Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹിഷ്ണുത പ്രോൽസാഹിപ്പിക്കാൻ സംരംഭവുമായി ദുബായ്

ദുബായ് ∙ സഹിഷ്ണുത പ്രോൽസാഹിപ്പിക്കാനും സഹിഷ്ണുതയുടെ വക്താക്കളെ ആദരിക്കാനുമായി ദുബായ് രാജ്യാന്തരതലത്തിൽ സംരംഭം ആരംഭിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച സംരംഭത്തോട് അനുബന്ധിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അവാർഡ് ഫോർ എക്സലൻസും നൽകും. സഹിഷ്ണുത രംഗത്ത് അറബ് യുവനേതാക്കളെ സൃഷ്ടിക്കാനും ബൗദ്ധികമായും സാംസ്കാരികപരമായും മാധ്യമരംഗത്തും പിന്തുണ നൽകാനും ഇവർക്കു കഴിയും.

രാജ്യങ്ങൾക്കിടയിൽ സഹിഷ്ണുത പ്രോൽസാഹിപ്പിക്കുന്നതു സംബന്ധിച്ച നയങ്ങളിൽ വിദഗ്ധോപദേശം നൽകുന്നതിന്റെ ഭാഗമായി ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസ് സ്ഥാപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. യുവജനങ്ങളിൽ സഹിഷ്ണുത തത്വങ്ങൾ പകരാനും ഇതുസംബന്ധിച്ച പഠനങ്ങൾ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവ തയാറാക്കാനും ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. മൗലികവാദം, വിഭാഗീയത, ഒറ്റപ്പെടുത്തൽ തുടങ്ങിയവയുടെ മൂലകാരണം എന്നിവയെക്കുറിച്ചുള്ള സാമൂഹിക പഠനവും ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കും.

ഈ രംഗത്തെ അറബ്, രാജ്യാന്തര വിദഗ്ധർക്കും സ്ഥാപനം പിന്തുണ നൽകും. സഹിഷ്ണുത സംബന്ധിച്ചു വിദ്യാഭ്യാസ പാഠ്യപദ്ധതിയും ആരംഭിക്കും. അടുത്ത പത്തുവർഷത്തിനുള്ളിൽ 13 കോടി ജനങ്ങൾക്കു പ്രയോജനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ ഭാഗമാണ് അവാർഡ്. സഹിഷ്ണുതയുടെ ലോകമാതൃകയാണ് യുഎഇയെന്നു സ്ഥാപിച്ചു കഴിഞ്ഞെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇ സഹിഷ്ണുതയെ മുഖ്യമൂല്യമായിട്ടാണ് സൂക്ഷിക്കുന്നത്.

സുസ്ഥിരമായ ഒരു സ്ഥാപനത്തിന്റെ പ്രവർത്തനത്തിലൂടെ അറബ് ലോകത്തെ ജനങ്ങളിൽ നന്മയുടെ ക്രിയാത്മകത പ്രസരിപ്പിക്കാനാവും. സുസ്ഥിരമായ സമൂഹത്തിനും വികസനത്തിനും സഹിഷ്ണുത കാരണമാണ്. സഹിഷ്ണുതയുടെ സംസ്കാരം, തുറന്ന മനോഭാവം, സമാധാനത്തോടെയുള്ള സഹവർത്തിത്വം തുടങ്ങിയവ കാത്തുസൂക്ഷിക്കാൻ അറബ് ലോകത്തിനു കഴിയണം. തീവ്രവാദത്തിനും ഒറ്റപ്പെടുത്തലിനും എതിരെ നിലകൊള്ളാൻ യുവാക്കളിൽ സംസ്കാര സമന്വയം ഉറപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്‌ലാമിക് അറബ് സംസ്കാരത്തിന്റെ വികസനത്തിൽ നിലനിന്നിരുന്ന സഹിഷ്ണുതയ്ക്കു വിഘാതമായി ഉടലെടുത്ത വിവിധ പ്രശ്നങ്ങളിലും സംസ്കാരിക അപചയത്തിനും പരിഹാരമായി മാറുന്ന പ്രായോഗിക പ്രതികരണമാണു ഷെയ്ഖ് മുഹമ്മദിന്റെ പുരസ്കാരമെന്നു കാബിനറ്റ് കാര്യ, ഭാവി മന്ത്രിയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ സെക്രട്ടറി ജനറലുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു.

അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്. ചിന്ത, സാഹിത്യം, കല എന്നീ രംഗങ്ങളിലാണ് മൂന്ന് അവാർഡുകൾ. യുവാക്കളുടെ പദ്ധതികൾ, നവമാധ്യമം എന്നീ രംഗങ്ങളിലാണ് മറ്റു രണ്ട് പുരസ്കാരങ്ങൾ. സഹിഷ്ണുത സഹമന്ത്രി ഷെയ്ഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമിയാണ് അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ അധ്യക്ഷ. അവാർഡിന്റെ സെക്രട്ടറി ജനറലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിങ് ഡയറക്ടറുമായി ഡോ. ഹമദ് അൽ ഷെയ്ഖ് അഹമ്മദ് ഷെയ്ബാനിയെയും നിയമിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.