Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഎസ്എസ്ടിഎ പാസാക്കിയ നടപടി : യുഎസ് കോൺഗ്രസ് തെറ്റുതിരുത്തുമെന്ന പ്രതീക്ഷയിൽ സൗദി

 ദുബായ് ∙ ഭീകരാക്രമണത്തിന് ഇരയായവർക്ക് ആരോപണവിധേയരായ രാജ്യങ്ങൾക്കെതിരെ യുഎസ് കോടതിയെ സമീപിക്കാൻ അനുമതി നൽകുന്ന ജസ്റ്റിസ് എഗെൻസ്റ്റ് സ്പോൺസേഴ്സ് ഓഫ് ടെററിസം ആക്ട് (ജെഎസ്എസ്ടിഎ) പാസാക്കിയ യുഎസ് കോൺഗ്രസ് തെറ്റുതിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യ. രാജ്യങ്ങളുടെ പരസ്പരബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതാണു നിയമമെന്നു സൗദി അഭിപ്രായപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരമെന്ന ആശയത്തിന് എതിരായ നിയമം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ദോഷമാണ്. ഒട്ടേറെ രാജ്യങ്ങൾ നിയമത്തെ എതിർക്കുന്നുണ്ട്. യുഎസ് സുരക്ഷാവിദഗ്ധരും നിയമത്തെ എതിർത്തിരുന്നെന്നും സൗദി പറഞ്ഞു. ജെഎസ്എസ്ടിഎ നിയമത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വീറ്റോ ചെയ്തെങ്കിലും യുഎസ് കോൺഗ്രസ് കഴിഞ്ഞ ദിവസം പാസാക്കുകയായിരുന്നു.

2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്കു സൗദി അറേബ്യയ്ക്കെതിരെ യുഎസ് കോടതിയെ സമീപിക്കാൻ അനുമതി നൽകുന്നതാണു നിയമം. യുഎസ് കോൺഗ്രസ് നടപടിയെ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എതിർത്തിരുന്നു. രാജ്യാന്തര നിയമവ്യവസ്ഥകളെ അപകടകരമായി ബാധിക്കുന്നതാണു നിയമമെന്നു യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗെർഗാഷും അഭിപ്രായപ്പെട്ടു. അമേരിക്കയിൽ രാജ്യങ്ങൾ നടത്തുന്ന നിക്ഷേപത്തെയും കാര്യമായി ബാധിക്കുന്നതാണു നിയമമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നിയമത്തിനു ജനപിന്തുണയുണ്ടെന്നതു രാജ്യാന്തര നിയമങ്ങളിലും നിക്ഷേപങ്ങളിലും ആവശ്യമായ യുക്തിഭദ്രതയെ മറികടക്കുന്നതാണ്. ഇതു ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗദി അറേബ്യയ്ക്കെതിരെ അമേരിക്കയിൽ ഉയരുന്ന പ്രതികരണം യുക്തിരഹിതവും ജനവികാരം ഇളക്കിവിടുന്നതുമാണ്. തീവ്രവാദവും ഭീകരാക്രമണവും മൂലം ഒട്ടറെ വിഷമതകൾ അനുഭവിക്കേണ്ടിവന്ന രാജ്യമാണു സൗദിയെന്നും ഗർഗാഷ് പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.