Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജ പുസ്‌തകമേള നവംബർ 2 മുതൽ

book-fest ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമിരി പ്രസംഗിക്കുന്നു.

ഷാർജ ∙ മുപ്പത്തിയഞ്ചാമത് ഷാർജ രാജ്യാന്തര പുസ്‌തകമേള അടുത്തമാസം രണ്ടു മുതൽ 12 വരെ എക്‌സ്‌പോ സെന്ററിൽ നടക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രാവിലെ 10ന് ഉദ്‌ഘാടനം നിർവഹിക്കും. ‘കൂടുതൽ വായിക്കുക’ എന്നതാണ് ഇപ്രാവശ്യത്തെ പ്രമേയം. ഇന്ത്യയടക്കം 60 രാജ്യങ്ങളിൽ നിന്ന് 1420 പ്രസാധകർ പങ്കെടുക്കും. 15 ലക്ഷത്തിലേറെ പുസ്‌തകങ്ങളാണു വിൽപനയ്‌ക്കായി മേളയിൽ പ്രദർശിപ്പിക്കുക. ഇതിൽ 88,000 പുതിയ ശീർഷകങ്ങൾ.

ഷാർജ ബുക്ക് അതോറിറ്റിയാണു സംഘാടകർ. ആതിഥേയരായ യുഎഇയിൽ നിന്നാണ് ഏറ്റവുമധികം പ്രസാധകർ പങ്കെടുക്കുക–205. 163 പ്രസാധകരുമായി ഈജിപ്‌ത് രണ്ടാംസ്‌ഥാനത്തുണ്ട്. 110 വീതം പ്രസാധകരുമായി എത്തുന്ന ഇന്ത്യ, ലബനൻ എന്നീ രാജ്യങ്ങൾക്കാണു മൂന്നാം സ്‌ഥാനം. യുകെ 79, സിറിയ 66, അമേരിക്ക 63, സൗദി അറേബ്യ 61 എന്നിങ്ങനെ പ്രസാധകരെത്തും. മലയാളമടക്കം ഇന്ത്യയിൽ നിന്നുള്ള പ്രസാധകർ തങ്ങളുടെ ഏറ്റവും പുതിയ പുസ്‌തകങ്ങളുമായാണ് എത്തുക.

എം.ടി.വാസുദേവൻ നായർ, എംപിയും എഴുത്തുകാരനുമായ ശശി തരൂർ, ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ ചേതൻ ഭഗത്, 2014ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർഥി, ഗൂഗിൾ ബ്രാൻഡ് മാർക്കറ്റിങ് തലവനും മലയാളിയുമായ ഗോപി കല്ലായിൽ, ചലച്ചിത്ര താരങ്ങളായ ശത്രുഘ്‌നൻ സിൻഹ, മുകേഷ് എംഎൽഎ, ശിൽപാഷെട്ടി തുടങ്ങിയവരാണു മേള സജീവമാക്കാനെത്തുക. മലയാളത്തിൽനിന്ന് കൂടുതൽ എഴുത്തുകാരും കലാകാരന്മാരും വിവിധ പ്രസാധകരുടെ നേതൃത്വത്തിൽ മേളയിൽ പങ്കെടുക്കും.

യുഎഇയിലെ പ്രവാസി മലയാളി എഴുത്തുകാരുടെയും വിദ്യാർഥികളുടെയും പുസ്‌തകങ്ങൾ പ്രകാശനം ചെയ്യും. 1417 കലാ, സാഹിത്യ, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, പാചക പരിപാടികൾ അരങ്ങേറും. കുട്ടികളുടെ വിഭാഗത്തിൽ ബീജിങ് സർക്കസ് അടക്കമുള്ള കലാ സാഹിത്യ വിദ്യാഭ്യാസ, സംഗീത പരിപാടികൾ ഉണ്ടാകും. സമൂഹ മാധ്യമങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഈ മേഖലയിലെ താരങ്ങൾ പങ്കെടുക്കും. മേളയുടെ ചരിത്രത്തിൽ ആദ്യമായി എനിക്കുവേണ്ടി വായിക്കുന്നു എന്ന പ്രമേയത്തിൽ പ്രത്യേക പരിപാടി നടക്കും.

പ്രത്യേകം തയാറാക്കിയ കിയോസ്‌കുകളിൽ നിന്നു സന്ദർശകർക്കു തിരഞ്ഞെടുത്ത പുസ്‌തകങ്ങൾ വായിക്കാം. വായന റെക്കോർഡ് ചെയ്യപ്പെടുകയും ഈ ഓഡിയോ പിന്നീട്, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും നഴ്‌സിങ് ഹോമുകൾക്കും കൈമാറുകയും ചെയ്യുമെന്നും ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമിരി പറഞ്ഞു. കഴിഞ്ഞതവണ പത്തുലക്ഷത്തിലേറെപ്പേർ മേള സന്ദർശിച്ചിരുന്നു. ഇത്തവണ അതിൽ കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നു.

അറബ് ലോകത്തുനിന്ന് 228 വിശിഷ്‌ട വ്യക്‌തികൾ

യുഎഇ കവയിത്രിയും നോവലിസ്‌റ്റുമായ ഷെയ്‌ഖ് മൈസൂൺ അൽ ഖാസിമി, സൗദി കവിയും എഴുത്തുകാരനുമായ ഡോ.മുഹമ്മദ് അൽ മുഖ്‌റിൻ, കുവൈത്തിൽനിന്ന് സമൂഹമാധ്യമ പ്രവർത്തകൻ താലിബ് അൽ റിഫായി, ഈജിപ്‌ഷ്യൻ എഴുത്തുകാരൻ മുഫീദ് ഫൗസി, നോവലിസ്‌റ്റ് മുഹമ്മദ് റബി, ചലച്ചിത്ര താരം ഇസ്സത് അൽ അലൈലി, മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് സാഹിത്യകാരന്മാരായ ചാർബൽ ദാഗർ, ജോർജ് യാറഖ്, ഇബ്രാഹിം നസ്രല്ല, മഹ്‌മൂദ് ഷുഖൈർ, മഹമൂദ് ഹസൻ അൽ ജാസിം, ഷഹ്‌ ല ഉജൈലി, അബ്‌ദുന്നൂർ മുസീൻ, താരിഖ് ബകാരി, അഹ് ലം മുസ്‌തഗാനിമി, ഡോ.വാസിനി ലാറിദ്, ഹാമിദ് അൽ നാസിർ എന്നിവരും പങ്കെടുക്കും.

അമേരിക്കൻ നോവലിസ്‌റ്റ് കസാൻഡ്ര ക്ലെയർ, ഹോളി ഗോൾഡ് ബെർഗ് സ്ലോവൻ, ക്ലൗഡിയ ഗ്രേ, സിസ്‌റ്റർ സൗൽജ എന്നിവരും ഓസ്‌ട്രേലിയൻ നോവലിസ്‌റ്റ് ഗ്രഹാം സംസിയൻ എന്നിവരും മേളയ്‌ക്കെത്തും. യുനെസ്‌കോയാണ് ഇപ്രാവശ്യത്തെ അതിഥി. യുഎഇ 2016 വായനാവർഷമായി ആഘോഷിക്കുന്നതിനാൽ ഷാർജ പുസ്‌തകമേള കൂടുതൽ പേരെ ആകർഷിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഷാർജ മീഡിയാ കോർപറേഷൻ ഡയറക്‌ടർ ജനറൽ ഖാലിദ് അൽ മിദ്‌ഫ പറഞ്ഞു. ഇത്തിസാലാത്ത് വടക്കൻ എമിറേറ്റ് സിഇഒയും ജനറൽ മാനേജരുമായ അബ്‌ദുൽ അസീസ് തര്യവും പങ്കെടുത്തു.

ബിസിനസ് മീറ്റിങ് 30 മുതൽ ഒന്നുവരെ

മേളയുടെ മുന്നോടിയായി ബിസിനസ് മീറ്റിങ് ഈമാസം 30 മുതൽ നവംബർ ഒന്നുവരെ നടക്കും. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ അറബ് പ്രസാധകർക്കു പരിശീലനം, ചർച്ചകൾ, രാജ്യാന്തര പരിഭാഷാ അവകാശം വാങ്ങാനും വിൽക്കാനുമുള്ള വഴി കണ്ടെത്തൽ എന്നിവയാണ് ത്രിദിന പരിപാടിയിൽ ഉണ്ടാകുക. മേളയും അമേരിക്കൻ ലൈബ്രറി അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിക്കുന്ന സമ്മേളനം നവംബർ എട്ട് മുതൽ 10 വരെ നടക്കും. ഗൾഫിലെയും അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെയും പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ലൈബ്രേറിയന്മാർ അടക്കം 400 ലേറെ വിദഗ്‌ധർ സമ്മേളനത്തിൽ പങ്കെടുക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.