തരം


ഷാർജയിൽ കഴിഞ്ഞ വർഷത്തേതിനെക്കാൾ ടാക്‌സി നിയമലംഘനങ്ങൾ 44 ശതമാനം കൂടുതലാണ്. 518 കേസുകൾ ഇക്കൊല്ലം റജിസ്‌റ്റർ ചെയ്തിട്ടുണ്ട്. പൊതുഗതാഗതയാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 22 നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പെർമിറ്റില്ലാത്ത ടാക്‌സി സർവീസ് പിടികൂടാൻ ഉന്നമിട്ടാണ് ഉദ്യോഗസ്ഥർ വാഹനങ്ങളുമായി റോഡുകളിൽ റോന്തുചുറ്റുന്നത്. അൽജുബൈൽ സ്‌റ്റേഷൻ, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലാണു സമാന്തര ടാക്‌സിക്കാർ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് അൽജർവാൻ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.