Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌ഫടിക മന്ദിരത്തിൽ അറിവിന്റെ സാമ്രാജ്യം

quran-park ഖുർആൻ പാർക്കിലെ സ്‌ഫടിക മന്ദിരത്തിന്റെ രൂപരേഖ

ദുബായ് ∙ ഖുർആൻ പാർക്കിൽ വിസ്‌മയക്കാഴ്‌ചകളുമായി ‘ഗുഹാലോകവും സ്‌ഫടിക മന്ദിരവും’ വരുന്നു. 10 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന പദ്ധതിക്ക് യുഎഇ ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയും മുനിസിപ്പാലിറ്റി ചെയർമാനുമായ ഷെയ്‌ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അംഗീകാരം നൽകി. വിനോദവും വിജ്‌ഞാനവും സംഗമിക്കുന്ന വേറിട്ട ലോകമാണു ‘കേവ് ആൻഡ് ഗ്ലാസ്‌ഹൗസ്’.

വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കുന്ന ഒട്ടേറെ കാര്യങ്ങളുടെ ശാസ്‌ത്രസത്യങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന വൈജ്‌ഞാനിക ലോകമാണ് ഖുർആൻ പാർക്ക്. വിവിധ ഔഷധസസ്യങ്ങൾ, മരങ്ങൾ, ഇവയുടെ അദ്‌ഭുതകരമായ സാധ്യതകൾ തുടങ്ങിയവ വിശദീകരിക്കുന്ന കാഴ്‌ചകളും മറ്റും ഇവിടെയുണ്ടാകും. വിശുദ്ധ ഖുർആൻ ആധുനിക ശാസ്‌ത്രത്തെ വഴികാട്ടുന്നുവെന്ന സത്യവും ഈ ഹരിതലോകം വിശദീകരിക്കുന്നു.

‘കേവ് ആൻഡ് ഗ്ലാസ്‌ഹൗസ്’ കൂടി ഇവിടെ സജ്‌ജമാകുന്നതോടെ പഠന–ഗവേഷണ–ഉല്ലാസ കേന്ദ്രമായി ഇവിടം മാറുമെന്നു പ്രതീക്ഷിക്കുന്നു. ക്രിയാത്മക ആശയങ്ങളുടെ സൗന്ദര്യലോകമാകും ഖവനീജിൽ 60 ഹെക്‌ടറിലായി വ്യാപിച്ചുകിടക്കുന്ന പാർക്കും അതിലെ നിർമിതികളുമെന്നു മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. വിനോദസഞ്ചാരികൾക്ക് ഉല്ലാസവും അറിവും നൽകുന്ന മേഖലയായി ഇതിനെ മാറ്റുകയാണു ലക്ഷ്യം.

പരിസ്‌ഥിതി സംരക്ഷണത്തോടൊപ്പം ശാസ്‌ത്രസത്യങ്ങളെക്കുറിച്ച് കൂടുതൽ അറിവു ലഭ്യമാകാനും ഇത്തരം കേന്ദ്രങ്ങൾ സഹായകമാകും. പദ്ധതിയുടെ ഭാഗമായി 12 പൂന്തോട്ടങ്ങളാണുണ്ടാകുക. വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കുന്ന സസ്യലതാദികൾ ഇവിടെ വളർത്തും. ഊർജമേകാൻ സോളർ സംവിധാനം. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവും വൈഫൈയും ഉണ്ടാകും.

quran-park-01 വിസ്‌മയക്കാഴ്‌ചകളുള്ള ഗുഹയുടെ രൂപരേഖ

ആകർഷകമായ പ്രവേശന കവാടം, ഭരണനിർവഹണ മന്ദിരങ്ങൾ, കുട്ടികളുടെ കളിസ്‌ഥലങ്ങൾ, ജലധാരകൾ, ഡെസേർട് ഗാർഡൻ, നടക്കാനും ഓടാനും സൈക്കിളിങ്ങിനുമുള്ള പ്രത്യേക ട്രാക്കുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായിരിക്കും. സ്‌ഫടിക മന്ദിരത്തോടനുബന്ധിച്ചു പച്ചില ഔഷധങ്ങളും മറ്റും ലഭിക്കുന്ന കടകൾ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്.

ഔഷധ സസ്യങ്ങളെക്കുറിച്ചും ചികിൽസാവിധികളെക്കുറിച്ചും കൂടുതൽ അറിയാൻ അവസരമൊരുക്കും. വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കുന്ന പല വിസ്‌മയക്കാഴ്‌ചകളുടെയും മാതൃകകൾ പാർക്കിലെ ഗുഹാലോകത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അണിയിച്ചൊരുക്കും. ഇവയെക്കുറിച്ചെല്ലാം സന്ദർശകർക്കു മനസ്സിലാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്‌ഥർക്കായിരിക്കും ഇതിന്റെ ചുമതല. സാംസ്‌കാരിക സദസ്സുകൾ, ക്ലാസുകൾ, ശിൽപശാലകൾ എന്നിവയ്‌ക്ക് ഇവിടം വേദിയാകുകയും ചെയ്യും. ഗവേഷണപദ്ധതികളുടെ കേന്ദ്രമാക്കി മാറ്റാനും ഉദ്ദേശിക്കുന്നു. പുതിയ തലമുറയ്‌ക്കു പരമ്പരാഗത അറിവുകൾ കൈമാറാൻ ഇത്തരം കേന്ദ്രങ്ങൾക്കു കഴിയുമെന്നതും നേട്ടമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.