Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതനം വൈകൽ: കമ്പനികൾക്ക് എതിരെ കടുത്ത നടപടികൾ

workers

അബുദാബി ∙ യുഎഇയിൽ തൊഴിലാളികൾക്കു യഥാസമയം വേതനം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കടുത്ത നടപടി തുടങ്ങുന്നു. മനുഷ്യവിഭവശേഷി–സ്വദേശിവൽക്കരണ മന്ത്രാലയം ജൂലൈയിൽ പ്രഖ്യാപിച്ച നിയമമാണ് ഈ മാസം മുതൽ നടപ്പാക്കുക. തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

നൂറിലേറെ തൊഴിലാളികൾ ജോലിചെയ്യുന്ന കമ്പനിയാണെങ്കിൽ വേതനസംരക്ഷണ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) റജിസ്‌റ്റർ ചെയ്‌ത തീയതി മുതൽ പത്തുദിവസത്തിനകം ശമ്പളം നൽകിയിരിക്കണമെന്ന് ഇൻസ്‌പെക്‌ഷൻസ് വിഭാഗം അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മാഹിർ അൽ ഒബെദ് പറഞ്ഞു. ശമ്പളം മുടങ്ങിയതിന്റെ 16–ാമത്തെ ദിവസം മുതൽ ഈ കമ്പനികൾക്ക് വർക്ക് പെർമിറ്റുകൾ നൽകില്ല. തുടർച്ചയായ രണ്ടാം മാസവും വേതനം മുടങ്ങിയാൽ കൂടുതൽ നടപടികൾ ഉണ്ടാകും. ഒരുമാസം വേതനം മുടങ്ങുമ്പോൾ തന്നെ കമ്പനികൾക്കെതിരെ നടപടികൾ തുടങ്ങുകയും പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്യും. കോടതിക്കും സർക്കാർ വിഭാഗങ്ങൾക്കും വിവരങ്ങൾ കൈമാറും. നിയമലംഘനം നടത്തുന്ന കമ്പനിയുടമയുടെ മറ്റു സ്‌ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. അവയുടെ പുതിയ പ്രോജക്‌ടുകൾ തടയും. തുടർച്ചയായി വേതനം നൽകാതിരിക്കുകയാണെങ്കിൽ കമ്പനിയുടെ ബാങ്ക് ഗാരന്റി പിടിച്ചെടുക്കും. കമ്പനിയെ തരം താഴ്‌ത്തുകയും മറ്റു കമ്പനികളിൽ ജോലി തേടാൻ തൊഴിലാളികളെ അനുവദിക്കുകയും ചെയ്യും.

രണ്ടുമാസം ശമ്പളം മുടങ്ങിയാൽ കനത്ത പിഴ

60 ദിവസമായി ശമ്പളം നൽകുന്നില്ലെങ്കിൽ കമ്പനിയിൽനിന്നു കൂടുതൽ പിഴ ഈടാക്കും. നിയമലംഘനം നടത്തിയതിനുള്ള പിഴയ്‌ക്കു പുറമെയാണിത്. ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന തോതിലായിരിക്കും പിഴ കണക്കാക്കുക. കൂടുതൽ തൊഴിലാളികൾ പരാതിക്കാരായി ഉണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴ. മുടങ്ങിയ വേതനം ആ മാസം തന്നെ നൽകിയാൽ പുതിയ വർക്ക് പെർമിറ്റിനുള്ള വിലക്ക് നീക്കും. രണ്ടുമാസത്തിലേറെയായി വേതനം നൽകിയില്ലെങ്കിൽ 60 ദിവസത്തേക്കായിരിക്കും വിലക്ക്. കമ്പനികൾ നിയമലംഘനം തുടർന്നാൽ ശിക്ഷ ഇരട്ടിയാകും. നൂറിൽ താഴെ തൊഴിലാളികളുള്ള കമ്പനി 60 ദിവസമായി ശമ്പളം നൽകിയില്ലെങ്കിൽ പുതിയ വർക്ക് പെർമിറ്റുകൾ തടയുകയും പിഴ ഈടാക്കുകയും ചെയ്യും.

ഒരു കൊല്ലത്തിലേറെ നിയമലംഘനം നടത്തിയാൽ നൂറിലേറെ തൊഴിലാളികളുള്ള കമ്പനികൾക്കെതിരെയുള്ള അതേ നടപടികൾ സ്വീകരിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്നും മാഹിർ അൽ ഒബെദ് പറഞ്ഞു. നടപടികളിൽ സുതാര്യത ഉറപ്പുവരുത്താനും ഇതു സഹായകമാകും. തൊഴിലുടമയും തൊഴിലാളികളും തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിൽക്കാൻ ഇതാവശ്യമാണ്. കൂടുതൽ ഉത്തരവാദിത്തബോധത്തോടെ തൊഴിൽ ചെയ്യാൻ തൊഴിലാളികളെ ഇതു പ്രാപ്‌തമാക്കും. മനുഷ്യവിഭവശേഷി–സ്വദേശിവൽക്കരണ മന്ത്രി സഖർ ബിൻ ഗൊബാഷ് സഈദ് ഗൊബാഷാണ് ജൂലൈയിൽ പുതിയ നിയമം പ്രഖ്യാപിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.