Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാം ട്രാക്കിൽ ചുവപ്പു സിഗ്നൽ മറികടന്നാൽ കടുത്തശിക്ഷ

red-signal

ദുബായ് ∙ ട്രാമുമായി ബന്ധപ്പെട്ട ഗതാഗതസുരക്ഷാ ചട്ടങ്ങളിൽ ദുബായ് കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഭേദഗതി വരുത്തി. നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കർശനമാക്കി. ട്രാം പാത ഇന്റർസെക്‌ഷനിൽ ചുവപ്പു സിഗ്നൽ ലംഘിച്ച് ആളപായമുണ്ടാക്കുംവിധം അപകടമുണ്ടാക്കിയാൽ 15,000 ദിർഹം മുതൽ 30,000 ദിർഹം വരെയായിരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് ഒന്നുമുതൽ മൂന്നുവർഷം വരെ സസ്‌പെൻഡ് ചെയ്യും.

ഗുരുതര പരുക്കേൽക്കുംവിധമുള്ള അപകടമാണെങ്കിൽ 5000 ദിർഹം മുതൽ 15,000 ദിർഹം വരെയായിരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് ആറുമാസം മുതൽ ഒരുവർഷം വരെ സസ്‌പെൻഡ് ചെയ്യും. ആർക്കും പരുക്കേൽക്കാത്ത അപകടമാണെങ്കിൽ 3000 ദിർഹം മുതൽ 6000 ദിർഹം വരെയായരിക്കും പിഴ. ഡ്രൈവറുടെ ലൈസൻസ് 30 ദിവസം മുതൽ ആറുമാസംവരെയാകും സസ്‌പെൻഡ് ചെയ്യുക.

ചുവപ്പു സിഗ്നൽ മറികടന്നിട്ട് അപകടമുണ്ടായില്ലെങ്കിലും 2000 ദിർഹം മുതൽ 5000 ദിർഹം വരെ പിഴ നൽകണം. ഡ്രൈവറുടെ ലൈസൻസ് 30 ദിവസം മുതൽ മൂന്നുമാസംവരെ സസ്‌പെൻഡ് ചെയ്യും. കോൺട്രാക്‌ടർമാരും നടത്തിപ്പുകാരും ചട്ടവിരുദ്ധമായി കാര്യങ്ങൾ ചെയ്യുകയോ സുരക്ഷാപരമായ കാര്യങ്ങളിലും മറ്റും വീഴ്‌ചവരുത്തുകയോ ചെയ്‌താൽ ഒരുലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴ ഈടാക്കാനും നിയമം വ്യവസ്‌ഥ ചെയ്യുന്നു. ചട്ടവിരുദ്ധമായ നടപടികൾ ശ്രദ്ധയിൽപെട്ടാൽ കരാറുകൾ റദ്ദാക്കാനും നടപടി സ്വീകരിക്കും. പാളിച്ചകൾ തിരുത്തിയാൽ മാത്രമേ ഇവർക്കു തുടർന്നു പ്രവർത്തിക്കാനാകൂ.

എട്ടുമാസത്തിനിടെ ചുവപ്പു സിഗ്നൽ മറികടന്നതു 14,236 വണ്ടികൾ

ദുബായ് ∙ എമിറേറ്റിൽ എട്ടുമാസത്തിനിടെ ചുവപ്പു സിഗ്‌നൽ മറികടന്ന ട്രാഫിക് നിയമലംഘനങ്ങൾ 14,236. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു റെഡ് സിഗ്‌നലിൽ നിയമം തെറ്റിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ട്രാഫിക് നിയമലംഘനങ്ങളിൽ ഏറ്റവും ഗൗരവമുള്ളതാണു റെഡ്‌സിഗ്‌നൽ മറികടക്കുന്നതെന്നു ഗതാഗത വകുപ്പ് തലവൻ ബ്രിഗേഡിയർ സൈഫ് മുഹയ്യർ അൽ മസ്‌റൂയി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ മൂലമുള്ള അപകടങ്ങളിൽ മരണമോ ഗരുതര പരുക്കോ റിപ്പോർട്ട് ചെയ്യാറുണ്ട്.

നിരപരാധികളുടെ ജീവനും സ്വത്തും തകർക്കുന്നതും ഇത്തരം നിയമലംഘനങ്ങളുടെ തിക്‌തഫലമാണ്. അതിവേഗത്തിലാണു റെഡ്‌സിഗ്‌നൽ മറികടക്കുന്നവരുടെ വാഹനം വരികയെന്നതിനാൽ അപകടത്തിന്റെ തീവ്രത കൂടും. ചീറപ്പാഞ്ഞാണു മിക്ക വാഹനങ്ങളും ട്രാഫിക് സിഗ്‌നലുകൾക്കു സമീപമെത്തുന്നത്. മഞ്ഞ വെളിച്ചം ചുവപ്പിലേക്കു മാറുംമുൻപ് സിഗ്‌നൽ കടക്കാനുള്ള വ്യഗ്രതയിലാണു പലരും വളയം പിടിക്കുന്നത്.

റെഡ് സിഗ്‌നൽ മറികടന്ന് ഇക്കൊല്ലം 87 അപകടങ്ങളുണ്ടായി. 94 ആളുകളാണു ഇതുവഴി പരുക്കേറ്റ് ആശുപത്രിയിലായത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.