Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിദിനങ്ങളിൽ അജ്മാനിൽ അനധികൃത കച്ചവടക്കാർ വാരിയത് ലക്ഷങ്ങൾ

vendors അജ്മാൻ വ്യവസായ മേഖലയായ ജർഫിലെ ലക്കി റൗണ്ടെബൗട്ടിനടുത്ത് പെരുനാൾ അവധി ദിനങ്ങളിൽ നടന്ന അനധികൃത വ്യാപാരം.

അജ്മാൻ∙ ബലി പെരുനാൾ അവധിയുടെ മറവിൽ അജ്മാനിൽ അനധികൃത കച്ചവടം തകൃതിയായി നടന്നു. ലക്ഷങ്ങളാണ് തെരുവോര കച്ചവട മാഫിയയുടെ കീശയിലായത്. അജ്മാൻ വ്യവസായ മേഖലയിലെ ലക്കി റൗണ്ടെബൗട്ടിനടുത്തെ പാതയോരങ്ങളിലാണ് അഞ്ച് ദിവസങ്ങളിൽ സാധനങ്ങൾ കൂട്ടിയിട്ട് വിൽപന പൊടിപൊടിച്ചത്. വിവിധ വ്യവസായ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന മാഫിയാ സംഘമാണ് ഇതിന് പിന്നിൽ. വിൽപന നടത്തുന്നവരിൽ ഭൂരിഭാഗവും തൊഴിലാളികളായ ബംഗ്ലാദേശ് സ്വദേശികളാണെങ്കിൽ ഇവർക്ക് സാധനങ്ങൾ എത്തിച്ചുകൊടുത്തത് പാക്കിസ്ഥാനികളായിരുന്നു.

മുനിസിപ്പാലിറ്റി അധികൃതരോ, പൊലീസോ വരുന്നുണ്ടോ എന്ന് നോക്കാൻ സംഘാംഗങ്ങൾ കാവൽ നിൽക്കുകയും ചെയ്തു. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ് ഉത്‍പന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയായിരുന്നു വിൽപനയ്ക്ക് വച്ച സാധനങ്ങൾ. വ്യാജ ഉൽപന്നങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് വിപണിയിലേതിനേക്കാൾ അഞ്ചും പത്തും ദിർഹം കുറവിന് വിറ്റാണ് ഉപയോക്താക്കളെ ആകർഷിച്ചത്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവരുടെ ഇരകൾ.                      
നേരത്തെ, വാരാന്ത്യങ്ങളിൽ വ്യവസായ മേഖലയിലെ ഉൾപ്രദേശങ്ങളിൽ മാത്രം രൂപപ്പെട്ടിരുന്ന അനധികൃത വിപണി പെരുനാൾ അവധി ദിനങ്ങളിൽ കുറച്ചുകൂടി തുറസ്സായ സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച കച്ചവടം രാത്രി വൈകുവോളം തുടർന്നു. ആയിരക്കണക്കിന് ദിർഹമാണ് പലരും ഇൗ ദിവസങ്ങളിലെ വ്യാപാരത്തിലൂടെ കീശയിലാക്കിയത്. എന്നാൽ, കൂലിവാങ്ങി ജോലി ചെയ്ത വിൽപനക്കാർക്ക് തുച്ഛമായ കാശ് മാത്രമേ ലഭിച്ചുള്ളൂ.

ലാഭത്തിൻ്റെ സിംഹഭാഗവും കൈക്കലാക്കിയത് മാഫിയാ സംഘമാണ്. ഒന്നോ രണ്ടോ പ്രാവശ്യമിട്ട് അലക്കിയാൽ നശിച്ചുപോകുന്ന തരം നിലവാരം താണ ഉത്പന്നങ്ങളായിരുന്നു ഇവിടെ കൊള്ള ലാഭത്തിന് വിൽപന നടത്തിയത്. തിരക്കേറിയ   തെരുവോരത്ത് കൂട്ടിയിട്ടായിരുന്നു വിൽപന എന്നതിനാൽ, റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയർന്ന പൊടിപടലങ്ങൾ സാധനങ്ങളിൽ വീഴുകയും ചെയ്തു. എന്നാൽ, ഇതൊന്നും ആവശ്യക്കാർ കാര്യമാക്കാത്തതിനാൽ വിൽപന വൻ തോതിൽ നടന്നു.

തൊഴിലാളികളിൽ മിക്കവരും വസ്ത്രങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും നാട്ടിലേയ്ക്ക് ഡോർ ടു ഡോർ കാർഗോ വഴി അയക്കുകയാണ് ചെയ്യുന്നത്. ഒരാഴ്ച കഴിയും മുൻപേ ഇത്തരം സാധനങ്ങൾ ചീത്തയാകുന്നതായി നാട്ടിൽ നിന്ന് പരാതിയെത്തുന്നുവെന്ന് നേരത്തെ പറ്റിക്കപ്പെട്ട തൊഴിലാളികളിലൊരാൾ മനോരമയോട് പറ​ഞ്ഞു.

വാരാന്ത്യങ്ങളിൽ വിവിധ വ്യവസായ മേഖലകളിലായി നടക്കുന്ന അനധികൃത ചന്തകളിൽ വസ്ത്രങ്ങളും പാദരക്ഷകളും ഇലക്ട്രോണിക്സ് സാധനങ്ങളും കൂടാതെ, ഭക്ഷ്യവസ്തുക്കളും വിൽപന നടത്തുന്നു. കാലപ്പഴക്കം ചെന്ന കോഴിയിറച്ചി അടക്കമുള്ളവ വാങ്ങി കഴിക്കുന്ന തൊഴിലാളികളിൽ ഒട്ടേറെ പേർ അസുഖ ബാധിതരായിട്ടുണ്ട്. പണം ലാഭിക്കാൻ വേണ്ടി ഗുണമേന്മ ഒട്ടുമില്ലാത്ത സാധനങ്ങൾ വാങ്ങിക്കഴിക്കുന്നവർക്ക് പിന്നീട് ആശുപത്രിയിൽ വൻതുകയാണ് ചെലവഴിക്കേണ്ടി വരുന്നത്.

ഇത്തരം കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ മിന്നൽ പരിശോധന നടത്തി സാധനങ്ങൾ നശിപ്പിക്കാറുണ്ടെങ്കിലും വൈകാതെ സംഘം വീണ്ടുമെത്തുന്നു. സാധനങ്ങൾ എത്ര നഷ്ടപ്പെട്ടാലും മാഫിയാ സംഘത്തിന് ഒരൊറ്റ ദിവസം കൊണ്ട് ലഭിക്കുന്നത് ആയിരങ്ങളാണ്. അടുത്തിടെ ഷാർജ  നഗരസഭ നടത്തിയ പരിശോധനയില്‍ 42 വഴിവാണഭക്കാര്‍ പിടിയിലായിരുന്നു. വിവിധ ഘട്ടങ്ങളിലായി മൂന്നു ദിവസം നീണ്ടുനിന്ന മിന്നല്‍ പരിശോധനയിലാണു അനധികൃത കച്ചവടക്കാര്‍ അറസ്റ്റിലായത്. ഭക്ഷൃവസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി  മൂന്നു ടണ്‍ സാധനങ്ങളാണു ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

മുനിസിപ്പാലിറ്റിയിലെ 30 ഉദേൃാഗസ്ഥരും അവരെ സഹായിക്കാന്‍ 20 തൊഴിലാളികളും പരിശോധനയ്ക്കുണ്ടായിരുന്നു. നാഗരിക സമൂഹത്തിനു യോജിക്കാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനജീവിതം തകരാറാക്കുകയും അവരുടെ ആരോഗൃത്തിനു ഹാനികരമായി ഭവിക്കുകയും ചെയ്യുന്ന ഭക്ഷൃവസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയും.

Your Rating: