Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്റെ സമൃദ്ധിയിൽ മലയാളികളുടെ പങ്ക് പ്രശംസനീയം: മന്ത്രി ഷെയ്‌ഖ് നഹ്യാൻ

nahyan

അബുദാബി ∙ യുഎഇയുടെ സമാധാനത്തിനും അഭിവൃദ്ധിക്കും പ്രവാസി മലയാളി സമൂഹത്തിന്റെ സംഭാവന വളരെ പ്രശംസനീയമാണെന്നു സാംസ്‌കാരിക വൈജ്‌ഞാനിക വികസന മന്ത്രി ഷെയ്‌ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ.

മലയാളി സമാജത്തിന്റെ പുതിയ കേന്ദ്ര ഓഫിസ് മുസഫ വ്യവസായ നഗരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളി സമാജത്തിന്റെ ഉദ്‌ഘാടന പരിപാടിയിൽ സർക്കാരിന്റെ പ്രാതിനിധ്യം തന്നെ കാണിക്കുന്നത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഗാഢമായ സൗഹൃദത്തിന്റെയും പരസ്‌പര ബഹുമാനത്തിന്റെയും തെളിവാണെന്നും ഷെയ്‌ഖ് നഹ്യാൻ പറഞ്ഞു. യുഎഇയും ഇന്ത്യയും ആഗോള സമാധാനത്തിനും സ്‌ഥിരതയ്ക്കും വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു.

ആഗോള സാംസ്‌കാരിക രംഗങ്ങളിൽ കേരളീയരുടെ താൽപര്യവും പ്രവർത്തനവും മികച്ചതാണ്. പുതിയ സമാജം ആസ്‌ഥാനം കേരളീയരുടെ സാമൂഹിക സാംസ്‌കാരിക വികസനത്തിനുതകും. കായിക മൽസരങ്ങൾ, പാചകം, ഇസ്‌ലാമിക സാഹിത്യ മൽസരങ്ങൾ, ഫിലിം പ്രദർശനം, ക്രിസ്‌മസ് ട്രീ മൽസരം, പരിസ്‌ഥിതി സംരക്ഷണം, വനിതാ വോളിബോൾ, ഇന്ത്യൻ സ്വാതന്ത്യ ദിനാഘോഷം എന്നിങ്ങനെ വിവിധ ആഘോഷങ്ങളിലും പരിപാടികളും മൽസരങ്ങളിലും മലയാളികളുടെ മികവ് നേരിൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിനു മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാംപുകൾക്കും ഇൻഡസ്‌ട്രിയൽ സിറ്റിയിലെ കെഎം ട്രേഡിങ്ങിനും സെന്റ് പോൾസ് ദേവാലയത്തിനും സമീപത്തായാണു പുതിയ സമാജം. ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, 200 പേർക്കുള്ള മിനി ഹാൾ, കോൺഫറൻസ് ഹാൾ, കുട്ടികൾക്കുള്ള കളിസ്‌ഥലം, ഷട്ടിൽ കോർട്ടുകൾ എന്നീ സൗകര്യങ്ങളും സമാജത്തിനുണ്ട്.

ഉദ്‌ഘാടന ചടങ്ങിൽ പ്രസിഡന്റ് ബി.യേശുശീലൻ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരിയും അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്‌ടർ ബോർഡ് മെംബറും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടറുമായ എം.എ.യൂസഫലി, രക്ഷാധികാരികളായ എൻഎംസി ഹെൽത്ത്‌കെയർ വൈസ് ചെയർമാനും സിഇഒയുമായ ബി.ആർ.ഷെട്ടി, വിപിഎസ് ഹെൽത്ത് കെയർ ഫൗണ്ടറും മാനേജിങ് ഡയറക്‌ടറുമായ ഡോ. ഷംഷീർ വയലിൽ, ലുലു ഇന്റർനാഷനൽ എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്‌ടർ അദീബ് അഹ്‌മദ്, ജമിനി ബിൽഡിങ് മെറ്റീരിയൽസ് എംഡി ഗണേഷ് ബാബു, സൺറൈസ് മെറ്റൽ വർക്‌സ് മാനേജിങ് ഡയറക്‌ടർ ലൂയിസ് കുര്യാക്കോസ്, റൂബി ഗ്രൂപ്പ് എംഡി ബാലൻ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് പി.ടി.റഫീഖ്, ജനറൽ സെക്രട്ടറി പി.സതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി മഹ്‌ബൂബ്, ട്രഷറർ ഫസൽ, ചീഫ് കോ–ഓർഡിനേറ്റർ എ.എം.അൻസാർ, മീഡിയ കോ–ഓർഡിനേറ്റർ ജലീൽ ചോളയിൽ, കലാ വിഭാഗം സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവർ നേതൃത്വം നൽകി. വിവിധ കലാ സാംസ്‌കാരിക പരിപാടികളും നടന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.