Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നു പടിയിറങ്ങുന്നു, ജനകീയനായ സ്ഥാനപതി

by സ്വന്തം ലേഖകൻ
t-p-seetharam

ദുബായ് ∙ ‘‘നോ റിഗ്രറ്റ്സ്....ഒൺലി സാറ്റിസ്ഫാക്‌ഷൻ’’. ടി.പി.സീതാറാം 36 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തെ ഈ വാക്കുകളിൽ ഒതുക്കുന്നു. പന്ത്രണ്ടു രാജ്യങ്ങളിലായി നീണ്ട നയതന്ത്ര ജീവിതത്തിനാണു യുഎഇ ഇന്ത്യൻ സ്ഥാനപതി ടി.പി.സീതാറാം ഇന്നു വിരാമം കുറിക്കുന്നത്. അൻപതോളം വർഷം മുൻപ് ഒരു ആറാം ക്ലാസുകാരൻ കണ്ട സ്വപ്നം അതിന്റെ പൂർണതയോടെതന്നെ നിറവേറ്റിയ ചാരിതാർഥ്യമാണ് ഇപ്പോൾ മനസ്സിലുള്ളത്. പ്രമുഖ നയതന്ത്രജ്ഞനായ സഹോദരൻ ടി.പി.ശ്രീനിവാസനായിരുന്നു ബാല്യത്തിൽ സീതാറാമിന്റെ പ്രചോദനം.

സീതാറാം ആറാം ക്ലാസിൽ പഠിക്കുമ്പോഴാണു ശ്രീനിവാസൻ ജപ്പാനിൽ നിയമിതനാകുന്നത്. അവിടെനിന്നയച്ച കത്തുകൾ, ഫോട്ടോകൾ, വിവരണങ്ങൾ... എല്ലാം സീതാറാമിന്റെ ജീവിതത്തിനു ലക്ഷ്യം പകർന്നു. അധ്യാപകരായ മാതാപിതാക്കളും പിന്തുണ നൽകിയതോടെ കുടുംബത്തിൽനിന്ന് ഒരാൾ കൂടി ഐഎഫ്എസിലെത്തി. ‘‘തിരിഞ്ഞുനോക്കുമ്പോൾ എൻജോയബിൾ, പ്രൊഡക്ടീവ് കരിയർ’’ – അദ്ദേഹം പറയുന്നു.

യുവാക്കൾ ഈ രംഗത്തേക്കു കടന്നുവരണം. വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധികളാകാൻ കഴിയണം. ചൈനീസ് ഭാഷ പഠിച്ചാണു ഹോങ്കോങ്ങിൽ നയതന്ത്ര ജീവിതം ആരംഭിക്കുന്നത്. സംഘർഷഭരിതമായ കംബോഡിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽവരെ സേവനം. ഇടക്കാലത്തു യുഎൻ ദൗത്യം. കെ.ആർ.നാരായണൻ രാഷ്ട്രപതിയായിരിക്കുമ്പോൾ പ്രസ് സെക്രട്ടറി, മൊറീഷ്യസിൽ ഹൈകമ്മിഷണർ, 2013 ഡിസംബർ മുതൽ യുഎഇയിൽ ഇന്ത്യൻ സ്ഥാനപതി എന്നിങ്ങനെ ശ്രദ്ധേയ പദവികളിലിരുന്നശേഷമാണു വിരമിക്കുന്നത്.

ഇതിനിടെ, ദക്ഷിണാഫ്രിക്ക നെ‍ൽസൻ മണ്ടേലയുടെ നേതൃത്വത്തിൽ ജനാധിപത്യ ഭരണത്തിലേക്കു ചുവടുവയ്ക്കുന്നത് ഉൾപ്പെടെ ചരിത്രസംഭവങ്ങൾക്കു സാക്ഷിയാകാനും നയതന്ത്രജ്ഞനെന്ന നിലയിൽ ടി.പി.സീതാറാമിന് അവസരമുണ്ടായി. ഇന്ത്യ–യുഎഇ ബന്ധത്തിൽ ക്രിയാത്മക മാറ്റങ്ങളുണ്ടായ കാലഘട്ടമാണു സീതാറാമിന്റേത്. ഏറെക്കാലത്തിനുശേഷം പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചു.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനവും പിന്നാലെയുണ്ടായി. സുപ്രധാന കരാറുകൾ പിറന്ന ഇരു സന്ദർശനങ്ങളും ഇന്ത്യ –യുഎഇ ബന്ധത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. 7500 കോടി ഡോളറിന്റെ നിക്ഷേപനിധിക്കുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ, നൂറുകോടി ഡോളറിന്റെ നിക്ഷേപമുണ്ടായെന്നും ടി.പി.സീതാറാം അറിയിച്ചു.

‘ഇന്ത്യയിലെ അവസരങ്ങൾ ഉപയോഗിക്കൂ’

വിദേശരാജ്യങ്ങളിൽ തൊഴിൽ തേടി അലയുന്നതിനു പകരം ഇന്ത്യയിലെ അവസരങ്ങൾ ഉപയോഗിക്കണമെന്നു ടി.പി.സീതാറാം പ്രവാസികളോടു നി‍ർദേശിക്കുന്നു. ഗൾഫിലെ പുതിയ സാഹചര്യങ്ങൾ വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ ഉപദേശം. ഇന്ത്യ വൻ അവസരങ്ങളാണു തുറന്നിടുന്നത്. മലയാളികൾ നാട്ടിലെ അവസരങ്ങൾ ഉപയോഗിക്കണം. കേരളത്തിൽ 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. അവസരങ്ങൾ കേരളത്തിൽ കുറവില്ലെന്നതിനു തെളിവാണിത്.

നാട്ടിൽത്തന്നെ ജോലി ചെയ്തു ജീവിക്കുക, എടുത്തുചാടി വിദേശത്തേക്കു വരാതിരിക്കുക, ഏറ്റവും നിരാശപ്പെട്ടിരിക്കുന്ന സമയത്ത് എല്ലാം പണയപ്പെടുത്തി വൻ കടബാധ്യതയോടെ ഗൾഫിലേക്കു വരുന്നത് ഒഴിവാക്കുക, ഇവിടെയുള്ള സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക, 45 ഡിഗ്രിയിലേറെ ചൂടുള്ള, ജനാധിപത്യരാജ്യമല്ലാത്ത, കർശന നിയമങ്ങളുള്ള രാജ്യത്തേക്കാണു വരുന്നതെന്ന് ഓർക്കുക, വന്നാൽ ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കുറയ്ക്കുക, കഴിവതും ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതിരിക്കുക, ജോലിയിലും മറ്റും നല്ല ഭാവി കണ്ടാൽ മാത്രമേ ഇവിടെ വരാവൂ എന്നും ഈ നയതന്ത്രജ്ഞൻ പറയുമ്പോൾ, ചതിക്കപ്പെട്ടവരുടെ മുഖങ്ങൾ ഒട്ടേറെ കണ്ട, അവർക്കു സഹായങ്ങൾ എത്തിച്ച ഒരു സുമനസ്സിന്റെ സ്നേഹപൂർവമായ നി‍ർദേശം കൂടിയാണെന്ന് ഉറപ്പ്.

തൊഴിൽമന്ത്രാലയത്തിന്റെ പേര് യുഎഇ ഈയിടെ മാറ്റിയിരുന്നു. മനുഷ്യവിഭവശേഷി, സ്വദേശിവൽക്കരണം എന്നാക്കിയതിന്റെ പിന്നിൽ ഈ രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ തൊഴിൽ അവസരമുണ്ടാക്കുകയാണു ലക്ഷ്യമെന്നു വ്യക്തം. അത് എല്ലാ സർക്കാരിന്റെയും കടമയാണ്. ഈ സാഹചര്യം മനസ്സിലാക്കാൻ നമ്മളും തയാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

എംബസി ജനങ്ങളിലേക്ക്

അധികാരമേറ്റെടുത്തതുമുതൽ ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും ജനങ്ങളിലേക്കു കൂടുതൽ അടുപ്പിക്കാൻ ടി.പി.സീതാറാം നടത്തിയ ശ്രമങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നത് ഉറപ്പ്. എംപിയുടെയോ എംഎൽഎയുടെയോ ശുപാർശകളില്ലാതെ, പ്രവൃത്തിദിനങ്ങളിൽ രാവിലെ പത്തുമുതൽ പന്ത്രണ്ടുവരെ എംബസിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണാനും പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും പരിഹാരം കാണാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കിയത് ഏറെ ഗുണകരമായ നടപടിയായി.

കൂടാതെ, സുതാര്യത, ഏകോപനം, ആഴ്ചയിൽ ഒരിക്കൽ ജയിൽ സന്ദർശനം, വെൽഫെയർ ഫണ്ട് തുടങ്ങിയ മേഖലകളിലെല്ലാം ജനകീയത തുളുമ്പുന്ന അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു.

വൈവിധ്യങ്ങളായ അനുഭവങ്ങളും വെല്ലുവിളികളും നിറഞ്ഞുനിൽക്കുന്ന ഔദ്യോഗിക ജീവിതത്തിൽ മികവിന്റെ പടികൾ കയറിയ ടി.പി.സീതാറാം സംതൃപ്തിയോടെ മടങ്ങുന്നെന്നു പറയുമ്പോൾ പ്രവാസി ജനങ്ങളുടെ മനംനിറഞ്ഞ കൃതജ്ഞത അദ്ദേഹത്തോടൊപ്പമുണ്ടാകും. അവ‍ർക്ക് അദ്ദേഹം സമർഥനായ നയതന്ത്രജ്ഞൻ മാത്രമായിരുന്നില്ല, ഹൃദയത്തിൽ തങ്ങളെ അറിഞ്ഞ സ്ഥാനപതികൂടിയായിരുന്നു.

Your Rating: