Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിൽ അനധികൃത കച്ചവടക്കാർ പെരുകുന്നതായി റിപ്പോർട്ട്

by സ്വന്തം ലേഖകൻ

ഷാർജ ∙ ഊരുചുറ്റി കച്ചവടം ചെയ്യുന്നയാൾ ഒരുദിവസം സമ്പാദിക്കുന്നത് 16,000 ദിർഹമെന്നു പൊലീസ്. ഇത്തരം അനധികൃത കച്ചവടക്കാർ എമിറേറ്റിൽ പെരുകിയതായാണു റിപ്പോർട്ട്. വാടകയ്‌ക്കു കെട്ടിടമോ അധികൃതരുടെ അനുമതിയോ ഇല്ലാതെയാണു കച്ചവടം. ആവശ്യക്കാരുടെ താമസയിടവും ജോലിസ്‌ഥലവും കണ്ടെത്തി കച്ചവടം ചെയ്യുകയാണ് രീതി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം കച്ചവടം അനുവദിക്കില്ല.

വഴിവാണിഭക്കാരിലേറെയും അനധികൃതമായി രാജ്യത്തു തങ്ങുന്നവരാണ്. ഇവർ വിൽക്കുന്ന സാധനങ്ങൾ ആരോഗ്യ–സുരക്ഷാ പ്രശ്‌നങ്ങൾക്കു വഴിവയ്‌ക്കുന്നതാണെന്നു വ്യക്‌തമായതിനാൽ വ്യാപക ബോധവൽക്കരണം നടത്തുന്നുണ്ടെന്ന് ക്യാപ്‌റ്റൻ മുഹമ്മദ് അൽഔദി അറിയിച്ചു. വിലക്കുറവുള്ള സാധനങ്ങളുമായി ജനങ്ങളെ ആകർഷിച്ചുള്ള കച്ചവടത്തിനൊപ്പം ഭിക്ഷാടനവും ഇവർ അവസരത്തിനൊപ്പം നടത്തുന്നു. ട്രാഫിക് സിഗ്‌നലുകളിൽ വെള്ളവും ജ്യൂസും വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എമിറേറ്റിലെ ഒരു പള്ളിയുടെ പരിസരത്തു നിന്നു പിടികൂടിയ യാചകൻ ഭിക്ഷാടനം നടത്തുന്നതിനിടെ മദ്യപിക്കുന്നതായി കണ്ടെത്തി. കാൽമുറിഞ്ഞതായും മാറാരോഗം പിടിപെട്ടതായും അഭിനയിച്ചു പണപ്പിരിവ് നടത്തിയവരും പൊലീസ് പിടിയിലായി.

ഭിക്ഷാടകർ മാഫിയ സംഘമാണെന്നാണ് പൊലീസിന്റെ വിശദീകരണം. വ്രതമാസങ്ങളിലും ആഘോഷനാളുകളിലും ഇവർ പലയിടങ്ങളിലേക്കു പോകുന്നു. ഇങ്ങനെ ശേഖരിക്കുന്ന പണം ഒരിടത്ത് ഒരുമിച്ചുകൂടി പങ്കിട്ടെടുക്കുകയാണു പതിവ്. വഴിവാണിഭക്കാരും യാചകരും ദരിദ്രരല്ലെന്നും പൊലീസ് വ്യക്‌തമാക്കി. സിഗ്‌നലുകളിൽ അമിതവിലയ്‌ക്കു സാധനങ്ങൾ വിറ്റു പണമുണ്ടാക്കാൻ മാത്രം സന്ദർശക വീസയിൽ വരുന്നവരുമുണ്ട്.

കാലാവധി കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ചു സാൻവിച്ച്, ബർഗർ എന്നിവയുണ്ടാക്കി വിൽക്കുന്നവരും ഇവരിലുണ്ട്. 50 ഫിൽസിനു വരെ ഇത് ആവശ്യക്കാർക്കു ലഭിക്കും. ഇവയിൽ ഉപയോഗിച്ച മാംസത്തെ കുറിച്ചോ മറ്റു ചേരുവകളെ കുറിച്ചോ വിലമാത്രം നോക്കി വാങ്ങുന്നവർ അന്വേഷിക്കാറില്ല. പിടിയിലായവർ ഇക്കാര്യം സമ്മതിക്കുകയും ചെയ്‌തു. സമാന്തര ടെലിഫോൺ സർവീസാണു നിയമലംഘകരുടെ മറ്റൊരു ഉപജീവന മാർഗം. രാജ്യാന്തര കോളുകൾക്ക് സൗകര്യമൊരുക്കി പണം വാരുന്നു. ഇതിനായി മാത്രം ഇത്തിസലാത്തിൽ നിന്നു സിം കാർഡുകൾ എടുക്കുന്നുണ്ട്. വൻതുകയ്‌ക്കു ടെലിഫോൺ കോളുകൾ ചെയ്‌തശേഷം നാടുവിടുന്നവരും കുറവല്ല.

അശ്ലീല സിനിമകളുടെ സിഡി വിൽക്കുന്നവരും പൊലീസ് പിടിയിലായിട്ടുണ്ട്. സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയാണു പലരും ഇത്തരം ജോലികൾ ചെയ്യുന്നത്. അറബ് വീടുകളിൽ നിന്നു വീട്ടുജോലിക്കാരെ തൊഴിൽ വിടാൻ നിർബന്ധിക്കുന്നതാണ് മറ്റൊരു തന്ത്രം. കൂടുതൽ വേതനം നൽകാമെന്നു മോഹിപ്പിച്ച് ഇവരെക്കൊണ്ടു ലൈംഗിക തൊഴിൽ ചെയ്യപ്പിക്കുന്ന കേസുകളും പൊലീസ് റജിസ്‌റ്റർ ചെയ്‌തവയിൽ ഉൾപ്പെടുന്നു.

ഈ വർഷം പൊലീസ് നടത്തിയ പരിശോധനയിൽ 9663 ഭിക്ഷാടകരെയും അനധികൃത താമസക്കാരെയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ 6850 പുരുഷൻമാരും 2813 സ്‌ത്രീകളുമുണ്ട്. ഷാർജ പൊലീസ് നടത്തിയ 440 പരിശോധനകളിലാണ് ഇവർ പിടിയിലായത്. വഴിവാണിഭക്കാർ, ഭിക്ഷാടകർ, സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങിയവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക സുരക്ഷയ്‌ക്കു ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ കണ്ടാൽ വിവരമറിയിക്കണമെന്നും ക്യാപ്‌റ്റൻ മുഹമ്മദ് അഭ്യർഥിച്ചു.

Your Rating: