Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽനിയമം അനുസരിച്ചാവണം വീട്ടുജോലിക്കാരുടെ നിയമനം

job

ദുബായ് ∙ വീട്ടുജോലിക്കാരുടെ കുറ്റകൃത്യങ്ങൾ തടയാൻ അവരെ നിയമിക്കും മുൻപ് തൊഴിൽ നിയമം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിയമവിദഗ്‌ധർ. സ്‌പോൺസറിൽനിന്ന് ഒളിച്ചോടിയെത്തുന്നവർക്കു തൊഴിലും അഭയവും നൽകുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പു നൽകി. വൈദ്യപരിശോധനയ്‌ക്കു മുൻപു ഗാർഹിക ജോലിക്കാർക്കു നിയമനം നൽകുന്നതു ഗുതരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കു വഴിവയ്‌ക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെയും താമസകുടിയേറ്റ വകുപ്പിലെയും വിദഗ്‌ധർ മുന്നറിയിപ്പു നൽകി.

കുറ്റകൃത്യങ്ങളിൽപെട്ടവരെ പരിശോധിക്കാതെ വീടുകളിൽ പ്രവേശനം നൽകുന്നതും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം യുഎഇയിൽ 2.68 ലക്ഷം സ്‌ത്രീകളും പുരുഷൻമാരുമടങ്ങുന്ന ഗാർഹിക തൊഴിലാളികളുണ്ട്. ഇതിൽ ആറ് ശതമാനവും തലസ്‌ഥാന എമിറേറ്റിലാണ്. അബുദാബിയിലെ 23% സ്വദേശി കുടുംബങ്ങളിലും അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു വീട്ടുജോലിക്കാരുണ്ട്. എമിറേറ്റിലെ മൊത്തം താമസക്കാരുടെ 6% ഗാർഹിക ജോലിക്കാരാണ്.

റമസാനു മുൻപ് വീട്ടുജോലിക്കാരുടെ വീസയ്‌ക്കു വേണ്ടിയുള്ള അപേക്ഷകളിൽ 30% വർധനയാണു രാജ്യത്തുണ്ടായത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 5% മാത്രമാണ് ഗാർഹിക തൊഴിലാളികൾ. മറ്റുള്ളവരുടെ സ്‌പോൺസർഷിപ്പിലുള്ളവർക്കു തൊഴിലും താമസവും നൽകിയാൽ അരലക്ഷം ദിർഹമാണു തൊഴിലുടമയ്‌ക്കു പിഴയെന്ന് ആഭ്യന്തര മന്ത്രിയുടെ കാര്യാലയത്തിലെ നിയമവകുപ്പ് തലവൻ കേണൽ സ്വലാഹ് ഉബൈദ് പറഞ്ഞു. വീസാമാറ്റ നിയമങ്ങൾ പാലിക്കാതെ രാജ്യത്തുള്ള ഒരാൾക്കു നിയമനം നൽകുന്നതു കുറ്റകരമാണ്.

വിദേശങ്ങളിൽനിന്നു തൊഴിലാളികളെ കൊണ്ടുവന്നു മറ്റിടങ്ങളിൽ തൊഴിൽ തേടാൻ വിടുന്നവരും ഇതേപ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. വീസ റദ്ദാക്കിയശേഷം രാജ്യം വിടാത്ത വീട്ടുജോലിക്കാരെക്കുറിച്ചു മൂന്നു പരാതികൾ കഴിഞ്ഞ വർഷം ലഭിച്ചതായി ദുബായ് താമസകുടിയേറ്റ വകുപ്പിലെ അസി.ഡയറക്‌ടർ ബ്രിഗേഡിയർ ത്വലാൽ അഹ്‌മദ് അൽശൻഖീത്തി അറിയിച്ചു. വീസ റദ്ദാക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം പൂർത്തിയായി എന്നു കുരുതുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.

ഒരു വീട്ടുജോലിക്കാരിയുടെയോ ജോലിക്കാരന്റെയോ വീസ റദ്ദാക്കിയാൽ വിമാനത്താവളത്തിലെ നിർഗമനയിടം വരെ കൂടെപ്പോയി രാജ്യംവിട്ടെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. പല സ്‌പോൺസർമാരും വിമാനത്താവളത്തിൽ തൊഴിലാളികളെ എത്തിച്ചു തടിതപ്പുകയാണു ചെയ്യുക. പരിധിയിൽ കവിഞ്ഞ ലഗേജുമായി വരുന്നവരുടെ യാത്രാനടപടികൾ പൂർത്തിയാകുംവരെ കാത്തുനിൽക്കാത്ത തൊഴിലുടമകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒളിച്ചോടിയ വീട്ടുജോലിക്കാരിക്കു പകരം ഒരാളെ കൊണ്ടുവരുന്നതു സാമ്പത്തിക ചെലവുള്ളതാണ്. ഇതു മറിടക്കാനാണു മറ്റു മാർഗങ്ങൾ കുടുംബങ്ങൾ അന്വേഷിക്കുന്നത്. തൊഴിൽ റിക്രൂട്ടിങ് ഏജൻസികളെ സമീപിക്കുന്നതിനു പകരം പരിചയക്കാർ മുഖേന, വിശദാംശങ്ങൾ അറിയാത്തവരെ വീട്ടിൽ ജോലിക്കെടുക്കുന്ന പതിവുണ്ട്. ഇവർ കുറ്റകൃതൃങ്ങൾ നടത്തി രക്ഷപ്പെടുമ്പോഴാണ് ഗൗരവം ബോധ്യപ്പെടുകയെന്നും ചൂണ്ടിക്കാട്ടി.

വീസ റദ്ദാക്കിയാൽ രാജ്യം വിട്ടെന്ന് ഉറപ്പാക്കണം

ഗാർഹിക തൊഴിലാളികളുടെ വീസ റദ്ദാക്കിയാൽ അവർ രാജ്യം വിട്ടെന്ന് ഉറപ്പാക്കേണ്ട ബാധ്യത സ്‌പോൺസർക്കുണ്ട്. ഏതെങ്കിലും ഒരു തൊഴിലാളി രാജ്യം വിടാതെ ഒളിച്ചോടിയിട്ടുണ്ടെങ്കിൽ അക്കാര്യം അധികൃതരെ രേഖാമൂലം അറിയിക്കണം. വിമാനത്താളവത്തിലോ വഴിമധ്യേയോ ഒളിച്ചോടുന്നവരുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അധികൃതരെ അക്കാര്യം സ്‌പോൺസർമാർ ഉടൻ അറിയിക്കണം.

ഒളിച്ചോട്ടം രേഖാമൂലം പരാതിപ്പെടുന്നതിൽ വീഴ്‌ചവരുത്തുന്നതു നിയമംഘനമാണ്. ഒളിച്ചോടിയവർ മറ്റൊരിടത്തു സുരക്ഷിതമായി കഴിയുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്‌താൽ അതിന്റെ ഉത്തരവാദിത്തം സ്‌പോൺസർക്കു കൂടിയായിരിക്കും. താമസകുടിയേറ്റ വകുപ്പ്, മാനവവിഭവശേഷി–സ്വദേശി വൽക്കരണ മന്ത്രാലയ കാര്യാലയങ്ങൾ, തൊട്ടടുത്ത പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലാണു തൊഴിലാളികളുടെ ഒളിച്ചോട്ടത്തെക്കുറിച്ചു പരാതിപ്പെടേണ്ടത്.

ദുബായ് താമസ കുടിയേറ്റ വകുപ്പിൽ ഇക്കൊല്ലം സ്‌പോൺസറും ജീവനക്കാരും തമ്മിലുള്ള 988 പരാതികളാണ് എത്തിയത്. ഇതിൽ 245 പരാതികളും തൊഴിലാളികളുടെ ഒളിച്ചോട്ടം സംബന്ധിച്ചായിരുന്നു. പാസ്‌പോർട്ട് പിടിച്ചുവയ്‌ക്കുക, വീസ റദ്ദാക്കൽ തുടങ്ങിയ പ്രശ്‌നങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.