Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈറ്റെക്സിൽ ആർടിഎയുടെ സ്മാർട് പദ്ധതികൾ

car സ്മാർട് റെന്റൽ കാറിന്റെ മാതൃക.

ദുബായ് ∙ നഗരഗതാഗതം കൂടുതൽ സുഗമവും സ്മാർടും ആക്കുന്നതിന്റെ ഭാഗമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) നടപ്പാക്കുന്ന സ്മാർട് പദ്ധതികളുടെ ഉദ്ഘാടനം ജൈറ്റെക്സിലുണ്ടാകും. സ്മാർട് റെന്റൽ കാർ എന്ന പദ്ധതിയുടെ മാതൃകയും ആർടിഎ അനാവരണം ചെയ്തു. സ്മാർട് വെളിച്ചക്രമീകരണങ്ങൾ, സ്മാർട് പാർക്കിങ്, സഞ്ചാര വേളയിൽ ബസ് ‍ഡ്രൈവർമാരെ നിരീക്ഷിക്കുന്ന റഖീബ് സിസ്റ്റം എന്നിവയും ജൈറ്റക്സിൽ പ്രദർശിപ്പിക്കുന്നതായി ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു.

സ്മാർട് നോൽ സർവീസ്, ഏറ്റവും പുതിയ സ്മാർട് ആപ്പ് എന്നിവയും ജൈറ്റക്സിലെ ആർടിഎ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആർടിഎ സേവനങ്ങൾ പൊതുജനങ്ങൾക്ക് എല്ലാ ദിവസവും 24 മണിക്കൂറും മൊബൈൽ ഫോണിൽ ലഭ്യമാണ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരിയും എക്സിക്യുട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ പിന്തുണയും ദുബായ് സ്മാർട് പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായകമാകുന്നു.

കാർ റെന്റൽ പദ്ധതി

സമയബന്ധിതമായുള്ളതാണ് കാർ റെന്റൽ പദ്ധതി. ഈയിടെ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇൗ പദ്ധതി പ്രഖ്യാപിച്ചത്. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് പദ്ധതി ഏറെ ഗുണകരമാകും; പ്രത്യേകിച്ച് മെട്രോ യാത്രക്കാർക്ക്. സ്മാർട് ആപ്പ്, ഓൺലൈൻ, ടെലിഫോൺ എന്നിവ വഴിയുള്ള കാർ റെന്റൽ സർവീസുകൾ ഏറ്റവും കൂടിയത് ആറ് മണിക്കൂറിലേക്കാണ് ലഭ്യമാവുക.

road ഷെയ്ഖ് സായിദ് റോഡിലെ ദുബായ് കനാൽ പാലത്തിലെ സ്മാർട് പ്രകാശ സംവിധാനം

സ്മാർട് തെരുവ് വിളക്ക്

തെരുവുവിളക്കുകൾ സ്മാർട് ആക്കുന്നതാണ് മറ്റൊരു പദ്ധതി. വൈദ്യുതി ഉപയോഗം കുറയാൻ ഇത് കാരണമാകും. എല്ലാ കാലത്തേക്കുമുള്ള പ്രകാശ സംവിധാനം, സുരക്ഷാ ക്യാമറകൾ, നിയമലംഘന പടങ്ങൾ കൺട്രോൾ സ്റ്റേഷനിൽ നേരിട്ടെത്തിക്കുന്ന സംവിധാനം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. നിലവിൽ ഷെയ്ഖ് സായിദ് റോഡിലെ ദുബായ് കനാൽ പാലത്തിൽ ഇൗ സംവിധാനം പരീക്ഷണം നടത്തുന്നുണ്ട്.

mattar-mohamed-al-tayer-dubai-rta

സ്മാർട് പാർക്കിങ്

സ്മാർട് പാർക്കിങ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഷെയ്ഖ് സായിദ് റോഡ്, അൽ റിഗ്ഗ ഏരിയ എന്നിവിടങ്ങളിലെയും തുടർന്ന് മറ്റു സ്ഥലങ്ങളിലെയും പാർക്കിങ് ഒഴിവുകൾ പെയ്ഡ് പാർക്കിങ് സോൺ സിസ്റ്റം വഴി കണ്ടെത്താവുന്നതാണ് സ്മാർട് പാർക്കിങ് പദ്ധതി. പാർക്കിങ് ഒഴിവ് തേടി അലയുന്നതിനും ഗതാഗത കുരുക്കുണ്ടാക്കുന്നതിനും ഇത് അറുതിവരുത്തും. എത്ര ഒഴിവുകളുണ്ടെന്ന് തിരിച്ചറിയാനും ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ തമ്മിലുള്ള അകലം മനസിലാക്കാനും സ്മാർട് പാർക്കിങ് വഴിയൊരുക്കും.

ബസ് ഡ്രൈവർമാരെ നിരീക്ഷിക്കാൻ റഖീബ്

യാത്രാവേളയിൽ ആർടിഎ ബസ് ഡ്രൈവർമാരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് റഖീബ്. ഇൗ സ്മാർട് ഉപകരണം ബസുകളുടെ മുൻവശത്ത് ഘടിപ്പിക്കും. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർക്ക് തളർച്ചയോ, എന്തെങ്കിലും അസുഖമോ ഉണ്ടായാൽ ഇൗ ഉപകരണം വഴി കണ്ടെത്താനാകും. ഇതുവഴി വാഹനാപകടങ്ങൾ ഇല്ലാതാക്കാം. ബസുകൾ കൃത്യസമയത്ത് യാത്ര പൂർത്തിയാക്കാനും ഉപകരിക്കും. പരിഷ്കരിച്ച ആർടിഎ ദുബായ് സ്മാർട് ആപ്പ് ഗതാഗത നിയമ ലംഘനം, വാഹന റജിസ്ട്രേഷൻ പുതുക്കൽ, കാഴ്ചശക്തിയില്ലാത്തവർക്കുള്ള സേവനങ്ങൾ എന്നിവയ്ക്കും ഉപകരിക്കുമെന്ന് അൽ തായർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.