Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസാതട്ടിപ്പിൽ കുടുങ്ങിയ 12 പേർ നാട്ടിലേക്കു മടങ്ങി

visa വീസാ തട്ടിപ്പിനിരയായി യുഎഇയിലെത്തിയ മലയാളി യുവാക്കൾ ഷാർജ റോളയിലെ റോഡരികിൽ​ (ഫയൽ ചിത്രം)​.​

ഷാർജ ∙ തൊഴിൽവീസാ തട്ടിപ്പിൽപെട്ടു യുഎഇയിലെത്തി പെരുവഴിയിലായ 14 മലയാളി യുവാക്കളിൽ 12 പേർ നാട്ടിലേക്കു മടങ്ങി. രണ്ടുപേർ കുറച്ചുനാൾകൂടി നിൽക്കാനുള്ള തയാറെടുപ്പിലാണ്. ശനിയാഴ്‌ച രാത്രി ദുബായിൽനിന്നാണു 12 പേർ വിമാനംകയറിയത്. സലാം, ജംഷാദ് എന്നിവരാണു യുഎഇയിൽ തുടരാൻ തീരുമാനിച്ചത്. മലപ്പുറം പെരിന്തൽമണ്ണയിലെ ട്രാവൽസ് മുഖേന കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചയോടെയാണ് വയനാട് സ്വദേശികളായ സുഹൈൽ, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫൽ, വണ്ടൂർ സ്വദേശി ശിവൻ, ഒതുക്കുങ്ങൽ സ്വദേശി ജാഫർ, നിലമ്പൂർ സ്വദേശികളായ ഷാജഹാൻ, പ്രജീഷ്, ചെറാട് സ്വദേശി അജി, ലിബീഷ്, കരീം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവർ യുഎഇയിലെത്തിയത്.

ഷാർജയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിന്റെ കേറ്ററിങ് വിഭാഗത്തിൽ സഹായികളുടെ തസ്‌തികയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഒന്നര ലക്ഷത്തിലേറെ രൂപ കൈപ്പറ്റി ടൂറിസ്‌റ്റ് വീസയിലാണു കൊണ്ടുവന്നത്. വീസ നൽകിയ ഏജന്റുമാരിൽ ആരുമെത്താതിരുന്നതിനെ തുടർന്നു ദുബായ് വിമാനത്താവളത്തിൽനിന്നു ടാക്‌സിയിലാണ് ഇവർ ഷാർജയിലെത്തിയത്. ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ ഒരു പകലും രാത്രിയും തെരുവോരത്തു കഴിച്ചുകൂട്ടേണ്ടിവന്ന ഇവരെ പിന്നീടു പ്രവാസി ഇന്ത്യാ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.

യുഎഇയിലെ ഏജന്റുമാരെ കണ്ടെത്തി ചർച്ച നടത്തിയെങ്കിലും അവർ ഒഴിഞ്ഞുമാറി. മനോരമ വാർത്തയെ തുടർന്ന് ഒട്ടേറെപ്പേർ ജോലിവാഗ്‌ദാനവുമായി എത്തിയിരുന്നെങ്കിലും ശമ്പളം വളരെ തുച്‌ഛമായതിനാൽ നിരസിക്കുകയായിരുന്നു. സംഭവം നാട്ടിൽ വിവാദമായതിനെ തുടർന്നു പെരിന്തൽമണ്ണയിലെ ട്രാവൽസുകാരെ യുവാക്കളുടെ കുടുംബാംഗങ്ങൾ സമീപിക്കുകയും ടൂറിസ്‌റ്റ് വീസ, വിമാന ടിക്കറ്റ് എന്നിവ ഒഴിച്ചുള്ള ബാക്കി തുകയ്‌ക്കു ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്‌തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.