Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ–ഇന്ത്യ പ്രതിവർഷ വ്യാപാരം 22,000 കോടി

deal

ഷാർജ ∙ യുഎഇയും ഇന്ത്യയും തമ്മിലുള്ള പ്രതിവർഷ വ്യാപാരം 22,000 കോടി ദിർഹമായതായി ഷാർജ ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുരൂഖ്) സിഇഒ മർവാൻ ബിൻ ജാസിം അൽ സർകാൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം നിക്ഷേപ–വ്യാപാരമേഖലകൾക്കു കൂടുതൽ കരുത്തും കുതിപ്പുമേകുന്നു. വൈവിധ്യവൽക്കരണ നടപടികൾ, ആധുനിക സാങ്കേതിക വിദ്യകൾ, വൈദഗ്‌ധ്യം നേടിയ തൊഴിലാളിനിര തുടങ്ങിയ ഘടകങ്ങൾ നേടിത്തന്ന ഗുണപരമായ മാറ്റം വ്യാപാര മേഖലയിലും പ്രതിഫലിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും സംയുക്‌തമായി തുടക്കമിട്ട പദ്ധതികൾ ആശാവഹമായ പുരോഗതി കൈവരിക്കുകയും അതു സാമ്പത്തികമേഖലയ്‌ക്കു നേട്ടമാകുകയും ചെയ്‌തു. കൂടുതൽ മേഖലകളിലേക്കു സൗഹൃദം വ്യാപിക്കുകയാണ്. ഷാർജയിൽ കൂടുതൽ ഇന്ത്യൻ കമ്പനികൾ കടന്നുവരുന്നു. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ക്രമാനുഗത വളർച്ച ഷാർജ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരമേഖലയിൽ വളർന്നുവരുന്ന ബന്ധത്തെക്കുറിച്ചും കൂടുതൽ സാധ്യതകളെക്കുറിച്ചും ഷാർജ ഫോറിൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫോറം (ഷാർജ എഫ്‌ഡിഐ ഫോറം) ചർച്ചചെയ്യും.

യുകെയിലെ ഫൈനാൻഷൽ ടൈംസുമായി സഹകരിച്ചു ഷാർജ ഷെറാട്ടൺ ബീച്ച് റിസോർട്ടിൽ 28, 29 തീയതികളിലാണു വ്യവസായ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണിതു സംഘടിപ്പിക്കുക. നികായി ഗ്രൂപ്പ് ചെയർമാൻ പരസ് ഷഹ്‌ദാപുരി, ബഹ്‌റൈനിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി പ്രതിനിധി സി.എസ്.രാഘവൻ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ചെയർമാൻ സുദേഷ് കെ.അഗർവാൾ എന്നിവരും രാജ്യാന്തര പ്രതിനിധികളും പങ്കെടുക്കും.

ഇന്ത്യയിൽ വർധിച്ചുവരുന്ന യുഎഇ നിക്ഷേപത്തെക്കുറിച്ചാകും മുഖ്യചർച്ച. 2000നും 2010നും ഇടയ്‌ക്ക് 182 കോടി ഡോളറിന്റെ നിക്ഷേപമാണുണ്ടായത്. ഊർജം, ലോഹം, നിർമാണം തുടങ്ങിയ മേഖലകളിലാണിത്. 2014ൽ യുഎഇ സാമ്പത്തിക മന്ത്രാലയത്തിൽ 4365 ഇന്ത്യൻ കമ്പനികളും 177 വാണിജ്യ ഏജൻസികളും റജിസ്‌റ്റർ ചെയ്‌തു. 5579 ട്രേഡ്‌മാർക്കുകളും ഈ കാലയളവിൽ റജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 2013ൽ ഇന്ത്യയിൽനിന്ന് 7300കോടിയിലേറെ ദിർഹത്തിന്റെ ഇറക്കുമതിയാണു രാജ്യത്തുണ്ടായത്.

എണ്ണയിതര മേഖലയിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയും പുനർകയറ്റുമതിയും യഥാക്രമം 2830 കോടിദിർഹം, 3160കോടി ദിർഹം എന്നിങ്ങനെയായിരുന്നു. ഹംറിയ ഫ്രീസോണിൽ ഇന്ത്യയിൽനിന്നുള്ള കൂടുതൽ കമ്പനികൾ കടന്നുവരുന്നുണ്ട്. നിലവിൽ ഇന്ത്യയിൽനിന്നുള്ള പല കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. പെയിന്റ്, ടെക്‌സ്‌റ്റൈൽ കമ്പനികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹംറിയഫ്രീസോണിൽ157ലേറെ രാജ്യങ്ങളിൽനിന്നുള്ള സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നതായാണു റിപ്പോർട്ട്. എണ്ണ, വാതകം, പെട്രോകെമിക്കൽസ്, സ്‌റ്റീൽ, ഭക്ഷ്യ, നിർമാണ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.