Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിതോർജ സാങ്കേതിക വിദ്യകളുമായി ‘വെറ്റെക്‌സ്’ മേള

wetex

ദുബായ് ∙ ജല, വൈദ്യുതി, പരിസ്‌ഥിതി മേള–വെറ്റെക്‌സ് 2016 അടുത്തമാസം നാലുമുതൽ ആറുവരെ രാജ്യാന്തര കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യമന്ത്രിയുമായ ഷെയ്‌ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) നടത്തുന്ന രാജ്യാന്തര മേളയിൽ 46 രാജ്യങ്ങളിൽനിന്നുള്ള 1900 പ്രദർശകർ പങ്കെടുക്കും. കഴിഞ്ഞവർഷം 1696 പ്രദർശകർ ആയിരുന്നു–12% വർധന.

ഊർജ–ജല മേഖലയെയും ഹരിത സമ്പദ്‌വ്യവസ്‌ഥയെയും കുറിച്ചുള്ള നൂതന ആശയങ്ങൾ പങ്കുവയ്‌ക്കാനും സോളർ സാങ്കേതികവിദ്യയുടെ സാധ്യതകൾ വിലയിരുത്താനും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന മേളയിൽ രാജ്യാന്തര വിദഗ്‌ധർ, പ്രമുഖ കമ്പനിയുടമകൾ, നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കുമെന്നു ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. മേളയോടനുബന്ധിച്ച് ഇതാദ്യമായി ദുബായ് സോളർഷോ സംഘടിപ്പിക്കും.

പുതിയ സഹകരണങ്ങൾക്കും കരാറുകൾക്കും മേളയിൽ ധാരണയാകും. 23,000ൽ ഏറെ സന്ദർശകർ എത്തുമെന്നു പ്രതീക്ഷിക്കുന്നു. വിവിധ സർവകലാശാലകളും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഊർജമേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു ചർച്ചകളും ശിൽപശാലകളും ഉണ്ടായിരിക്കും. വിദ്യാർഥികൾക്കായി വിവിധ മൽസര പരിപാടികൾ സംഘടിപ്പിക്കും. സംശുദ്ധ ഊർജ ഉൽപാദനം, മാലിന്യസംസ്‌കരണം തുടങ്ങിയവയെക്കുറിച്ചുള്ള പുതിയ കർമപരിപാടികൾക്കു രൂപം നൽകും.

29 സർക്കാർ സ്‌ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 18 ദേശീയ പവിലിയനുകൾ ഉണ്ടാകും. ലോകത്തിലെ ഏറ്റവുംവലിയ സൗരോർജപദ്ധതിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം സോളർ പാർക്കിന്റെ പവിലിയൻ മേളയിലുണ്ടാകും. പാർക്കിലെ പദ്ധതികളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും വിദഗ്‌ധർ വിശദീകരിക്കും. ഹരിത ഊർജം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള യുഎഇയുടെ പദ്ധതികളുമായി ലോകരാജ്യങ്ങൾ സഹകരിക്കുന്നു. ഈ രംഗത്തു ബഹുദൂരം മുന്നേറാൻ യുഎഇക്കു കഴിഞ്ഞു.

നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും സ്വന്തമായി വികസിപ്പിക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു. ഹരിതമേഖലകൾ വ്യാപിപ്പിക്കുന്നതിനൊപ്പം പരിസ്‌ഥിതി സൗഹൃദ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഹരിത ഊർജം എന്ന ആശയത്തെക്കുറിച്ചു വ്യാപക ബോധവൽക്കരണത്തിന് ഇത്തരമൊരു പരിപാടി സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി. ഐടി കമ്മിറ്റി ചെയർമാൻ മർവാൻ ബിൻ ഹൈദർ, വിവിധ കമ്മിറ്റി ഭാരവാഹികളായ ഡോ.യൂസഫ് അൽ അക്‌രാഫ്, വലീദ് സൽമാൻ, ഖൗല അൽ മെഹൈരി, ജാസിം റജബ് എന്നിവരും പങ്കെടുത്തു.

ഓരോ കുതിപ്പും ചെലവ് കുറയ്‌ക്കും

സൗരോർജ രംഗത്ത് എത്രമാത്രം മുന്നോട്ടുപോകുന്നുവോ അത്രമാത്രം ഉൽപാദന ചെലവു കുറയ്‌ക്കാനാകുമെന്നു സഈദ് മുഹമ്മദ് അൽ തായർ. ഊർജക്ഷാമത്തിനുള്ള ശ്വാശ്വത പരിഹാരമാണ് സോളർ പദ്ധതികൾ. കുറഞ്ഞ അറ്റകുറ്റപ്പണിയോടെ ദീർഘകാലം ഉപയോഗിക്കാനാകുമെന്നതാണു മറ്റൊരു പ്രത്യേകത. ഹരിതോർജ ഉൽപാദനം, ശാസ്‌ത്രീയ വിതരണ സംവിധാനം, മാലിന്യസംസ്‌കരണം എന്നീ മേഖലകളിൽ യുഎഇയുടെ അറിവുകൾ ഇതര ഗൾഫ് രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും പിന്തുടരുകയാണ്.

2020 ആകുമ്പോൾ ദുബായ്‌ക്ക് ആവശ്യമായ മൊത്തം ഊർജത്തിന്റെ 7% സംശുദ്ധ പദ്ധതിയിൽനിന്നാകും. 2030ൽ25%, 2050ൽ 75% എന്നിങ്ങനെയും. ഊർജം, ജലശുദ്ധീകരണം, ചെറുകിട പദ്ധതികൾ, നൂതന യന്ത്രഘടകങ്ങൾ വികസിപ്പിക്കൽ എന്നീ മേഖലകളിലെ മന്നേറ്റം ലക്ഷ്യമിട്ടുള്ള വിവരാധിഷ്‌ഠിത സമ്പദ്‌വ്യവസ്‌ഥയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ വെറ്റെക്‌സിനു കഴിയും. ഹരിതപാർപ്പിട മേഖലകൾ വ്യാപകമാക്കാനുള്ള ബൃഹദ് സംരംഭങ്ങളുമായി ദുബായ് മുന്നോട്ടു പോകുകയാണ്.

മുഹമ്മദ്‌ബിൻ റാഷിദ്‌ അൽമക്‌തൂം സോളർ പാർക്കിനോടനുബന്ധിച്ചുള്ള ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. പ്രതിദിനം 50 ഘനമീറ്റർ കുടിവെള്ളം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് ആണിത്. നൂതന ഫോട്ടോ വോൾട്ടെയ്‌ക് പാനലുകൾ ഉപയോഗിച്ചാണ് ഇവിടെ ഊർജം ഉൽപാദിപ്പിക്കുന്നത്. ദീവയുടെ കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം സോളർ പാർക്ക് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയാണ്.

വീടുകൾക്കും വ്യവസായ ശാലകൾക്കും ഇനി ‘സൂര്യശോഭ’

എല്ലാ മേഖലകളിലും പാരമ്പര്യേതര ഊർജം പരമാവധി ഉപയോഗപ്പെടുത്തുന്ന സ്‌മാർട് നഗരമാക്കി ദുബായിയെ മാറ്റാൻ ലക്ഷ്യമിടുന്നു. 2020 എക്‌സ്‌പോയോടനുബന്ധിച്ചു പല പദ്ധതികളും പൂർത്തിയാക്കും. വീടുകളിലും മറ്റു പാർപ്പിടകേന്ദ്രങ്ങളിലും വ്യാപാരസ്‌ഥാപനങ്ങളിലും സോളർ പദ്ധതികൾ വ്യാപിപ്പിക്കും. കൃഷിയിടങ്ങളോടനുബന്ധിച്ചും പുതിയ പദ്ധതികൾ തുടങ്ങും. യുഎഇയിലെ കാലാവസ്‌ഥയിൽ അരമണിക്കൂർ കൊണ്ട് സൗരോർജ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫാമുകളുടെ പ്രവർത്തനത്തിനു വേണ്ടിവരുന്ന ഊർജത്തിൽ വലിയൊരുഭാഗം സൗരോർജ പദ്ധതികളിലൂടെ ലഭ്യമാകും. മാലിന്യസംസ്‌കരണത്തിനും ഹീറ്ററുകൾ പ്രവർത്തിപ്പിക്കാനുമെല്ലാം ഇതുവഴി സാധിക്കും. ഇതിനെല്ലാം ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും വൻനിര ആവശ്യമാണ്. സ്വദേശികൾക്കു പുറമെ താമസക്കാർക്കും കൂടുതൽ അവസരങ്ങൾ ലഭിക്കും.

സോളർ സംരംഭങ്ങൾക്കുള്ള പരിശീലനകേന്ദ്രങ്ങൾ ദുബായിൽ ആരംഭിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. ഏകീകൃതസംവിധാനവുമായി ബന്ധിപ്പിച്ച് 500 സബ്‌സ്‌റ്റേഷനുകൾ ദുബായിൽ സജ്‌ജമാക്കും. കൂടുതൽ സ്‌റ്റേഷനുകൾ നിർമിക്കുന്നതു പരിഗണനയിലാണ്. ഊർജ–ജല മേഖലയിലെ പഞ്ചവൽസര പദ്ധതിക്കായി ദീവ 6500 കോടി ദിർഹം നിക്ഷേപിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് ക്ലീൻഎനർജി സ്‌ട്രാറ്റജി 2050ന്റെ ഭാഗമായി വിവിധ ഘട്ടങ്ങളായാണു സൗരോർജ പദ്ധതികൾ പൂർത്തിയാക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.